കോട്ടയം: രാജ്യത്ത് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേതൃത്വം നൽകുന്ന പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ അധികാരത്തിലെത്തുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുക്കവെയാണ് ജോസ് കെ മാണിയുടെ വാക്കുകൾ. ഇടതുപാർട്ടി നേതാക്കൾ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ കണ്ടത് നേരത്തെ മൂന്നാം മുന്നണി ചർച്ചകൾ സജീവമാക്കിയിരുന്നു. ഇതേഘട്ടത്തിലാണ് പ്രാദേശിക പാർട്ടികൾ രാജ്യത്ത് അധികാരത്തിലെത്തുമെന്ന പ്രസ്താവനയുമായി ജോസ് കെ മാണിയും രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് വരാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേതൃത്വം നൽകുന്ന പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ അധികാരത്തിലെത്തുമെന്ന് ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു.  ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന കേരള മോഡൽ എന്ന ആശയത്തിന് രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. കേരള സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഹീനമായ എല്ലാ നീക്കങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഇടതുമുന്നണി സംസ്ഥാനത്ത് തുടർ ഭരണം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാലു പതിറ്റാണ്ടിന് ശേഷം കേരളത്തിൽ തുടർ ഭരണം കിട്ടിയെങ്കിൽ ഇടത് പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്ന് പറയുന്നതിലും അത്ഭുതമില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ പറയുന്നു. കോൺഗ്രസിന് രാജ്യത്തെ നയിക്കാൻ കഴിയില്ല. മോദി സർക്കാരിന് മുന്നിൽ കോൺഗ്രസ് ദുർബലമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കേന്ദ്രം നടത്തുന്നത് ബുൾഡോസർ ഭരണമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് എന്നും ജോസ് കെ മാണി വിമർശിച്ചു.

കേരളം കാഴ്ചവയ്ക്കുന്ന ബദൽ രാജ്യം ഉറ്റുനോക്കുകയാണ് കൊവിഡ് കാലത്ത് കേരളത്തിൽ ആരും പട്ടിണി കിടന്നില്ല. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം കൊടുത്തപ്പോൾ രാജ്യ തലസ്ഥാനത്ത് അവർ മരിച്ചുവീണു. കേന്ദ്രം വിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കേരളം വാങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here