ആലപ്പുഴ: ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കായി വീട്ടിൽ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരത്തിന്റെ ഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്.

നേരത്തെ ഒബിസി മോർച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ. ഇദ്ദേഹത്തിന് നാൽപ്പത് വയസായിരുന്നു.  ആലപ്പുഴ കോടതിയിൽ അഭിഭാഷകനാണ്. അടുത്തിടെ രൂപീകരിച്ച ഒബിസി സംസ്ഥാന കമ്മിറ്റിയിലാണ് ഇദ്ദേഹം സെക്രട്ടറിയായത്. നേരത്തെ ബിജെപിക്കായി നിയമസഭ തെരഞ്ഞെടുപ്പിൽ രഞ്ജിത്ത് ശ്രീനിവാസൻ മത്സരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. ഇതിൻറെ പ്രതികാരം എന്ന നിലയിൽ ആയിരിക്കാം ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിൽ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിൻറെ പ്രഥമിക നിഗമനം. അതേ സമയം ആലപ്പുഴയെ നടുക്കി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഇത് ജില്ലയിലെ ക്രമസമാധാന നിലയെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും ഉണ്ട്.

പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിൻറെ അന്വേഷണം പുരോഗമിക്കുന്നത്. അതേ സമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻറെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴയിൽ രണ്ട് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here