രാജേഷ് തില്ലങ്കേരി


രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാണ്. കൊവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായിരുന്ന കേരളം ഇന്ന് കൊവിഡ് വ്യാപനത്തിൽ ലോകത്തിന് അത്ഭുതമായി തീർന്നിരിക്കയാണ്. കേരളത്തിൽ കൊവിഡ് വ്യാപനം അതിശക്തമാണ്. ആരോഗ്യവകുപ്പിന് കൊവിഡ് വ്യാപനം തടയുന്നതിൽ വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. 

കൊവിഡ് വ്യാപനം ശക്തമായതോടെ കൊവിഡ് പ്രൊട്ടോക്കോൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു, വിവിധ ജില്ലകളെ ക്ലസ്റ്ററുകളായി തിരിച്ചു. മരണം വിവാഹം എന്നീ ചടങ്ങുകൾക്ക് 20 പേർ മാത്രമേ പാടുള്ളൂ എന്നു നിയമം പാസാക്കി. എന്നാൽ കൊവിഡ് നിയന്ത്രണവും നിയമങ്ങളും പ്രൊട്ടോക്കോളും ഒന്നും നമുക്കൊരു വിഷയമേ അല്ലെന്നാണ് ഭരണ കക്ഷിയായ സി പി എമ്മിന്റെ പ്രഖ്യാപനം. കൊവിഡ് കാലത്ത് ആളുകൾ കൂട്ടം കൂടരുതെന്നും, സാമൂഹികാകലം പാലിക്കണമെന്നുമൊക്കെ മുഖ്യമന്ത്രി ടി വി ഷോയിൽ പറയും. എന്നാൽ സ്വന്തം പാർട്ടിയുടെ കാര്യം വന്നപ്പോൾ അതൊന്നും നമുക്കുവേണ്ടിയല്ലല്ലോ പറഞ്ഞത് എന്നായി ഭാവം.

കൊവിഡ് വ്യാപനത്തിന് പ്രധാന കാരണം കഴിഞ്ഞ മാസവും ഈ മാസവുമായി നടക്കുന്ന സി പി എം സമ്മേളനങ്ങളാണെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കൊവിഡിന്റെ ആദ്യകാലത്ത് വാളയാറിൽ ഒരിറ്റ് ദാഹജലം നൽകാനായി എത്തിയ എം പിമാരെയും കോൺഗ്രസ് എം എൽ എമാരെയും മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് അധിക്ഷേപിച്ച അതേ പാർട്ടിക്കാരാണ് ഇപ്പോൾ മെഗാതിരുവാതിര കളിച്ച് കൊവിഡ് വ്യാപനത്തിനുള്ള വഴിതുറന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. 
 
കാസർകോട് സി പി എം സമ്മേളനം നടത്താനായി കലക്ടറെ കൊണ്ട് ഉത്തരവ് മാറ്റിച്ചതും വിവാഗദമായിരിക്കയാണ്. തിരുവനന്തപുരത്ത് സി പി എം സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേർക്കും കൊവിഡ് ബാധിച്ചു. മിക്ക ജില്ലകളിലും കൊവിഡ് കുതിച്ചുയരാൻ കാരണം നിയന്ത്രണങ്ങളിൽ സി പി എം വെള്ളം ചേർത്തതാണെന്നാണ് വി ഡി സതീശന്റെ ആരോപണം. എന്നാൽ  കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി നടത്തുന്നതെന്നാണ് സഖാവ് കോടിയേരിയുടെ വാദം. അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാമല്ലോ…..

അവാർഡൊക്കെ കിട്ടിയ സംസ്ഥാനമായിരുന്നു നമ്മുടേതൊന്നും ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് അറിയില്ലല്ലോ… കൊവിഡ് വ്യാപനം ശക്തമായയിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം വായിക്കുന്ന മാനസികാവസ്ഥയിൽ വായിച്ച് തന്റെ റോൾ ലഘൂകരിച്ചിരിക്കയാണ് മന്ത്രി, ഇത് ടീച്ചറമ്മയല്ല, ജേർണലിസ്റ്റമ്മയാണ്….


ഇടുക്കിയിൽ നിന്നും ഉയരുന്ന എം എം മണിയുടെ ഭീഷണികൾ

ഇടുക്കിയിൽ 22 വർഷമായി നിലനിൽക്കുന്ന വിവാദവിഷയമാണ് രവീന്ദ്രൻ പട്ടയം. ദേവികുളം അഡീഷണൽ തഹസിൽദാറായിരുന്ന ഐ എം രീവന്ദ്രൻ നൽകിയ പട്ടയമാണിത്.  ചട്ടങ്ങളും വകുപ്പുകളും കാറ്റിൽ പറത്തിക്കൊണ്ട് നൽകിയ പട്ടയമായതിനാലാണ് രവീന്ദ്രൻ പട്ടയം എന്ന പേരിൽ ഈ പട്ടയം അറിയപ്പെടുന്നത്.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചില പൂച്ചകളുടെ അകമ്പടിയോടെ മൂന്നാറിലെ കയ്യേറ്റ ഭൂമി പിടിച്ചെടുക്കാൻ ഒരു നീക്കം നടത്തി. എന്നാൽ പാതിവഴിക്കുവച്ച് മൂന്നാർ ദൗത്യം മതിയാക്കി വി എസിന് പിൻവാങ്ങേണ്ടിയും വന്നു. സി പി എം നേതാക്കളുടെ ശക്തമായി എതിർപ്പായിരുന്നു മൂന്നാർ ദൗത്യം പരാജയപ്പെടാൻ കാരണം. ഇടുക്കി രാജ്യത്തെ രാജാവായിരുന്ന എം എം മണി അന്ന് വി എസിനെതിരെ തിരിഞ്ഞു. വി എസിനെ വെല്ലുവിളിച്ചു. കാലം ഏറെ പിന്നിട്ടു. എം എം മണി പിന്നീട് മന്ത്രിയായി. രണ്ടാമതും എം എം മണി ജനപ്രതിനിധിയായി. കഴിഞ്ഞ ദിവസം റവന്യൂവകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ളതായിരുന്നു.


