രാജേഷ് തില്ലങ്കേരി

2021 നമ്മോട് വിടപറയുകയാണ്. കൊവിഡ് 19 എന്ന മഹാമാരിയുടെ രണ്ടാം തരംഗത്തിൽ അകപ്പെട്ട് ലോകം മുഴുവൻ സ്തംഭിച്ചുപോയ ഒരു വർഷം. മനുഷ്യരാശി ഏറെ കരുതലോടെ മുന്നേറിയ വർഷം കൂടിയായിരുന്നു ഇത്. നിരവധി മനുഷ്യാത്മാക്കൾ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. തുടർച്ചയായ അടച്ചിടൽ കാരണം ജീവിതം വഴിമുട്ടിയവർ വേറെ. വ്യവസായം തകർന്നവർ, കൃഷിനാശം സംഭവിച്ചവർ എന്നിങ്ങനെ ദുരിതങ്ങളുടെ പട്ടിക വേറെയുമുണ്ട്. പ്രകൃതി ദുരന്തങ്ങളും, ജനതയുടെ ജീവിതത്തെ ഏറെ വലച്ച വർഷവുമായിരുന്നു ഇത്.



കൊറോണയെ പ്രതിരോധിക്കുന്നതിനായി പ്രതിരോധ മരുന്ന് കണ്ടെത്തിയ വർഷവും 2021 ആണ്. ഏറെ വിവാദങ്ങൾക്കൊടുവിൽ രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനം കൈക്കൊണ്ടു. കേരളം വാക്‌സിനേഷന് ഫണ്ട് കണ്ടെത്താൻ വാക്‌സിൻ ചലഞ്ച് നടത്തി പണം സ്വരൂപിച്ചതും വലിയ ശ്രദ്ധേയമായി.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ സമരം അവസാനിച്ച വർഷവും കൂടിയാണ് 2021. രാജ്യത്തെ കർഷകർ ഏതാണ്ട് ഒരു വർഷക്കാലം നീണ്ട സമരം നയിച്ച് വിജയം കൈവരിച്ചതും ഈ വർഷത്തെ വേറിട്ടതാക്കി. അവകാശ സമരത്തെ അടിച്ചമർത്താനായി സർക്കാരിന്റെ എല്ലാ അടവുകളും പയറ്റിയിട്ടും കർഷകരുടെ ചെറുത്തു നിൽപ്പിനു മുന്നിൽ മോദി സർക്കാർ ഒടുവിൽ മുട്ടുകുത്തി. കർഷക വിരുദ്ധ നിലപാടിൽ നിന്നും സർക്കാരിന് പിൻവലിയേണ്ടിവന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നതും 2021 ലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമായി.

കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി ഇടത് മുന്നണിക്ക് ഭരണ തുടർച്ച ഉണ്ടായതാണ് പ്രധാന രാഷ്ട്രീയ സംഭവം. തുടർച്ചയായി മുഖ്യമന്ത്രിയാവുന്ന സി പി എം നേതാവായി പിണറായി വിജയനും ചരിത്രത്തിൽ ഇടം പിടിച്ചു. കേരളത്തിലെ കോൺഗ്രസിന് ഏറ്റവും രാഷ്ട്രീയ തിരിച്ചടിയായി അത് മാറുകയായിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുണ്ടായിരുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയെ രണ്ടാം തവണ മന്ത്രിയാക്കാതിരുന്നതും കേരളം ഏറെ പ്രധാന്യത്തോടെ ചർച്ച ചെയ്തു.

ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിലുണ്ടായ തലമുറമാറ്റവും, പ്രതിപക്ഷ നേതാവായി വി ഡി സതീശൻ, കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് എത്തിയ കെ സുധാകരൻ എന്നിവവരും പോയവർഷം വാർത്തകൾ സൃഷ്ടിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് കെ സുധാകരനും തമ്മിലുണ്ടായ ബ്രണ്ണൻ വിവാദമാണ് 2021ലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ വിവാദം.
ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ വിവാദങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. വിവാദമായ കടൽ വിൽപ്പന,

കേരളം ഏറെ ചർച്ച ചെയ്ത പാലാബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് വിഷയം,  ഹലാൽ വിവാദം തുടങ്ങിയവയും  വിവാദങ്ങൾക്ക് കൂടുതൽ ചൂടു പകർന്നു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ആദ്യ ദിനങ്ങളിൽ ഉയർന്ന വിവാദമാണ് മുട്ടിൽ മരം മുറി കേസ്. കോടികൾ വിലമതിക്കുന്ന തേക്കും, ഈട്ടിയും അടക്കം വിവാദ ഉത്തരവിന്റെ മറവിൽ വെട്ടിക്കടത്തിയ സംഭവം ഏറെ രാഷ്ട്രീയ പ്രതികരണങ്ങൾക്ക് വഴിവച്ചു. വനംവകുപ്പ് മന്ത്രിയും, മുൻ റവന്യൂമന്ത്രിയും വനംകൊള്ളക്കാർക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നായിരുന്ന ഉയർന്ന ആരോപണം. അഗസ്റ്റിൻ സഹോദരങ്ങൾ നടത്തിയ മരം കൊള്ളയിൽ ഇടത് സർക്കാരിന് വലിയ പ്രതിച്ഛായനഷ്ടമാണ് ഉണ്ടായത്.
വനം മന്ത്രി എ കെ ശശീന്ദ്രൻ വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടതും സർക്കാരിന് തിരിച്ചടിയുണ്ടായി.

കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു വിവാദം കൊടകര കുഴൽപണ കേസായിരുന്നു. ബി ജെ പിയെ ആകെ പ്രതിരോധത്തിലാക്കിയ കുഴൽപണ വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണം ബി ജെ പിക്ക് വലിയ തിരിച്ചടിയായി. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിറകെയാണ് കുഴൽപണ വിവാദം, മഞ്ചേശ്വരത്തെ അപരനായ സുന്ദരയ്ക്ക് കോഴനൽകിയതും, വയനാട്ടിൽ സി കെ ജാനുവിനെ സ്ഥാനാർത്ഥിയാക്കാനായി പണം നൽകിയെന്ന വിവാദവും എല്ലാം കെ സുരേന്ദ്രനെതിരെ തിരിഞ്ഞത്. സംസ്ഥാന ഭരണം പിടിക്കുമെന്ന് പ്രഖ്യാപനം നടത്തിയതും മെട്രോമാൻ ഇ ശ്രീധരനെ മുഖ്യമന്ത്രിയായി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും സുരേന്ദ്രനെതിരെ ബി ജെ പിയിൽ തന്നെ കലാപകൊടി ഉയർന്നു.
നേമം ഗുജറാത്തുപോലെയാണെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയും വിവാദമായി. ആകെയുണ്ടായിരുന്ന നേമം സീറ്റും നഷ്ടപ്പെട്ട് ബി ജെ പി കേരളത്തിൽ സംപൂജ്യരായിമാറി.

പാലായിൽ ജോസ് കെ മാണിയുടെ തോൽവിയാണ് 2021 ൽ രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെ ചർച്ച ചെയ്തത്. യു ഡി എഫ് വിട്ട് കേരളാ കോൺഗ്രസ് എം എൽ ഡി എഫിൽ ചേക്കേറി, എൽ ഡി എഫിന് ഭരണ തുടർച്ചയുണ്ടായെങ്കിലും ജോസ് കെ മാണിയുടെ പരാജയം വലിയ തിരിച്ചടിയായി. ജയിച്ചുകയറി മന്ത്രിയാവാനായി ഉപേക്ഷിച്ച ജോസ് കെ മാണി വീണ്ടും രാജ്യസഭാ അംഗത്വത്തിലേക്ക് തിരികെയെത്തി.
മുഖ്യമന്ത്രിയാവാനുള്ള രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷനേതാവിന്റെ സ്ഥാനം നഷ്ടപ്പെട്ടതും, ഭരണത്തിൽ ഒന്നാമനാവാനായി കേരള രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിയ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പാളയത്തിൽ തന്നെ പടയുണ്ടായതും 2021 ലെ പ്രധാന രാഷ്ട്രീയ സംഭവങ്ങൾ.

കോൺഗ്രസിലെ പുനസംഘടനയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടറ്റത്തായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുതിയ നേതൃത്വത്തിനെതിരെ കൈകോർത്തു. പരാതികളുമായി വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഹൈക്കമാന്റിന് മുന്നിൽ. കെ സുധാകരനെയും വി ഡി സതീശനെയും അംഗീകരിക്കാത്ത നേതാക്കൾ ഒരു പക്ഷത്തുമായി നിലയുറപ്പിച്ചു. ഡി സി സി പുനസംഘടനയും ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിഷേധങ്ങളും പരസ്യപ്രതികരണവുമൊക്കെയായി കോൺഗ്രസ് നേതാക്കൾ നിൽക്കുമ്പോഴും പാർട്ടിയെ സെമി കേഡറാക്കാനുള്ള തീവ്രശ്രമത്തിലാണ് കെ സുധാകരൻ. സ്ഥാനമാനങ്ങൾ കിട്ടാത്തതിനെ തുടർന്നുള്ള കൂടുമാറ്റവും കേരളത്തിൽ ഏറെ സജീവമായിരുന്നു ഈ വർഷം.
മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ കോൺഗ്രസ് വിട്ട് എൻ സി പി സംസ്ഥാന അധ്യക്ഷനായി. മുൻ കെ പി സി സി ജന.സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ സി പി എമ്മിൽ ചേർന്നതും, സി പി എം സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയതും 2021 ലെ പ്രധാന രാഷ്ട്രീയ നീക്കങ്ങളായിരുന്നു.

