രാജേഷ് തില്ലങ്കേരി

കണ്ണൂർ:  സി പി എം ജനറൽ സെക്രട്ടറിയായി പിണറായി വിജയനെ കൊണ്ടുവരാനായി നീക്കങ്ങൾ ആരംഭിച്ചു. ഏപ്രിൽ മാസം കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ പിണറായി വിജയനെ പാർട്ടി ജനറൽ സെക്രട്ടറിയായി കൊണ്ടുവരാനാണ് അണിയറയിൽ നീക്കം. ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം പൂർത്തിയാക്കിയ സീതാറാം യച്ചൂരി ഇനി സെക്രട്ടറിയായി തുടരാൻ കഴിയില്ല.  ദേശീയതലത്തിൽ സി പി എം നരിട്ടത്  വലിയ തിരിച്ചടിയാണ്. സി പി എമ്മിന്റെ കോട്ടയായിരുന്ന പശ്ചിമ ബംഗാളിൽ പാർട്ടി ഇല്ലാതായി. മറ്റൊരു ശക്തി കേന്ദ്രമായിരുന്ന ത്രിപുരയിലും പാർട്ടിയുടെ അടിത്തറയിളകി. കേരളത്തിൽ മാത്രമാണ് പാർട്ടി പഴയ അവസ്ഥയിൽ പിടിച്ചുനിൽക്കുന്നത്. മാത്രവുമല്ല കേരളത്തിൽ ഇടത് മുന്നണിക്ക് ഭരണ തുടർച്ച ലഭിച്ചതോടെ സി പി എം ദേശീയ നേതൃത്വത്തിന് കേരള ഘടകത്തിന് മുന്നിൽ കീഴടങ്ങേണ്ടി വരികയായിരുന്നു.
രണ്ടാം പിണരായി മന്ത്രി സഭാ രൂപീകരണത്തിൽ പോലും കേന്ദ്രനേതാക്കൾക്ക് ഇടപെടാൻ കഴിഞ്ഞിരുന്നില്ല. പ്രകാശ് കാരാട്ട് പക്ഷക്കാരനായിരുന്ന പിണറായി സീതാറാം യച്ചൂരിയെ അംഗീകരിച്ചിരുന്നില്ല. സി പി എം ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കാലമായിരുന്നു സീതാറാം യച്ചുൂരിയുടെ നേതൃത്വം. നിലവിൽ കേരളത്തിൽനിന്നും  പൊളിറ്റ് ബ്യൂറോയിൽ അംഗമായിട്ടുള്ളത്  പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി. എസ് രാമചന്ദ്രൻ പിള്ള എന്നിവരാണ്. രാമചന്ദ്രൻ പിള്ള പ്രായാധിക്യം കാരണം ഈ പാർട്ടി കോൺഗ്രസോടെ പൊളിറ്റ് ബ്യൂറോയിൽ നിന്നും ഒഴിവാക്കപ്പെടും. പാർട്ടിയുടെ ഭരണഘടന പ്രകാരം 76 വയസുള്ള പിണറായിക്കും പൊളിറ്റ് ബ്യൂറോയിൽ നിന്നും മാറേണ്ടിവരും. എന്നാൽ പിണറായിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രായപരിധിയിൽ ഇളവ് നൽകാനാണ് നീക്കം.
 
കേരളത്തിൽ നിന്നും പുതുതായി രണ്ടുവപേർ പൊളിറ്റ് ബ്യൂറോയിൽ എത്താനും സാധ്യതയുള്ളതായാണ് വിവരം. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, തോമസ് ഐസക് എന്നിവരാണ് പുതുതായി പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടുന്നത്. മന്ത്രി എം വി ഗോവിന്ദനും പൊളിറ്റ്ബ്യൂറോയിൽ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
 
പിണറായി വിജയൻ പാർട്ടിയുടെ സമുന്നത പദവിയിലേക്ക് എത്തുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും. കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്നാണ് കേന്ദ്ര ഘടകത്തിന്റെ ആഗ്രഹം, നല്ല പ്രതിച്ഛായഉള്ള ഒരാളായിരിക്കണം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരേണ്ടതെന്നാണ് പാർട്ടി ഘടകത്തിൽ നടക്കുന്ന ചർച്ച. ഇ എം എസ് സി പി എം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയതിനു ശേഷം കേരളത്തിൽ നിന്നംു പാർട്ടിയെ നയിക്കാൻ ഒരു മലയാളി എത്തിയിരുന്നില്ല. സാങ്കേതികമായി പ്രകാശ് കാരാട്ടിന്റെ വേരുകൾ കേരളത്തിലായിരുന്നുവെങ്കിലും അദ്ദേഹം കേരളത്തിൽ നിന്നും പ്രവർത്തിച്ച് പാർട്ടിയുടെ തലപ്പത്ത് എത്തിയ ആളായിരുന്നില്ല. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുമ്പോൾ പിണറായി വിജയൻ പാർട്ടിയുടെ തലപ്പത്തേക്ക് എത്തുന്നതിൽ വലിയ ആവേശമാണ് ഉണ്ടാക്കുക.
 
ദേശീയ തലത്തിൽ പിണറായി വിജയനുള്ള സ്വാധീനമാണ് ജനറൽ സെക്രട്ടരി സ്ഥാനത്തേക്ക് പിണറായി വിജയനെ പരിഗണിക്കാനുള്ള പ്രധാന കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടിയുടെ അടിത്തറയിളകിയപ്പോൾ കേരളത്തിൽ കൂടുതൽ ശക്തനായി പിണറായി മാറിയെങ്കിൽ അതിനുള്ള കാരണം, പിണറായി വിജയന്റെ നേതൃപാഠവമാണെന്നാണ് പൊതുവെ വിലിയിരുത്തപ്പെടുന്നത്. കോൺഗ്രസുമായി സീതാറാം യച്ചൂരിക്കുള്ള അടുത്ത ബന്ധവും, കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണയും കേരളത്തിൽ ദോഷം ചെയ്യുമെന്ന നിലപാടുകാരാണ് കേരള ഘടകം. ബി ജെ പിക്ക് ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്ന ഉറച്ച നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. കേരളത്തിൽ പ്രധാന എതിരാളി കോൺഗ്രസായതിനാൽ അത്തരമൊരു നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഷ്ട്രീയമായി ചെയ്യേണ്ടതും.

കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തി, ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടി ഇടത് മുന്നണിയുടെ ശക്തി വർദ്ധിപ്പിക്കുകയെന്ന നയമാണ് സി പി എം കേരളത്തിൽ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കോൺഗ്രസ് ന്യൂനപക്ഷത്തെ നേതൃനിരയിൽ നിന്നും മാറ്റി നിർത്തുന്നതെന്നാണ് കോടിയേരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. പ്രസംഗം വിവാദമായെങ്കിലും കോടിയേരി വീണ്ടും വിവാദ പ്രസംഗം ആവർത്തിച്ചും ന്യായീകരിച്ചും രംഗത്തെത്തുകയായിരുന്നു. ഇത് സി പി എമ്മിന്റെ തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
 
എന്തായാലും സി പി എമ്മിന്റെ സമുന്നത പദവിയിൽ പിണറായി എത്തുന്നതോടെ സി പി എമ്മിന് ദേശീയ തലത്തിൽ കൂടുതൽ ശക്തിയാർജ്ജിക്കാൻ കഴിയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 
 

LEAVE A REPLY

Please enter your comment!
Please enter your name here