കാസർകോട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാസർകോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി. തൃശ്ശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനങ്ങൾ നാളെ സമാപിക്കും. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ കാസർകോട് ജില്ലയിൽ കളക്ടർ പൊതുയോഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്.

അതിനിടെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുയോഗങ്ങൾ വിലക്കി. കാസർകോട് ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടർ തന്റെ തീരുമാനം പിൻവലിച്ചതെന്നാണ് ഹർജിയിൽ ആരോപിച്ചത്. തീരുമാനം രോഗ വ്യാപനം രൂക്ഷമാക്കുമെന്നും സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹർജിയിൽ കുറ്റപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറിയും കേസിൽ എതിർകക്ഷിയാണ്.

ഇന്നലെ കൊവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് രാഷ്ട്രീയ പാർട്ടികളുടെയടക്കം പൊതുയോഗം വിലക്കിയത്. സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു കളക്ടറുടെ നടപടി. എന്നാൽ അധികം വൈകാതെ തന്നെ കളക്ടർ തീരുമാനം പിൻവലിച്ചു. ഇതോടെ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. സിപിഎമ്മിന്റെ സമ്മർദ്ദമാണ് കളക്ടർ തീരുമാനം പിൻവലിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നു. എന്നാൽ സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നാണ് കളക്ടറുടെ വിശദീകരണം. നേരത്തെയുണ്ടായിരുന്ന മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നും എന്നാൽ ഇന്നലെ വന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ലോക്ക്ഡൗൺ പിൻവലിക്കുകയായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here