രാജേഷ് തില്ലങ്കേരി 

കേരളത്തിലെ കലാലയങ്ങൾ കുറച്ചുകാലമായി ഏറെക്കുറേ ശാന്തമായിരുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിൽ തല്ലും മറ്റും പഴയതുപോലെ ക്യാമ്പസുകളിൽ ഉണ്ടാവാറില്ല. മാറിയ സാഹചര്യത്തിൽ അക്രമങ്ങളും, രാഷ്ട്രീയമായ ചേരിതിരിവുകളും രാഷ്ട്രീയകപയുമൊന്നും പഴയതുപോലെ ഉണ്ടാവാറില്ല.  

മഹാരാജാസ് കോളജിൽ അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തിന് ശേഷം ക്യാമ്പസുകൾ ഏറെക്കുറേ ശാന്തമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കേരളത്തെ നടക്കിയ കൊലപാതക വാർത്ത വരുന്നത്. ഇടുക്കി എൻജിനിയറിംഗ് കോളജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജ് എന്ന യുവാവ് കൊലക്കത്തിക്ക് ഇരയായത്. കോളജ് ഇലക്ഷനുമായി ബന്ധപ്പെട്ടുടലെടുത്ത തർക്കമാണ് കൊലയിലേക്ക് നയിച്ചത് . വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടയിലേക്ക് പുറത്തുനിന്നും എത്തിയ സംഘമാണ് അക്രമം അഴിച്ചു വിട്ടത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയെന്നയാൾ പൊലീസ് പിടിയിലായിട്ടുണ്ട്.

കംപ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട ധീരജ്. വിദ്യാർത്ഥി സംഘടനയ്ക്ക് ധീരജ് ഒരു ധീരനായ വിപ്ലവകാരിയും, രക്തസാക്ഷിയുമാണ്. എന്നാൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഒറ്റ കുത്തിൽ അസ്തമിച്ചത്. ഒരു പരിഷ്‌കൃത സമൂഹത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇടുക്കി എൻജിനിയറിംഗ് കോളജിൽ സംഭവിച്ചത്.  
 

ആശയപരമായ സംവാദത്തിന് അപ്പുറം കൊലക്കത്തികൾ ഉപയോഗിച്ചുള്ള പോരാട്ടം ഒരു സംഘടനയ്ക്കും ഭൂഷണമല്ല. രാഷ്ട്രീയ നേതൃത്വം ഇതൊക്കെ തിരിച്ചറിയുന്നവരായി മാറേണ്ടതുണ്ട്. കണ്ണൂരിൽ നിന്നും വലിയ പ്രതീക്ഷകളോടെ ഇടുക്കിയിലേക്ക് പഠിക്കാനായി വന്ന ആ യുവാവിന്റെ ചേതനയറ്റ ശരീരമാണ് ഇന്ന് മാതാപിതാക്കൾക്ക് മുന്നിൽ എത്തിയത്. എത്രവേദനാ ജനകമാണ് ആ ദൃശ്യങ്ങൾ. എന്ത് ആശയത്തെയാണ് ചോരചീന്തി വളർത്തുന്നതെന്ന് എന്തുകൊണ്ടാണ് ഇവർ ചിന്തിക്കാത്തത് ?

വെട്ടിയും കൊന്നും, വളർത്തിയെടുക്കേണ്ടതാണോ രാഷ്ട്രീയം. നമ്മൾ എത്ര മുന്നോട്ടു പോയെന്നു പറയുമ്പോഴും എല്ലാം പഴയതു പോലെയാവണമെന്ന് കരുതുന്ന ചിലർ ഇന്നും ശേഷിക്കുന്നു. സമൂഹം ഇവരെ അകറ്റി നിർത്തണം. സംരക്ഷകരായി ആരും അവതരിക്കരുത്. എത്രപേർ നേരത്തെ കൊലചെയ്യപ്പെട്ടവെന്ന കണക്കെടുപ്പും, ന്യായ വാദങ്ങൾ നിരത്തിയുള്ള പരസ്പരം പോർ വിളിക്കുന്നതും ഒക്കെ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയെങ്കിലും യുവനേതാക്കളെ നല്ല രാഷ്ട്രീയക്കാരനായി വളരാൻ പഠിപ്പിക്കുക. രാഷ്ട്രീയം വേണ്ടെന്നല്ല പറയുന്നത്, ഗുണ്ടാ നേതാക്കളായി മാറാതിരിക്കാൻ ഓരോ യുവാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ രാഷ്ട്രീയ നേതാക്കളും യുവ നേതൃത്വത്തെ നേർവഴിയിലേക്ക് നയിക്കണം. ഇനിയും ഇവിടെ ചോര വീഴാതിരിക്കാൻ ശ്രദ്ധിക്കുക. പഠിക്കാനായി വന്നവർ പഠിക്കട്ടെ,



വീഴുന്നത് സ്വയം കുഴിച്ച കുഴിയിൽ 
വീഴുന്ന  ദിലീപ് 


നടിയെ ക്വട്ടേഷൻ നൽകി ലൈംഗീകമായി പീഡിപ്പിക്കുക, പീഡന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുക, അതിലൂടെ നടിയെ ഇല്ലാതാക്കുക. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരതയാണ് 2017 ഫെബ്രുവരി 17 ന് കൊച്ചിയിൽ അരങ്ങേറിയത്. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും നടിയെ ബലംപ്രയോഗിച്ച് വാനിൽ കയറ്റിയാണ് പീഡിപ്പിച്ചത്.  പകൽ സമയത്ത് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന വാനിൽ ഇത്തരമൊരു സംഭവം നടന്നത് പിറ്റേ ദിവസമാണ് പുറം ലോകം അറിഞ്ഞത്.
 

