തിരുവനന്തപുരം: ഡി.ലിറ്റ് വിഷയത്തിൽ നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പറയാനുള്ള കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞെന്നും, ഇനി ഈ കാര്യത്തിൽ പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

എല്ലാവരും ഭരണഘടനയും, നിയമവും മനസിലാക്കി പ്രതികരിക്കണം. അജ്ഞതയുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ ഓഫീസ് ചർച്ചാ വിഷയമാക്കരുതെന്നും, സർവകലാശാലകൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും ഗവർണർ പറഞ്ഞു.

 

വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ നിർദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാമെന്ന് ഉറപ്പു നൽകിയ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പിൻമാറുകയായിരുന്നുവെന്നാണ് ആരോപണം.

 

വൈസ്ചാൻസലറെ രാജ്ഭവനിൽ വിളിച്ചുവരുത്തി ഡിസംബർ ആദ്യമാണ് ഗവർണർ രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ നിർദ്ദേശിച്ചത്. രാഷ്ട്രത്തലവന് ബഹുമതി നൽകുന്നതിലൂടെ കേരള സർവകലാശാലയുടെ മഹത്വവും പെരുമയും ഉയരുമെന്നായിരുന്നു ഗവർണറുടെ നിലപാട്. സിൻഡിക്കേറ്റ് വിളിച്ച് ഉടൻ അംഗീകരിക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പുനൽകി.

 

ഇതുവിശ്വസിച്ച്, ഓണററി ഡോക്ടറേറ്റ് നൽകാൻ സന്നദ്ധമാണെന്ന് ഗവർണർ രാഷ്ട്രപതി ഭവനെ അറിയിച്ചു. രാഷ്ട്രപതിയെ ഫോണിൽ വിളിച്ചും ഇക്കാര്യമറിയിച്ചു. ഡിസംബർ അവസാനം കേരളത്തിലെത്തുമ്പോൾ തിരുവനന്തപുരത്തെത്താനും സെനറ്റ് ഹാളിലെ പ്രൗഢഗംഭീര ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പരിപാടി ഉൾപ്പെടുത്താനും ശുപാർശ ചെയ്തു. ഇതുപ്രകാരം രാഷ്ട്രപതിയുടെ യാത്ര പുനഃക്രമീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വൈസ് ചാൻസലർ പിന്മാറുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here