ന്യൂ ഡൽഹി: ഒമിക്രോൺ വ്യാപന തീവ്രത കൂടിയാൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നൽകി വിദഗ്ധർ. എന്നാൽ രണ്ടാം തരംഗത്തിൻറെയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് ദേശീയ കൊവിഡ്  19 സൂപ്പർ മോഡൽ കമ്മിറ്റിയിലെ വിദഗ്ധർ വ്യക്തമാക്കിയത്.  നിലവിൽ 54 കോടിയിലേറെ പേർ രണ്ട് ഡോസ് വാക്‌സീനും 82 കോടിയലിധം പേർ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാൽ പ്രതിരോധം കൂടുതൽ മികച്ചതാകുമെന്നാണ് വിലയിരുത്തൽ. വാക്‌സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രാജ്യത്താകമാനമായി ഒമിക്രോൺ രോഗബാധയേറ്റവരുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്താകെയായി നൂറ്റിനാൽപതിലേറെ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രലയത്തിൻറെ കണക്ക്. 24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി ഇന്നലെ 21 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ എട്ടുപേർക്കാണ് പുതിയതായി ഒമിക്രോൺ  സ്ഥിരീകരിച്ചത്. എട്ടു പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ ബാധിതർ 48 ആയി. തെലങ്കാനയിൽ 13 പേർക്ക് കൂടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഹൈദരാബാദിൽ എത്തിവരാണ് എല്ലാവരും. ഇതോടെ തെലങ്കാനയിൽ ഒമിക്രോൺ ബാധിതർ 20 ആയി.

കേരളത്തിലാകട്ടെ 4 പേർക്ക് കൂടി ഒമിക്രോൺ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 11 രോഗബാധിതരായി. സംസ്ഥാനത്ത് 4 പേർക്ക് കൂടി കൊവിഡ് 19 ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 11 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും, മലപ്പുറത്തെത്തിയ മറ്റൊരാൾക്കും , തൃശൂർ സ്വദേശിനിക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here