കിറ്റെക്‌സിന്റെ സംസ്ഥാനം വിടൽ പ്രഖ്യാപനം വ്യവസായ മേഖലയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ റെയിഡും മറ്റും കാരണമാണ് കേരളം വിടാനുള്ള തീരുമാനമെന്ന കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ്ബിന്റെ പ്രഖ്യാപനം സംസ്ഥാനത്തിന് വൻതിരിച്ചടിയായി. കിറ്റെക്‌സിനെ വിവിധ സംസ്ഥാനങ്ങൾ  അവരുടെ സംസ്ഥാനത്തേക്ക് ക്ഷണിച്ചതും, ഒടുവിൽ തെലങ്കാന സംസ്ഥാനത്ത് നിക്ഷേപം നടത്താൻ കിറ്റെക്‌സ് തീരുമാനമെടുത്തതും കേരളം ഏറെ ചൂടോടെയാണ് ചർച്ച ചെയ്തത്.

സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള വിവാദവും ആത്മഹത്യകളും കേരളത്തെ നാണം കെടുത്തിയ വർഷം കൂടിയാണ് കടന്നു പോവുന്നത്. വിസ്മയ കേസ്,
കേരള മനസാക്ഷിയെ ഞെട്ടിച്ചു, സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരെ സമൂഹം ഏറെ കരുതലോടെ നീങ്ങിയ വർഷം കൂടിയായിരുന്നു 2021.

ലക്ഷദ്വീപിനെതിരെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളാണ് മറ്റൊരു പ്രധാന സംഭവം. വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടത്തിയ നീക്കങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായി.

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടിയടക്കമുള്ളവർ പ്രതിചേർക്കപ്പെട്ടതും വിവാദങ്ങൾക്ക് വഴിവച്ചു,
ഗവർണറുമായുള്ള സർക്കാരിന്റെ ഏറ്റുമുട്ടൽ 2021ൽ തുടങ്ങി അടുത്ത വർഷവും തുടരുന്ന വിവാദമായി വളരുകയാണ്.

കെ -റെയിൽ പദ്ധതിയാണ് 2021 ൽ ആരംഭിച്ച് അടുത്ത വർഷം ഏറെ സജീവമാവാൻ പോവുന്ന ഏറ്റവും വലിയ രാഷ്ട്രീയ വിവാദം. കെ -റെയിൽ ഏതുവിധേനയും നടപ്പിലാക്കുമെന്ന ഉറച്ച തീരുമാനവുമായാണ് 2022 ലേക്ക് സർക്കാർ പ്രവേശിക്കുന്നത്.


നഷ്ടങ്ങളുടെ വർഷം കൂടിയായിരുന്നു 2021. രാജ്യം കണ്ട ഏറ്റവും തലമുതിർന്ന കമ്യുണിസ്റ്റ് നേതാവായിരുന്ന കെ ആർ ഗൗരിയമ്മയുടെ വേർപാടായിരുന്നു ഒന്ന്. കേരളാ കോൺഗ്രസ് സ്ഥാപനക നേതാക്കളിൽ ഒരാളായ ആർ ബാലകൃഷ്ണ പിള്ള, കോൺഗ്രസ് നേതാവും തൃക്കാക്കര എം എൽ എയുമായ പി ടി തോമസ്  എന്നിവരും 2021 ന്റെ നഷ്ടമാണ്.

മലയാളത്തിന്റെ പ്രിയനടൻ നെടുമുടിവേണുവിന്റെ വിയോഗവും 2021 ലെ തീരാവേദനയായി. എന്നും ഹൃദയത്തിൽ കൊണ്ടുനടന്ന ഒരു പിടി നല്ലവരികൾ മലയാളത്തിന് നൽകിയ ബിച്ചുതിരുമല, പൂവച്ചൽ ഖാദർ, അനിൽ പനച്ചൂരാൻ തുടങ്ങിയവർ വിടവാങ്ങിയതും 2021ൻ വേദനകളായിരുന്നു.

ചിലരാഷ്ട്രീയ കൊലപാതകങ്ങളും 2021 ൽ കേരളത്തിൽ അരങ്ങേറി. ആലപ്പുഴയിലെ ഇരട്ട കൊലപാതകേസ് മലയാളക്കരയ്ക്ക് തീരാകളങ്കമാണ് ഉണ്ടാക്കിയത്.
ദേശീയതലത്തിൽ കോൺഗ്രസിനുണ്ടായ തിരിച്ചടികൾ, പശ്ചിമബംഗാളിൽ ബി ജെ പിക്കുണ്ടായ തിരിച്ചടി, പഞ്ചാബിലെ ഭരണമാറ്റം, മുൻ മുഖ്യമന്ത്രിയുമായ അമരീന്തർ സിംഗിന്റെ രാജി എന്നിവയും കോൺഗ്രസിനുണ്ടായ തിരിച്ചടികളാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here