ആലപ്പുഴ: കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം  നാളത്തേക്ക് മാറ്റി. വൈകുന്നേരത്തോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കൈമാറുമെന്നായിരുന്നു പൊലീസ്  രഞ്ജിത്തിന്റെ ബന്ധുക്കളേയും ബിജെപി  നേതാക്കളെയും അറിയിച്ചിരുന്നത്.

ആർടിപിസിആർ പരിശോധന ഫലം കിട്ടാൻ വൈകിയതോടെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും വൈകുകയായിരുന്നു. രാത്രി പോസ്റ്റ് മോർട്ടം നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും നാളെ രാവിലെ പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കി ശരീരം വിട്ടുനൽകുമെന്നുമാണ് പൊലീസ് ഇപ്പോൾ അറിയിക്കുന്നത്.

സംസ്‌കാരം വൈകിക്കാൻ പൊലീസ് ശ്രമിച്ചെന്നും ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മൃതദേഹത്തോടുള്ള അനാദരവാണ് ഇതെന്നും ബിജെപി പറയുന്നു. നിലവിലെ സാഹചര്യത്തിൽ പൊലീസുമായി ഏറ്റുമുട്ടേണ്ട എന്നാണ് ബിജെപി തീരുമാനം. പക്ഷേ സംസ്‌കാരം ഇന്ന് നടക്കാതിരിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണ് പൊലീസ് നടത്തിയതെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ശരീരം വിട്ടുകിട്ടിയാൽ നാളെ വീട്ടിൽ വച്ച് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കാനാണ് തീരുമാനം. രാവിലെ 9.30ന് വിലാപയാത്ര തുടങ്ങും. ആലപ്പുഴയിൽ പൊതു ദർശനം ഉണ്ടാകും. ഇതിന് ശേഷമായിരിക്കും ആറാട്ടുപുഴയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകുക.

രഞ്ജിത് ശ്രീനിവാസനെ വധിക്കാൻ കൊലയാളി സംഘം ബൈക്കുകളിൽ എത്തുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ജില്ലയിൽ രണ്ടു ദിവസം
നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ആലപ്പുഴയിൽ മന്ത്രിമാർ പങ്കെടുക്കുന്ന സർവകക്ഷി സമാധാനയോഗം വിളിച്ചിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here