വിദേശത്തു നിന്ന് മൂന്ന് ഡോസ് വാക്‌സിനും പി.സി.ആർ പരിശോധനയും വിമാനത്താവളത്തിലെ
 പരിശോധനയും കഴിഞ്ഞ് കോവിഡ് നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികൾ എന്തിന് ക്വാറൻറെെനിൽ കഴിയണം? തീരെ അശാസ്ത്രീയമായ ഈ തീരുമാനം കൊണ്ട് എന്ത് നേട്ടമാണ് സർക്കാരിനുള്ളത്? പ്രവാസികളോട് എന്നും ചിറ്റമ്മ നയം സ്വീകരിക്കുന്ന സർക്കാർ ഇത്തവണ  കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പേരിൽ  പ്രവാസികളെ വീണ്ടും ദ്രോഹിക്കുകയാണ്. ഒമിക്രോൺ പരത്തുന്നത് പ്രവാസികൾ മാത്രമാണെന്ന തോന്നും വിധമാണ് പ്രവാസികളെ മാത്രം തെരെഞ്ഞെടുപിടിച്ചു ദ്രോഹിക്കുന്നത്.

അതേസമയം, സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും, ആരോഗ്യമന്ത്രിക്ക് ബുദ്ധി പറഞ്ഞ് കൊടുക്കുന്ന ആരോഗ്യ വിദഗദ്ധരും വ്യക്തമാക്കണം. കോവിഡ് ടെസ്റ്റിന്റെ പലവിധ കടമ്പകളും കടന്നിട്ടാണ്  
ഒരു പ്രവാസി നാട്ടിലെത്തുന്നത്. ആകെ കിട്ടുന്ന അവധിയുടെ മൂന്നും നാലും ദിവസം കോവിഡ് പരിശോധനയ്ക്കായി ചെലവഴിച്ച ശേഷം നാട്ടിലെത്തുമ്പോൾ ൭ ദിവസം കൂടി ക്വാറന്റൈനിൽ ഇരിക്കേണ്ടി വരുമ്പോൾ സാധാരണക്കാരനായ പ്രവാസിയുടെ അവധി സമയത്തിന്റെ ഭൂരിഭാഗവും തീർന്നിരിക്കും. 

എന്നാൽ വാക്സീൻ എടുക്കാത്തവരും രണ്ടു വാക്സീൻ പോലും എടുക്കാത്തവരുമായവർ, പ്രത്യേകിച്ച് രാഷ്ട്രീയ പ്രവർത്തകർ  യാതൊരു സാമൂഹിക അകലങ്ങൾ പോലും പാലിക്കാതെ പാർട്ടികളും സമരങ്ങളും ആഘോഷങ്ങളും നടത്തുമ്പോൾ 15 ദിവസം മുതൽ ഒരു മാസം വരെ അവധിക്കു വരുന്ന പ്രവാസികൾക്ക് വീട്ടിനകത്ത് ഒറ്റയ്ക്ക് കഴിഞ്ഞു കൂടണമെന്ന അവസ്ഥയാണ്. എന്നാൽ യാതൊരു നിയന്ത്രണവുമില്ലാതെ നാട്ടിൽ ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനെതിരെ സർക്കാർ കണ്ണടയ്ക്കുകയും ചെയ്യുന്നു. 
 
കഴിഞ്ഞ ദിവസം എടപ്പാൾ പാലത്തിൻ്റെ ഉദ്ഘാടന ആഘോഷവേളയിൽ യാതൊരു സാമൂഹിക അകലവും പാലിക്കാതെ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇവിടെയൊന്നും മഹാമാരി ബാധിക്കില്ലേ എന്നാണ്പ്രസക്തമായ ചോദ്യം. ഇനിയിതാ കണ്ണൂരിൽ പാർട്ടി സമ്മേളനം വരുന്നു. റെഡ് വളണ്ടിയർമാരെയും രക്തപതാകളും കണ്ടാൽ കോവിഡ്  ഭയന്നോടുമെന്നായിരിക്കും നേതാക്കന്മാർ കരുതുന്നത്. കൂടതെ കെ.റെയിലിന്റെ കുറ്റി പറയ്ക്കാൻ കെ.സുധാകരന്റെ നേതൃത്വത്തിൽ സെമി കേഡർ സേനയും രംഗത്തു വരുമ്പോൾ ഒമിക്രോൺ അതിർത്തി വിട്ടു പോകുമായിരിക്കും. ഇതൊക്കെ കഴിഞ്ഞ് കോവിഡ് പടർന്നു വ്യാപിച്ചാൽ പഴി ചാരൻ പ്രവാസികളുടെ നെഞ്ചത്ത് കയറാമല്ലോ.

കോവിഡ് തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിക്കുമ്പോൾ  ആദ്യം പിടലിക്ക് പിടിക്കുന്നത് പാവം പ്രവാസികളാണ്.

സർക്കാരിൻ്റെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ ശബ്ദിക്കുവാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ പോലും ഇല്ലാതെ പോകുന്നു എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.എന്നത് പോലെയാണ് പ്രവാസികളുടെ അവസ്ഥ. പ്രവാസികൾക്ക് പ്രവാസികൾ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here