കേസ് രാജ്യത്താകമാനം ചർച്ചയായി. സിനിമാ മേഖലയിൽ ഡ്രൈവറായിരുന്ന പൾസർ സുനിയും കൂട്ടാളികളും അറസ്റ്റു ചെയ്യപ്പെട്ടു. പിന്നീടാണ് സംഭവത്തിന് നടൻ ദിലീപാണ് ഈ ക്രൂരതയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന മൊഴി കേരളത്തെ ശരിക്കും ഞെട്ടിച്ചു. ജനപ്രിയനടൻ എന്ന പേര് പിന്നീട് അപ്രിയനടനായി മാറി.  അന്വേഷണ സംഘം ദിലീപിനെ അറസ്റ്റു ചെയ്തു. ക്വട്ടേഷൻ തുക ലഭിക്കാതെ വന്നതോടെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിന് കത്തെഴുതി. ഈ കത്താണ് ദിലീപിന് കുരുക്കായത്. സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണ സംഘത്തോട് ദിലീപ് ആവർത്തിച്ചത്. ഇപ്പോഴിതാ സുനിയുമായി നല്ല ബന്ധമുണ്ടായിരുന്നതായുള്ള വെളിപ്പെടുത്തലുകൾ ദിലീപിനെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. പൾസർ സുനി എഴുതിയ കത്ത് അമ്മ പുറത്തുവിട്ടതോടെ ദിലീപ് കൂടുതൽ പ്രതിരോധത്തിലായിരിക്കയാണ്. ബൈജു പൗലോസിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തരുതെന്നുള്ള ദിലീപിന്റെ ആവശ്യം പൊലീസ് പരിഗണിച്ചിട്ടില്ല. വിചാരണ വൈകിപ്പിക്കാൻ ബൈജു പൗലോസ് നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു നടൻ ദിലീപിന്റെ ആരോപണം. എന്നാൽ ശബ്ദ രേഖയടക്കമുള്ള തെളിവുകളാണ് സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയിരിക്കുന്നത്.

സാക്ഷികളെ മൊഴിമാറ്റുന്നതിനായി വൻതുക ചിലവഴിച്ചതായുള്ള മറ്റൊരു വെളിപ്പെടുത്തലും വന്നിരിക്കയാണ്. കൂറുമാറിയ 20 സാക്ഷികളെ ക്രൈംബ്രാഞ്ച് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കാര്യങ്ങൾ കൈവിട്ടുപോയിരിക്കയാണ്. അറസ്റ്റ് ഒഴിവാക്കാനായി ഹൈക്കടതിയെ സമീപിച്ചിരിക്കയാണ് ജനപ്രിയൻ. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തൽ ദിലീപിന് കുരുക്കാവും. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്റൈ കണ്ടെത്തലും ദിലീപിന് മേൽ വാളായി തൂങ്ങുന്നുണ്ട്.


സിനിമാ മേഖലയിലെ പ്രമുഖർ അക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് രംഗത്തെത്തിയതോടെ സിനിമാ മേഖലയിലും ദിലീപ് കൂടുതൽ ഒറ്റപ്പെടുകയാണ്. പുതിയ കേസിൽ അന്വേഷണം ഊർജിതമായതോടെയാണ് നടി അഞ്ചുവവർഷക്കാലമായി താൻ നേരിട്ട മാനസിക സംഘർഷങ്ങൾ വ്യക്തമാക്കിക്കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. പോസ്റ്റ് മമ്മൂട്ടി, മോഹൻലാൽ, തുടങ്ങി എല്ലാ പ്രമുഖ നടന്മാരും ഷെയർ ചെയ്തിരുന്നു.


ഒടുവിൽ ഗവർണർ പറഞ്ഞു, ഡി ലിറ്റ് വിവാദത്തിൽ സർക്കാരാണ് ഇടപെട്ടതെന്ന്



കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള വിവാദം ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഇടപെടലാണ് വിവാദത്തിന് കാരണമെന്ന് ഒടുവിൽ ഗവർണർ വെളിപ്പെടുത്തുന്നു. കേരള സർവ്വകലാശാല വി സിക്കെതിരെയും ഗവർണർ ആഞ്ഞടിച്ചിരിക്കയാണ്. ചാൻസലറായ തന്നെ ധിക്കരിക്കുകയും ഡി ലിറ്റ് നൽകാൻ സാധിക്കില്ലെന്നുള്ള വി സി യുടെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നാണ് ഗവർണർ പറഞ്ഞത്.

