കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയിലെ  ജസ്റ്റിസ് പി ഗോപിനാഥ് ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയത്. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചു.

അന്വേഷണസംഘത്തിന്  ദിലീപിനെ നാളെയും മറ്റന്നാളും തിങ്കളാഴ്ചയും ചോദ്യം ചെയ്യാമെന്നും, രാവിലെത്തൊട്ട് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇനി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി പ്രോസിക്യൂഷന്  നിർദേശം നൽകി. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

എന്നാൽ ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ‘ഒരു ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചാൽ പ്രതികൾ ഒത്തുചേരും. പിറ്റേന്ന് എന്ത് പറയണം എന്ന് ആലോചിച്ച് പ്ലാൻ ചെയ്യും’, അറസ്റ്റ് ചെയ്താലും മാനസികമായോ ശാരീരികമായോ ദിലീപിനെ പീഡിപ്പിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അഞ്ച് ദിവസം എങ്കിലും കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതി, വാദി ഭാഗങ്ങളുടെ വാദം വിശദമായി പരിശോധിച്ച ശേഷം, പ്രതിക്ക് ഇടക്കാല മുൻകൂർ ജാമ്യം നൽകാമെന്നാണ് കോടതി തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here