തിരുവനന്തപുരം :  വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റീൻ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എയർപോർട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ എന്നിങ്ങനെ തിരിച്ചാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നടത്തും. നെഗറ്റീവായാൽ ഏഴു ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധനയും നടത്തണം. നെഗറ്റീവായാൽ വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കും. സ്റ്റാൻഡേർഡ് പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശ പ്രകാരം ഡിസ്ചാർജ് ചെയ്യും.

ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ രണ്ട് ശതമാനം പേരുടെ സാമ്പിളുകൾ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാർഗനിർദേശം. എന്നാൽ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകൾ റാണ്ടം പരിശോധന നടത്തും. നെഗറ്റീവാകുന്നവർ ഏഴു ദിവസം ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന നടത്തണം. നെഗറ്റീവായാൽ ഇവരും വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here