സൗജന്യ ഡയാലിസിസിനെത്തുന്നവര്‍ക്ക് വാഹനസൗകര്യം, ഇന്‍ജക്ഷനുകള്‍, പ്രതിമാസ മെഡിക്കല്‍ ചെക്കപ്പുകള്‍, മറ്റ് വ്യക്തിപരമായ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം സൗജന്യമായി നിറവേറ്റി നല്‍കുന്നതാണ് പുതിയ പദ്ധതി

നിലവില്‍ 19 മെഷീനുകളോടെ പ്രതിമാസം നടത്തുന്ന 1300 ല്‍പ്പരം ഡയാലിസിസ് ജനങ്ങളുടെ കൂട്ടായ്മയില്‍ 32 മെഷീനുകളും പ്രതിമാസം 2500 ഡയാലിസിസുകളും എന്ന ലക്ഷ്യത്തിലേക്ക് ഉയര്‍ത്താനും ലക്ഷ്യം

എടമുട്ടം: സാമൂഹ്യസേവന രംഗത്ത് നിരവധി സംഘടനകളുണ്ടെങ്കിലും ചരിത്രത്തിനൊപ്പം നടക്കാതെ ചരിത്രം രചിക്കുന്ന സംഘടനകള്‍ അധികമില്ലെന്നും ആല്‍ഫ പാലിയേറ്റീവ് കെയറിനെ ചരിത്രം രചിക്കുന്ന സംഘടനയായാണ് താന്‍ കാണുന്നതെന്നും റവന്യുവകുപ്പു മന്ത്രി അഡ്വ. കെ. രാജന്‍. ആല്‍ഫ പാലിയേറ്റീവ് കെയറിനു കീഴില്‍ 19 മെഷീനുകളുമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഡയാലിസിസിന്റെ കുടുംബക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ ഡയാലിസിസിനെത്തുന്നവര്‍ക്ക് വാഹനസൗകര്യം, ഇന്‍ജക്ഷനുകള്‍, പ്രതിമാസ മെഡിക്കല്‍ ചെക്കപ്പുകള്‍, മറ്റ് വ്യക്തിപരമായ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.

2005ല്‍ ആല്‍ഫ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ കിടപ്പിലായവര്‍ക്കും ശയ്യാവ്രണങ്ങള്‍ക്കുള്ള പരിചരണത്തിനുമായിരുന്നു മുഖ്യസ്ഥാനമെന്ന് ആമുഖപ്രഭാഷണം നടത്തിയ ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ പറഞ്ഞു. 2009ല്‍ തുടക്കമിട്ട പുനര്‍ജനിയിലൂടെ ഫിസിയോ തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ നല്‍കി ചലനശേഷി തിരിച്ചു പിടിയ്ക്കാന്‍ രോഗികളെ സഹായിച്ച് ശയ്യാവ്രണങ്ങളില്‍ നിന്ന് മോചനം നേടുന്നതിനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു. പിന്നീട് ക്രോണിക് കിഡ്നി രോഗം ബാധിച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഡയാലിസിസ് കൂടിയേ തീരുവെന്നതാണ് അവരേയും പാലിയേറ്റീവ് കെയറിന്റെ ഭാഗമായി കാണാനും ആല്‍ഫ ഡയാലിസിസ് സര്‍വീസിനും തുടക്കമിടാന്‍ പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ ഡയാലിസിസുകൊണ്ടു മാത്രം അവരുടെ മുഖത്ത് ചിരി വരുത്താനാവില്ലെന്ന തിരിച്ചറിവാണ് പുതിയ പദ്ധതിയിലേക്ക് നയിച്ചത്. നിലവില്‍ 19 മെഷീനുകളോടെ പ്രതിമാസം നടത്തുന്ന 1300 ല്‍പ്പരം ഡയാലിസിസ് ജനങ്ങളുടെ കൂട്ടായ്മയില്‍ 32 മെഷീനുകളും പ്രതിമാസം 2500 ഡയാലിസിസുകളും എന്ന ലക്ഷ്യത്തിലേക്ക് ഉയര്‍ത്താനാണ് ആല്‍ഫയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി ടെംപോ ട്രാവര്‍ വാഹനം ലഭ്യമാക്കിയ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ ഗ്രാജ്വേറ്റ്സ്, യു.എ.ഇ പ്രസിഡന്റ് ഡോ. ജോര്‍ജ് ജോസഫ് അധ്യക്ഷനായ ചടങ്ങില്‍ എ.കെ.എം.ജി എമിറേറ്റ്സ് മുന്‍ പ്രസിഡന്റ് ഡോ. സിറാജുദ്ദീന്‍ പി. മൊയ്തീന്‍, സെക്രട്ടറി ജനറല്‍ ഡോ. സഫറുള്ള ഖാന്‍, ആല്‍ഫ ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ആല്‍ഫ പാലിയേറ്റീവ് കൗണ്‍സില്‍ യു.എ.ഇ സെക്രട്ടറി ജനറല്‍ ടി.വി. രമേഷ്, ആല്‍ഫ മെഡിക്കല്‍ ഡിവിഷന്‍ ഹെഡ് ഡോ. ജോസ് ബാബു, ഗവേണിംഗ് കൗണ്‍സില്‍ അംഗം വി.ജെ.തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയാലിസിസ് സേവനം നേടുന്നവര്‍ക്കുള്ള സൗജന്യ യാത്രാവാഹനത്തിന്റെ ഫ്ളാഗ് ഓഫ് ഡയാലിസിസ് സേവനം നേടുന്ന കുടുംബാംഗം നാട്ടിക സ്വദേശി നാരായണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ സ്വാഗതവും ഡയാലിസിസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.എഫ്. ജോയ് നന്ദിയും പറഞ്ഞു. ആല്‍ഫയുടെ വിവിധ സെന്ററുകളുടെ ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഡയാലിസിസ് കൗണ്‍സില്‍ ഭാരവാഹികള്‍, ഡയാലിസിസിനെ പിന്തുണയ്ക്കുന്ന ഹാപ്പിനെസ് ക്ലബ് അംഗങ്ങള്‍, സ്റ്റാഫ്, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



ഫോട്ടോ ക്യാപ്ഷന്‍: ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഡയാലിസിസ് സെന്ററിന്റെ കുടുംബക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ റവന്യുമന്ത്രി നിര്‍വഹിച്ചശേഷം ഡയാലിസിസിനെത്തുന്നവര്‍ക്കുള്ള സൗജന്യ യാത്രാസേവനത്തിനുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുന്ന ഡയാലിസിസ് നേടുന്ന കുടുംബാംഗം നാട്ടിക സ്വദേശി നാരായണന്‍ മാസ്റ്റര്‍.

 



ഫോട്ടോ 2: ആല്‍ഫ ഡയാലിസിസ് കുടംബക്ഷേമ പദ്ധതികളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങ്

LEAVE A REPLY

Please enter your comment!
Please enter your name here