ഇടുക്കി: എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ കോൺഗ്രസിനെതിരെയും തനിക്കെതിരെയും ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അക്രമരാഷ്ട്രീയം കോൺഗ്രസ് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്നും കേരളത്തിലെ കലാലയങ്ങളിൽ കെ എസ് യു പ്രവർത്തകരാണ് കൂടുതലും കൊല്ലപ്പെട്ടതെന്നും കെ സുധാകരൻ പറഞ്ഞു.

 

കേരളത്തിലെ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കെടുത്ത് പരിശോധിച്ചാൽ കെ എസ് യു പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ മൂന്നിൽ ഒരംശം എസ് എഫ് ഐക്കാർ മരിച്ചിട്ടില്ല. മുഴുവൻ കോളേജുകളിലെയും ഹോസ്റ്റലുകൾ എസ് എഫ് ഐ ഗുണ്ടാ ക്രിമിനലിസത്തിന്റെ ആപ്പീസായി മാറിയിരിക്കുന്നു. ഇന്നലെ കൊലപാതകം നടന്ന കോളേജിലെ ഹോസ്റ്റലും എസ് എഫ് ഐയുടെ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപായി തന്നെ ഗുണ്ടകൾ അവിടെ ക്യാംപ് ചെയ്യുകയാണ്. ആരുടെ നയമാണ് അവിടെ പ്രാവർത്തികമാക്കുന്നത്. സുധാകരന്റെ നയമാണോ എന്നും സുധാകരൻ മാദ്ധ്യമങ്ങളോട് ചോദിച്ചു.

 

കേരളത്തിലെ മൊത്തം അക്രമസംഭവങ്ങൾ താരതമ്യം ചെയ്താൽ കോൺഗ്രസ് എവിടെയാണ് സി പി ഐ എം എവിടെയാണ് എന്നറിയാൻ സാധിക്കും. കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാശാലകളെ മാറ്റിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കേരളത്തിലെ മറ്റൊരു പാർട്ടിയെയും കുറ്റപ്പെടുത്താൻ ധാർമികമായ അവകാശമില്ല. കലാപത്തിന്റെ കത്തി ആദ്യം താഴെ വയ്ക്കേണ്ടത് സി പി എം ആണെന്നും സുധാകരൻ പറഞ്ഞു.

 

സംഭവത്തെപ്പറ്റി പഠിക്കാൻ പാർട്ടി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയശേഷം തീരുമാനമെടുക്കും. അക്രമരാഷ്ട്രീയത്തിന്റെ കിരീടം ഏറ്റവും യോജിക്കുന്നത് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും തലയിലാണ്. അത് തന്റെ തലയിൽ വയ്ക്കാൻ നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here