കൊച്ചി: രാജ്യത്തെ ആദ്യത്തെ പര്‍പ്പസ് ബ്രാന്‍ഡിംഗ് കേന്ദ്രത്തിനു തുടക്കമിട്ട കൊച്ചി ആസ്ഥാനമായ ഓര്‍ഗാനിക് ബിപിഎസ് നടത്തുന്ന പ്രതിമാസ പര്‍പ്പസ് ലീഡര്‍ഷിപ്പ് റെസിഡന്‍സി പ്രോഗ്രാമായ മീമാംസ 75 എഡിഷന്‍ പിന്നിട്ടു. 75-ാംഎഡിഷനില്‍ പ്രതിഭയും പര്‍പ്പസും എന്ന വിഷയത്തില്‍ ഐഐഎം അഹമ്മദാബാദിലെ പ്രൊഫ. ബിജു വര്‍ക്കി സംസാരിച്ചു.

ഒരു സ്ഥാപനത്തിന്റെ ലാഭം മാത്രമല്ല അതിലെ ജീവനക്കാരും പുറത്തുള്ള സമൂഹവും പരിസ്ഥിതിയുമുള്‍പ്പെടെ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായ എല്ലാവരുടേയും ഉന്നമനം ലക്ഷ്യമിടുന്നതായതുകൊണ്ട് ഒരു പര്‍പ്പസ്-അധിഷ്ഠിത സ്ഥാപനത്തിനു മുന്നില്‍ വെല്ലുവിളികളും അവസരങ്ങളും ഒരുപോലെയുണ്ടെന്ന് പ്രൊഫ. ബിജു വര്‍ക്കി പറഞ്ഞു.

എല്ലാവരേയും ഉള്‍പ്പെടുത്തുന്ന വികസനം മാത്രമേ നിലനില്‍ക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയിലെ 7% പേര്‍ക്കു മാത്രമേ കോവിഡ് വാക്സിന്‍ ലഭിച്ചിട്ടുള്ളുവെന്നത് ലോകത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും ഭീഷണിയാണെന്നതാണ് ഇക്കാലത്ത് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. വേണുഗോപാല്‍ സി ഗോവിന്ദ്, വി കെ മാധവ് മോഹന്‍ എന്നിവരും പ്രസംഗിച്ചു.

സുസ്ഥിരമായ വളര്‍ച്ചയ്ക്ക് പര്‍പ്പസ് ലീഡര്‍ഷിപ് ഒഴിച്ചുകൂടാനാകാത്തതാണ്. ഈ പശ്ചാത്തലത്തില്‍ പുതിയ തലമുറയെ പര്‍പ്പസ് ലീഡര്‍ഷിപ്പിന് പ്രാപ്തരാക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രതിമാസ പര്‍പ്പസ് ലീഡര്‍ഷിപ്പ് റെസിഡന്‍സി പ്രോഗ്രാമായ മീമാംസയ്ക്ക് തുടക്കമിട്ടത്.

ഇക്കാലത്തിനിടെ നെസ്ലെ എംഡി സുരേഷ് നാരായണന്‍, മഹീന്ദ്ര എക്സി. ഡയറക്ടര്‍ റുസ്ബേ ഇറാനി, പ്ലാനിംഗ് കമ്മീഷന്‍ മുന്‍ അംഗം അരുണ്‍ മീറ, ടാറ്റാസണ്‍സ് മുന്‍ ഡയറക്ടര്‍ മുകുന്ദ് രാജന്‍, ഡോ. കെ ജയകുമാര്‍ ഐഐഎസ്, ഡോ പി വിജയന്‍ ഐപിഎസ്, സിബി മലയില്‍, പ്രശാന്ത് ഐഎഎസ് തുടങ്ങി വിവിധ മേഖലകളില്‍ സമൂഹത്തിന് വലിയ സംഭാവനകള്‍ ചെയ്ത ഒട്ടേറെ പ്രഗല്‍ഭര്‍ മീമാംസയില്‍ പങ്കെടുത്ത് സംസാരിച്ചുവെന്ന് ഓര്‍ഗാനിക് ബിപിഎസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണന്‍ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ പര്‍പ്പസ് ബ്രാന്‍ഡിംഗ് സ്ഥാപനം ആരംഭിയ്ക്കാന്‍ മീമാംസയിലെ സെഷനുകള്‍ ഏറെ പ്രേരണയായെന്നും ദിലീപ് നാരായണന്‍ പറഞ്ഞു. കോവിഡ് ഭീഷണി രൂക്ഷമായിരുന്നപ്പോള്‍ ഓണ്‍ലൈനില്‍ നടന്ന സെഷനുകളില്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റ് രാജ്യങ്ങള്‍ നിന്നുള്ളവരും വരെ ശ്രോതാക്കളായി എത്തിയതും ഇത്തരം സെഷനുകള്‍ ഏറെ ഉപകാരപ്രദമെന്ന് അറിയിച്ചതും ഏറെ കൃതാര്‍ത്ഥമാക്കിയെന്നും ദിലീപ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here