കൊച്ചി ; സാഗി പദ്ധതി കുമ്പളങ്ങിയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജലാശയങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമായ കുമ്പളങ്ങിയിൽ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന സൗകര്യങ്ങളും ഉപജീവന മാർഗങ്ങളും ആവശ്യമാണ്. സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി (സാഗി) ഗ്രാമ വികസനത്തിന് സവിശേഷവും പരിവർത്തനപരവുമായ പദ്ധതിയായി മാറും.

ഗ്രാമത്തിൽ മുഴുവൻ മെച്ചപ്പെട്ട വികസനം ഉറപ്പാക്കാൻ സാഗി പദ്ധതിയിലൂടെ സാധിക്കും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി, ഉപജീവനമാർഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിന്റെ സംയോജിത വികസനം ലക്ഷ്യമിട്ടാണ് സാഗി പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ സവിശേഷ സ്ഥാനമുള്ള ഗ്രാമമായ കുമ്പളങ്ങിയുടെ സമഗ്ര വികസനം ഉറപ്പാക്കാൻ വേണ്ടി സാഗി പദ്ധതി നടപ്പാക്കുന്ന ഹൈബി ഈഡൻ എം.പിയെയും മറ്റു ജനപ്രതിനിധികളേയും ഗവർണ്ണർ അഭിനന്ദിച്ചു.

2014 ൽ ആരംഭിച്ച പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൽ കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിനെയാണ് ഹൈബി ഈഡൻ എം. പി നിർദേശിച്ചത്. പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ സംയോജന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി, നിർദേശിക്കപ്പെട്ട ഗ്രാമത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമം ആയി മാറ്റുന്നതിനുള്ള പരിശ്രമങ്ങളാണ് നടപ്പിലാക്കുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് ഹൈബി ഈഡൻ എം. പി നടപ്പിലാക്കുന്ന അവൾക്കായ് പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്തായി പ്രഖ്യാപിച്ചു. 17 വാർഡുകളിലും ഇത് സംബന്ധിച്ച ബോധ വത്ക്കരണവും 5000 ൽ പരം കപ്പുകളുടെ വിതരണവും നടത്തിയിട്ടുണ്ട്.

ഹൈബി ഈഡൻ എം. പിയുടെ പ്രാദേശിക വികസന ഫണ്ട് 2019-20 ഉപയോഗിച്ച് കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് വേണ്ടി വാങ്ങിയ ആംബുലൻസിന്റെ താക്കോൽ ദാനവും ഗവർണർ നിർവ്വഹിച്ചു.

മാലിന്യ സംസ്‌കാരണത്തിന്റെ ഭാഗമായി 17 വാർഡിലെയും ഹരിത കർമ്മ സേനയ്ക്ക് ട്രൈസൈക്കിളുകൾ വിതരണം ചെയ്യുന്ന പദ്ധതിയും 17 വാർഡുകളിലും നൽകുന്ന മിനി എം. സി. എഫ് ( മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ) കളുടെ താക്കോൽ ദാനവും, എസ് സി വിഭാഗത്തിൽ പെട്ട 12 വിദ്യാർത്ഥികൾക്ക് പഞ്ചായത്തിന്റെ എസ് സി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ലാപ് ടോപ്പുകളുടെ വിതരണവും ചടങ്ങിൽ നടന്നു.

പഞ്ചായത്തിൽ നിന്നും റവന്യു വകുപ്പിൽ നിന്നും മറ്റും ലഭ്യമാകുന്ന ഇ സർവീസുകളെ സംബന്ധിച്ച വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘കുമ്പളങ്ങി വിവര നിധി’ യുടെ പ്രകാശനം നിർവ്വഹിച്ചു.

കുമ്പളങ്ങി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ എനർജി ഓഡിറ്റ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പണവും ഡിസബിലിറ്റി ഓഡിറ്റ് റിപ്പോർട്ട് സമർപ്പണവും ചടങ്ങിൽ നടന്നു.

ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ദിപു കുഞ്ഞുകുട്ടി,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ വി. സി അശോകൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, സെന്റ് തെരേസാസ് കോളേജ് ഡീൻ ഓഫ് എക്സ്റ്റൻഷൻ ആൻഡ് ഇൻക്യുബേഷൻ ഡോ നിർമ്മല പത്മനാഭൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ സഗീർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here