മലപ്പുറം : സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ മെട്രോമാൻ ഇ ശ്രീധരനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. സജീവ രാഷ്ട്രീയത്തിൽ നിന്ന് മാത്രമേ അദ്ദേഹം മാറുന്നുള്ളൂവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ശിഷ്ടകാലം ബിജെപിക്കൊപ്പം ശ്രീധരൻ ഉണ്ടാകും. ശ്രീധരൻറെ നിർദേശമനുസരിച്ചുള്ള തിരുത്തലുകൾ പാർട്ടിയിൽ നടന്നുവരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പൊന്നാനിയിലെ വീട്ടിലെത്തി ശ്രീധരനെ നേരിൽ കണ്ട ശേഷമാണ് കെ സുരേന്ദ്രൻ പ്രതികരണം നടത്തിയത്. ‘ബിജെപിയിൽ പ്രതീക്ഷയുള്ളതായി ശ്രീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ പാർട്ടിക്ക് വിലപ്പെട്ടതായതിനാൽ ആ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ പാർട്ടിയിൽ തുടരുകയാണ്’ – എന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള നീക്കത്തെ എതിർത്ത സിപിഎമ്മിനെയും മുസ്ലീം ലീഗിനെയും സുരേന്ദ്രൻ വിമർശിച്ചു. സിപിഎമ്മും ലീഗും ജമാഅത്തെ ഇസ്ലാമിക്കൊപ്പം ചേർന്ന് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള നീക്കത്തെ എതിർക്കുകയാണ്. സിപിഎം പിന്തുടരുന്നത് താലിബാനിസമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിളാ അസോസിയേഷനായെന്നും സുരേന്ദ്രൻ പരിഹസിച്ചു.

സജീവ രാഷ്രീയം വിട്ടെന്ന് കഴിഞ്ഞ ദിവസമാണ് ഇ ശ്രീധരൻ വ്യക്തമാക്കിയത്. താൻ രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് ബിജെപിയ്ക്ക് നല്ല കാലമായിരുന്നെന്നും പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

‘തന്റെ തീരുമാനത്തിന് രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് അർഥമില്ല. തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ നിരാശയുണ്ടായിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു നിരാശയുമില്ല. ഒരാൾ എംഎൽഎ ആയി വന്നതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. അധികാരം കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് വലിയ നിരാശയില്ല ഇപ്പോൾ. സജീവമായിട്ട് ഇനി ഉണ്ടാകില്ല. ആ കാലം കഴിഞ്ഞു. സജീവമായി പ്രവർത്തിക്കാനുള്ള മോഹമില്ല. പലർക്കും അറിയില്ല, എൻറെ വയസ് 90 ആയി. തൊണ്ണൂറാം വയസിൽ രാഷ്ട്രീയത്തിലേക്ക് കടന്ന് ചെല്ലുന്നത് അപകടമായ സ്ഥിതിയാണ്’ – എന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here