രാജേഷ് തില്ലങ്കേരി


2020 കേരള രാഷ്ട്രീയം തിളച്ചുമറിഞ്ഞ വിവാദം, നയതന്ത്ര ബാഗേജിൽ സംസ്ഥാനത്തേക്ക് സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ ഗുരുതര ആരോപണമാണ് അന്ന് ഉയർന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന് സ്വർണം കടത്താനായി എല്ലാ സൗകര്യവും ചെയ്തു കൊടുത്തത് ഈ എം ശിവശങ്കരൻ എന്ന ഐ എ എസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു ആരോപണം. വെറും ആരോപണമൊന്നും ആയിരുന്നില്ല. ചെന്നിത്തലയുടെ ഒറ്റയാൾ പോരാട്ടവും, ഇഡി, കസ്റ്റംസ്, എൻ ഐ എ തുടങ്ങിയ കേന്ദ്ര സംഘങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടവും നടക്കുന്ന കാലം. ശിവശങ്കരന്റെ വീട്ടിനു മുന്നിൽ ഒളിക്കാമറയുമായി മാധ്യമ പരിഷകൾ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന കാലം.
എന്തെല്ലാം ഓർമ്മകളാണ് തികട്ടിവരുന്നത്. പ്രൈസ് വാട്ടർകൂപ്പർ, ഡോളർ കടത്ത്, റെഡ് ക്രസന്റ്, ഹോ…. എല്ലാം തീർന്നു. കൊച്ചിയിലേക്കുള്ള ശിവശങ്കരന്റെ യാത്രകൾ ലൈവ്, കൊച്ചിയിലെത്തിയ ശിവശങ്കരൻ ചോദ്യം ചെയ്യലിന് ശേഷം അഭിഭാഷകനെ കാണാനായി എത്തിയത്. എന്തെല്ലാം കാഴ്ചകളായിരുന്നു നാം കൊറോണയുടെ ഭീകര ദിനങ്ങളിൽ കണ്ടത്. എല്ലാം സത്യമോ ? അതോ മിഥ്യയോ ?

എന്തായാലും ജയിൽ വാസം കഴിഞ്ഞ് തിരികെ എത്തിയ എം ശിവശങ്കരനെ പിണറായി ഒരിക്കലും തിരസ്‌ക്കരിച്ചില്ല, കാരണം, പിണറായിയും കിടന്നിട്ടുണ്ട് ജയിലിൽ അത് അടിയന്തിരാവസ്ഥയുടെ ഭീകരനാളുകളിലായിരുന്നു വെങ്കിൽ, ഇത് സ്വർണക്കടത്തിന്റെ നല്ല നാളുകളിലായിരുന്നു എന്നു മാത്രം.

ആശ്രിതവൽസലനാണ് പിണറായി വിജയൻ എന്ന കേരളത്തിന്റെ മുഖ്യമന്ത്രി, കൂടെ നിന്നവരെ കൂടി ചതിക്കില്ല, എന്നും ഒരു സ്‌നേഹ സ്പർശം കൂടെ ഉണ്ടാവും. അതു തന്നെയാണ് എം ശിവശങ്കരന്റെ കാര്യത്തിലും ഉണ്ടായത്. സ്വർണക്കടത്തിന്റെ ദുരിതകാലത്തുപോലും എം ശിവശങ്കരനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നില്ല, ഒരു വിവാദ സ്ത്രിയുടെ സ്വർണക്കടത്ത് എന്നു മാത്രം അറിയാവുന്ന മുഖ്യമന്ത്രിക്ക് അതിൽ കൂടുതൽ ഒന്നും അറിയുകയുമില്ലായിരുന്നു.


രാത്രികാലത്തെ പാർട്ടി, പ്രൈസ് വാട്ടർ കൂപ്പറിന്റെ കൾസൾട്ടൻസി, സ്വപ്‌നയുടെ ഉന്നത ശമ്പളമുള്ള ജോലി …തുടങ്ങിയവയൊന്നും സത്യത്തിൽ ഈ ശിവശങ്കരന് അറിയുമായിരുന്നോ ആവോ….പാവമീ കൃഷ്ണമൃഗത്തെ വെറുതി വേട്ടയാടിയ കാട്ടാളൻമാരേ… എന്നുമാത്രം പറയാം. എം ശിവശങ്കരന്റെ ചുമതല എന്തായിരിക്കുമെന്നു മാത്രമാണ് ഇപ്പോൾ തീരുമാനം ആവാത്തത്. നല്ല പോസ്റ്റുതന്നെ കൊടുക്കണം സാർ… അത്രയും പോരാട്ടം നടത്തിയതല്ലേ…..

