കാസർകോട് : ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ജില്ലാ സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലാതെ സി പി എം കാസർകോട് ജില്ലാ നേതൃത്വം. സമ്മേളനത്തിന് വേദിയാകുന്ന മടിക്കൈ പഞ്ചായത്തിൽ നിലവിൽ 30 ശതമാനമാണ് ടി പി ആർ. സമ്മേളനത്തിൽ 185 പേർ മാത്രമാണ് പ്രതിനിധികളായി പങ്കെടുക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്.

അതേസമയം 500 ൽ പരം പേർക്ക് ഇരിക്കാവുന്ന അതിവിശാലമായ പന്തലാണ് മടിക്കൈ ബാങ്കിന് സമീപത്തെ കെ ബാലകൃഷ്ണൻ നഗറിൽ ഒരുക്കിയിയത്. അനുബന്ധപരിപാടികളെല്ലാം ഒഴിവാക്കിയാതായും പൂർണമായും കൊവിഡ് മാനദണ്ഡപ്രകാരമാണ് സമ്മേളനം നടക്കുകയെന്നും സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ പറഞ്ഞു.

സി പി എം കാസർകോട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഉയർത്താനുള്ള കൊടി, കൊടിമര, ദീപശിഖാ ജാഥകൾ മടിക്കൈ അമ്പലത്തുകരയിലെ സമ്മേളന നഗരിയിലെത്തി. വെള്ളി രാവിലെ 9.30 ന് പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി ദീപശിഖ തെളിക്കുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്നു പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. പതാക പൈവളിക രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊടിമരവും കയ്യൂരിൽ നിന്ന് ദീപശിഖയും എത്തി. സ്വീകരണങ്ങൾ ഒഴിവാക്കിയപ്പോൾ ബാൻഡ് സെറ്റ്, അനൗൺസ്മെന്റ് എന്നിവയുടെ അകമ്പടി മാത്രമാണുണ്ടായത്.

നാളെ മുതൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ കേന്ദ്രസംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here