ഒരു കത്ത് അക്ഷരതെറ്റില്ലാതെ എഴുതാൻ പോലും പറ്റാത്ത ആളെ വി സി യായി നിയമിച്ചതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ എന്താണെന്നും ഗവർണർ ചോദിച്ചിരിക്കയാണ്. അടിമുടി രാഷ്ട്രീയ വൽക്കരിച്ച സർവ്വകലാശാലയുടെ ചാൻസലർ സ്ഥാനം വേണ്ടെന്നു വച്ചതാണ്. എന്നാൽ മുഖ്യമന്ത്രിയുടെ മൂന്നു കത്തുകൾ തനിക്ക് ലഭിച്ചെന്നും അതിനാലാണ് ചാൻസിലർ പദവി ഒഴിയാനുള്ള തീരുമാനം തൽക്കാലം പിൻവലിച്ചത്. 
 
സർവ്വകലാശാലകളെ രക്ഷിക്കാൻ സർജിക്കൽ ഓപ്പറേഷൻ വേണ്ടിവരുമെന്നും ഗവർണർ പറഞ്ഞിരിക്കയാണ്.
കണ്ണൂർ സർവ്വകലാശാല വി സി നിയമനം, കാലടി സംസ്‌കൃത സർവ്വകലാശാലയിലെ വി സി നിയമനത്തിലുണ്ടായ ചട്ടലംഘനം, കേരള സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് വിളിച്ചു ചേർക്കണമെന്ന ആവശ്യം തള്ളിയത് എന്നിവയിൽ ആരാണ് ഇടപെടുന്നതെന്നായിരുന്നു ഗവർണറുടെ ചോദ്യം. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടിട്ടില്ലെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരിക്കയാണ്. ആരാണ് ഇടപെട്ടതെന്ന് ഇനി സർക്കാർ വ്യക്തമാക്കുമായിരിക്കും.


കെ റെയിൽ ഉപേക്ഷിക്കണമെന്ന് മേധാപട്ക്കർ കൂപ്പുകയ്യോടെ


കേരളത്തെ നശിപ്പിക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്ക്കർ. മുഖ്യമന്ത്രിയോട് കൂപ്പുകയ്യോടെ അപേക്ഷിക്കുകയാണ് കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാണ് മേധാ പട്ക്കരുടെ ആവശ്യം, പൗരപ്രമുഖരുടെ പിന്തുണയുള്ളതിനാൽ പദ്ധതിയുമായി മുന്നോട്ട് പോവുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

പൗരപ്രമുഖരല്ല, സാധാരണക്കാരുമായാണ് മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നാണ് മേധാ പട്ക്കറുടെ ആവശ്യം. ആരെതിർത്താലും പദ്ധതിയുമായി മുന്നോട്ട് പോവുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.


പാർട്ടി സമ്മേളനം കഴിയുംവരെ  ഒമിക്രോണിന് കേരളത്തിലേക്ക് പ്രവേശനമില്ല !!!



കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം പടിവാതിൽക്കൽ വന്നു നിൽക്കുകയാണ്. അയൽ സംസ്ഥാനങ്ങളെല്ലാം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. എന്നാൽ കേരളത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി. എന്നാൽ സി പി എം സമ്മേളനങ്ങൾക്ക് ഇഷ്ടംപോലെ ആളാവാം.
 

സി പി എം ജില്ലാ സമ്മേളനങ്ങൾ നടന്നു കൊണ്ടിരിക്കയാണ്. എറണാകുളത്ത് മാർച്ചിൽ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടി നടക്കേണ്ടതുണ്ട്. ആറ് ജില്ലാ സമ്മേളനങ്ങൾ കൂടി ബാക്കിയുണ്ട്. കോഴിക്കോട് സമ്മേളനം നടന്നു കൊണ്ടിരിക്കയാണ്. കോഴിക്കോട് ബീച്ചിൽ വൻ സമ്മേളനമാണ് ബുധനാഴ്ച നടക്കുക. സമ്മേളന കാലത്ത് നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. എല്ലാ പരിപാടികളും ഓൺലൈനായി നടത്തണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.
പഞ്ചാബ്, യു പി, ഗോവ അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാവും. വീണ്ടുമൊരു ലോക് ഡൗൺ താങ്ങാനുള്ള ശക്തി നമുക്കില്ല. വ്യാപനം രൂക്ഷമാവുന്നതിന് മുൻപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മൂന്നാം തരംഗത്തെ നിയന്ത്രിക്കാനാനാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വാൽകഷണം :  
 
ബി ജെ പിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വീണ്ടും വ്യക്തമാക്കിയിരിക്കുന്നു. സി പി ഐ നേതാക്കൾ പറയുന്നത് തെറ്റാണെന്നാണ് കോടിയേരിയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here