എന്തായാലും സ്വർണക്കടത്തു കേസും, മറ്റു അനുബന്ധ കേസുകളും എല്ലാം ഘട്ടം ഘട്ടമായി ഇല്ലാതാവുകയാണ്. പവനായി ശവമായി എന്നു പറഞ്ഞ അവസ്ഥയിലായി. ആ ഒറ്റയാൾ പോരാളിയായ ചെന്നിത്തല സാർ ഇതൊക്കെ കണ്ട് എങ്ങിനെ സഹിക്കുന്നുവോ ആവോ…..


ഇന്ത്യ മുടിഞ്ഞാലും ശരി, തൃക്കാക്കരയാണെന്റെ സ്വപ്‌നം



മാനുഷരെല്ലാരും ഒന്നു പോലെ ആവണമെന്ന് ആഗ്രഹിച്ച മഹാബലി തമ്പുരാനെ പാതളത്തിലേത്ത് അയച്ചത് തൃക്കാക്കരയിലാണെന്നാണ് പഴമക്കാരുടെ വിശ്വാസം. വാമനനാണ് ആ മഹാപാതകം ചെയ്തത്. മഹാബലിയുടെ സമത്വസുന്ദര സോഷ്യലിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു അങ്ങോരുടെ ഈ പ്രവൃത്തിയെന്നാണ് പിന്നീടു കേട്ടത്.

കാലം എത്രമാറിയിട്ടും തൃക്കാക്കരയെത്തുമ്പോൾ എല്ലാവർക്കുമൊരു ഭയമാണ്. ശരിയാണ് ആ ഭയമാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുവച്ചത്.  

കോൺഗ്രസ് തകർന്നാൽ ആരാണ് ബദൽ എന്ന ചോദ്യമാണ് കോടിയേരി ബാലകൃഷ്ണന് അത്ര പിടിക്കാത്തത്. കോൺഗ്രസ് തകരണമെന്നായിരുന്നല്ലോ ഇടതു പക്ഷം നേരത്തെ പറഞ്ഞിരുന്നത്, അത് തുടരുമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട്., എന്നാൽ അത്രയൊന്നും ഇടുങ്ങിയ മനസിന്റെ ഉടമയൊന്നുമല്ലാത്ത ബിനോയ് വിശ്വം പറയുന്നു കോൺഗ്രസിന് ബദലാവാൻ നുമ്മക്ക് പറ്റില്ലെന്ന്. കോൺഗ്രസ് തകർന്നാൽ അത് ബി ജെ പിയുടെ ആധിപത്യത്തിന് വഴിതെളിയുമെന്നാണ് സഖാവ് ബിനോയ് വിശ്വം ആശങ്കപ്പെട്ടത്. വല്യേട്ടനെ പൊതുവേ ഭയമാണെങ്കിലും ഇക്കാര്യത്തിൽ ബിനോയ് വിശ്വത്തെ അംഗീകരിച്ചിരിക്കയാണ് കാനം രാജേന്ദ്രൻ.


എന്നാൽ തൃക്കാക്കരയിൽ എം എൽ എയായിരുന്ന പി ടി തോമസിന്റെ അകാല വിടവാങ്ങലിനെ തുടർന്ന് അവിടെ ഉപതെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങുകയാണെന്നും ബിനോയ് വിശ്വത്തിന്റെ പ്രസ്താവനം അവർക്ക് ഗുണം ചെയ്യുമെന്നുമാണ് കോടിയേരിയുടെ ന്യായം. കോടിയേരി സി പി എമ്മിന്റെ ദേശീയ ഘടകമായ പൊളിറ്റ്ബ്യൂറോ അംഗമാണ്. ബിനോട് സി പി ഐയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗവും. ദേശീയ നേതാക്കളാണ് ഇരുവരും. എന്നാൽ കോടിയേരിക്ക് പ്രിയം പ്രാദേശിക രാഷ്ട്രീയത്തോടാണ്. അതിനാൽ പ്രാദേശിക പാർട്ടികളുമായുള്ള സംഖ്യത്തിലൂടെ കോൺഗ്രസിന് ഇടത് പക്ഷം ബദലാവാനുള്ള തീവ്രശ്രമത്തിലാണ് കോടിയേരി. ആ ശ്രമത്തിന്റെ ഭാഗമായാണ് മാണിയുടെ കേരളാ കോൺഗ്രസുമായും, ബാലകൃഷ്ണപിള്ളയുടെ കേരളാ കോൺഗ്രസുമായും ആന്റണി രാജുവിന്റെ കേരളാ കോൺഗ്രസുമായും സഖ്യമുണ്ടാക്കിയതത്രേ…. എന്റെ കാറൽ മാർക്‌സ് മുത്തപ്പാ… ഈ കോടിയേരി സഖാവിന് നേർബുദ്ധി തോന്നിക്കണേ….

