കൊല്ലം: കേരള കോൺഗ്രസ് ബി ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് കാട്ടി എൽ ഡി എഫ് നേതൃത്വത്തിന് കത്തു നൽകിയതിനു പിന്നാലെ ജില്ലാ യോഗങ്ങൾ വിളിച്ച് ഉഷാ മോഹൻദാസ് വിഭാഗം. പാർട്ടി അധ്യക്ഷ സ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം നേടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജില്ലായോഗങ്ങൾ വിളിച്ചു ചേർത്ത് മുന്നോട്ടു പോകാൻ ബാലകൃഷ്ണപിള്ളയുടെ മകളുടെ നേതൃത്വത്തിൽ നടപടികൾ.

ഈ സർക്കാർ രണ്ടര വർഷം പിന്നിടുമ്പോൾ മന്ത്രി സ്ഥാനത്ത് എത്താനുള്ള കെ ബി ഗണേഷ് കുമാറിന്റെ സാധ്യതകൾക്ക് കൂടിയാണ് ഉഷാ മോഹൻദാസിന്റെ നീക്കം മങ്ങലേൽപ്പിക്കുന്നത്. ആർ ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രത്തിൽ ഗണേഷ് കുമാർ കൃത്രിമം കാട്ടിയെന്ന സഹോദരി ഉഷാ മോഹൻദാസിന്റെ പരാതിയാണ് കേരള കോൺഗ്രസ് ബിയിലെ കലാപത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

പുതിയ പാർട്ടി രൂപീകരിച്ചിട്ടില്ലെന്നും യഥാർത്ഥ പാർട്ടി തങ്ങളാണെന്നും കൊല്ലം ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേർത്ത ശേഷം ഉഷാ മോഹൻദാസ്. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഗണേശിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തുവെന്ന വാദം നിയമപരമായി ശരിയല്ല. സംസ്ഥാന കമ്മിറ്റിയാണ് ചെയർമാനെ തിരഞ്ഞെടുക്കേണ്ടതെന്ന് അവർ പറഞ്ഞു.

നേരത്തെ പാർട്ടി പിളർത്തി ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ ജനകീയ സമിതി രൂപീകരിച്ച ആളാണ് ഗണേഷ് കുമാർ. യഥാർത്ഥ പാർട്ടി തങ്ങളാണെന്ന് കാട്ടി ഇടതു മുന്നണിക്ക് കത്തു നൽകിയതിലും ഉഷ വിഭാഗം അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു. 12 ജില്ലാ കമ്മിറ്റികൾ തങ്ങൾക്കൊപ്പമെന്നാണ് ഉഷ വിഭാഗത്തിന്റെ അവകാശവാദം. അധ്യക്ഷ പദവി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ഗണേഷ് വിരുദ്ധർ കത്ത് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here