കുറ്റിപറിക്കുന്ന കോൺഗ്രസുകാർ


കോൺഗ്രസ് സെമികേഡർ ആവുമെന്ന് പറഞ്ഞപ്പോൾ ആരും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഉടുത്ത ഖദറിൽ ചെറിയ ചുളിവുപോലും പറ്റാതെ സൂക്ഷിച്ചിരുന്ന കോൺഗ്രസുകാരോട് കെ പി സി സി അധ്യക്ഷൻ പറയുകയാണ് കെ റിയിലിന്റെ സ്ഥലമേറ്റടുപ്പിനായി സ്ഥാപിച്ചിരിക്കുന്ന കുറ്റികളെല്ലാം പിഴുതെറിയാൻ. 
എന്തൊരു പൊല്ലാപ്പാണിതെന്നായി കോൺഗ്രസുകാരുടെ പ്രതികരണം. നമുക്ക് വേണമെങ്കിൽ ഒരു പ്രതിഷേധ ധർണയോ, കൂടിയാൽ ഒരു മാർച്ചോ നടത്തി പിരിയേണ്ട കേസിൽ കുറ്റി പറിക്കൽ പോലുള്ള അതി കഠിനമായ ജോലികൾ ചെയ്യിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ് പ്രവർത്തകർക്ക് എന്താണ് സെമി കേഡർ എന്നൊക്കെ  മനസിലായി തുടങ്ങിയത്.

ആ ഒറ്റയാൾ പോരാളിയുടെ കാലത്ത് ഇങ്ങനെയൊരു പൊല്ലാപ്പില്ലായിരുന്നു എന്നാണ് കോൺഗ്രസുകാരെട അടക്കം പറച്ചിൽ.


കൊടകര കുഴൽപ്പപണകേസ് ഒത്തുതീർപ്പായ വഴി


കൊടകരയിൽ പിടിച്ച കുഴൽ പണക്കേസിൽ ഇതാ ഇപ്പം പിടിവീണു എന്നു പ്രതീക്ഷിച്ച ബി ജെ പി നേതാക്കളൊക്കെ ഇപ്പോൾ ഏറെ ആശ്വാസത്തിലാണ്. എന്നാൽ എങ്ങിനെയാണ് ബി ജെ പി നേതാക്കൾ ഈ കേസിൽ നിന്നൊക്കെ രക്ഷപ്പെട്ടതെന്നാണ് വി ഡി സതീശന്റെ ചോദ്യം. രമേശ് ചെന്നിത്തലയുടെ ചോദ്യം പോലെയൊന്നുമല്ല വി ഡിയുടെ ചോദ്യം.
കൊടകര കേസ് ഒത്തു തീർപ്പാക്കിയത് കേന്ദ്രമന്ത്രി വി മുരളീധരന്റെ മധ്യസ്ഥയിലാണെന്നാണ് വി ഡി സതീശൻ പറയുന്നത്. ചില കൊടുക്കൽ വാങ്ങലുകൾ പരസ്പരം നടത്തി, ആടിനെ പട്ടിയാക്കി എല്ലാവരും പരസ്പരം രക്ഷപ്പെട്ടു. കഥയറിയാതെ ആട്ടം കണ്ടവർ ഇപ്പോഴും മേൽപ്പോട്ട് നോക്കിയിരിപ്പാണത്രേ….


കെ റെയിലിൽ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയുമായി മുഖ്യൻ

കെ- റെയിൽ വിഷയത്തിൽ ജന പിന്തുണ നേതാനുള്ള അടുത്ത ശ്രമത്തിലാണ് മുഖ്യമന്ത്രി. പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയാണ് മുഖ്യമന്ത്രി നടത്തുന്നത്. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കോൺഗ്രസുകാരോട് പറഞ്ഞെങ്കിലും ചിലരെ പദ്ധതിയെ കുറിച്ച് ബോധ്യപ്പെടുത്തി കൂടെ നിർത്താനുള്ള ശ്രമാണ് ആരംഭിച്ചിരിക്കുന്നത്.
 
പാരിസ്ഥിതിക ആഘാതത്തെ കുറിച്ചുള്ള പഠനം നടത്താൻ തയ്യാറാവാതിരുന്ന സർക്കാർ നിലപാടിൽ ഇടത് സഹയാത്രികരുടെ സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം ഉടക്കിയതോടെയാണ് മുഖ്യൻ ലൈൻ മാറ്റിപ്പിടിച്ചത്.


എന്നിട്ടും വ്യക്തമായില്ല ഗവർണ്ണർ അവർകളേ,

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കയാണ്. മാന്യത പുലർത്തിയില്ലെന്നാണ് ഗവർണറുടെ ആരോപണം. ചാൻസിലർ പദവിയിലേക്ക് ഇല്ലെന്ന ഉറച്ച നിലപാട് ഗവർണർ വീണ്ടും അറിയിച്ചതോടെ  വിഷയം കൂടുതൽ സങ്കീർണമാവുകയാണ്. 
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നാണ് ഗവർണർ പറയുന്നത്. ഭരണഘടനാ വിഷയമാണെന്നും, ചില കാര്യങ്ങളിൽ തത്വങ്ങൽ പാലിക്കപ്പെട്ടില്ലെന്നുമാണ് ഗവർണർ ആരോപിക്കുന്നത്. എന്നാൽ കാര്യങ്ങൾ ആർക്കും വ്യക്തമായില്ലെന്നു മാത്രം. സ്വകാര്യമായാണ്  ഗവർണർ ഇപ്പോഴും വിഷയത്തെ കൈകാര്യം ചെയ്യുന്നത്.


 മുഹമ്മദ് റിയാസ് എന്ന മലബാർ മന്ത്രി


പി എ മുഹമ്മദ് റിയാസിന് ഭയങ്കര റേറ്റിംഗാണെന്നാണ് സി പി എം പറയുന്നത്. എന്നാൽ സി പി എം ഇടുക്കി സമ്മേളന പ്രതിനിധികൾ പറയുന്നു, അങ്ങോര് കേവലം മലബാർ മന്ത്രിമാത്രമാണെന്നാണ്. പദ്ധതികളെല്ലാം മലബാറിന് മാത്രമായി ഒതുക്കുകയാണ് മുഹമ്മദ് റിയാസെന്നും ഇടുക്കി ജില്ലയെ പൂർമായും അവഗണിക്കുകയാണെന്നുമാണ് സമ്മേളന പ്രതിനിധികളുടെ ആരോപണം.

അഭ്യന്തര വകുപ്പിനെതിരെയും സമ്മേളന പ്രതിനിധികൾ ആരോപണം ഉന്നയിച്ചിരുന്നു. അഭ്യന്തര വകുപ്പ് പരാജയമാണെന്നും, വകുപ്പ് ഭരിക്കാൻ ഒരു മന്ത്രിയാണ് വേണ്ടതെന്നുമാണ് പ്രതിനിധികളുടെ ആവശ്യം.


അന്വേഷിച്ച് അന്വേഷിച്ച് പ്രതികളില്ലാതാവുന്ന നടി പീഢന കേസ്



ദേശീയപാതയിൽ വച്ച് നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. 2017 ഫെബ്രുവരി 17 നാണ് സംഭവം നടന്നത്. വർഷം ഏറെയായി. കേസിൽ നടൻ ദിലീപിന് അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസന്വേഷണം നടൻ ദിലീപിലെത്തിയത്. ദിലീപ് ജയിലിൽ കിടന്നതും മറ്റും അക്കാലത്ത് മാധ്യമങ്ങൾ ആഘോഷിച്ചു. എന്നാൽ കോടതി നപടികൾ ആരംഭിച്ചപ്പോൾ സാങക്ഷികളെല്ലാം കൂറുമാറിപ്പോവുന്ന കാഴ്ചയാണ് കേരളം സാക്ഷ്യം വഹിച്ചത്.

വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടി സുപ്രിംകോടതിവരെ പോവേണ്ടിവന്നു. രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവച്ചൊഴിഞ്ഞു.


ഇപ്പോഴിതാ സംവിധായകനും ദിലീപിന്റെ അടുപ്പക്കാരനുമായ ബാലചന്ദർ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. പൾസർ സുനി ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ ഉണ്ടെന്നാണ് ആരോപണം. പൾസർസുനിയുമായുള്ള നടൻ ദിലീപിന്റെ അടുത്ത ബന്ധത്തിന്റെ കൂടുതൽ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരിക്കയാണ്. പുനരന്വേഷമം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപും രംഗത്തെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് വീണ്ടും ചൂടുപിടിക്കുകയാണ്. കേസന്വേഷണം പ്രതികൾക്ക് രക്ഷപ്പെടാനുള്ള മാർഗമാവരുതെന്ന് ഡബ്ല്യു സി സി യും ആവശ്യപ്പെട്ടിരിക്കയാണ്. സിനിമാ മേഖലയിൽ വീണ്ടും വിഭാഗീയത ശക്തിപ്പെടാനുള്ള സാധ്യതയും തെളിഞ്ഞിരിക്കയാണ്.


വാൽകഷണം :
 
ബി ജെ പിക്കു ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്ന കോടിയേരിയുടെ പ്രസ്താവന കേരളത്തിന്  മാത്രമായുള്ളതാണ്. കോൺഗ്രസിനൊപ്പം  നിന്ന് പോരാടി വീരചരമം പ്രാപിച്ചതിന്റെ വേദനകളിലാണ് പശ്ചിമ ബംഗാളിലെ സി പി എം നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here