ദേവികളും താലൂക്കിലെ വിവിധ വില്ലേജുകളിലായി കിടക്കുന്ന 532 രവീന്ദ്രൻ പട്ടയം റദ്ദാക്കാനായിരുന്നു ആ ഉത്തരവ്. ഉത്തരവ് കണ്ട് എം എം മണിക്ക് ഹാലിളകി. അദ്ദേഹം ആദ്യം കാർക്കിച്ചു തുപ്പി, എന്നിട്ട് ഒരു പുല്ലനും ഉത്തരുമായി വരേണ്ടതില്ലെന്ന് പ്രഖ്യാപിച്ചു. മണിയാശാന്റെ ഈ ചൂടിനുള്ള കാരണം അധികമൊന്നും തിരക്കേണ്ട കാര്യമില്ല. സി പി എം ഓഫീസ് പ്രവർത്തിക്കുന്നത് രവീന്ദ്രൻ പട്ടയഭൂമിയിലാണ്. മാത്രവുമല്ല, മണിയാശാന്റെ പേരിലാണേത്രേ  ആ പട്ടയം. 
 
ആശാനും കുടുംബവും താമസിക്കുന്നുഎന്ന രേഖയുണ്ടാക്കിയാണ് രവീന്ദ്രനെ സ്വാധീനിച്ച് പട്ടയം നേടിയത്. രവീന്ദ്രൻ അതി ബുദ്ധിമാനായിരുന്നു, അതിനാലാണ് സി പി എം ഓപീസിനും പട്ടയം നൽകിയത്. പാർട്ടി പിന്നീട് ആ പട്ടയം സംരക്ഷിക്കുമെന്നാണ് രവീന്ദ്രനെന്ന ബു്ദ്ധിമാന് അറിയാമായിരുന്നു. ഇതാ എം എം മണി കട്ടക്ക് നിൽക്കയാണ് രവീന്ദ്രനെ സംരക്ഷിക്കാനായി. കാർഷിക ഭൂമിക്ക് മാത്രമാണ് പട്ടയം. അത് അട്ടിമറിച്ചാണ് വല്യേട്ടനും കുഞ്ഞേട്ടനും പട്ടയം സംഘടിപ്പിച്ചത്. എന്തായാലും പോരാട്ടത്തിലാണ് ഇടുക്കിയിലെ രാഷ്ട്രീയ നേതാക്കൾ. സി പി എം- സി പി ഐ പോരാട്ടത്തിലാണ് രവീ്ന്ദ്രൻ പട്ടയം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപ്  കുരുക്കിലേക്ക്

നടൻ ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തിരിക്കയാണ്.  കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 ബി ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തത്.
നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപോർട്ട് നൽകി. ഈ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. ദീലീപിന് ജാമ്യം നൽകുന്നത് നേരത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നുണ്ട്.

ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കേസിലിതുവരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിൻറെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് – പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ നിയമത്തിൻറെ പിടിയിൽ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും ദിലീപ് നടത്തുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറൻസിക് പരിശോധന നടത്തണം.

അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ദിലീപ് ശ്രമിക്കുന്നത്. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. അതിനാൽ എട്ടാം പ്രതിയായ ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ അത് കേസിൻറെ അന്വേഷണത്തെത്തന്നെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം നൽകരുതെന്നും സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതിയെ അറിയിച്ചിരിക്കുകയാണ് . ദിലീപിനിത് എന്തായാലും നല്ല കാലമല്ലെന്ന് വ്യക്തം.


സിൽവർ ലൈൻ- പ്രതിഷേധം ശക്തമാവുന്നു


കെ റെയിൽ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. കെ-റെയിൽ പദ്ധതി നടപ്പാക്കാനായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പൗരപ്രമുഖരെ വിളിച്ചു ചേർത്തുകൊണ്ടാണ് ജനപിന്തുണയുണ്ടെന്നും കെ-റെയിൽ സ്ഥാപിക്കുന്നതോടെ കേരളത്തിനുണ്ടാവുന്ന ഗുണഗണങ്ങളെകുറിച്ചുള്ള വീരഗാഥകൾ പാടിപ്പുകഴ്ത്തിയത്. പാണന്മാർ ഇനി കെ റെയിലിന്റെ മഹത്വഗാഥകൾ നാട്ടിലുടനീളം പാടിനടക്കുമെന്നും പിണറായി പ്രയഖ്യാപിച്ചു. പൗരപ്രമുഖർ ഇതെല്ലാം കയ്യടിച്ച് അംഗീകരിച്ചു. പൗര പ്രമുഖരായി പിണറായി നൽകിയ അംഗീകാരത്തിന്റെ ആവേശത്തിലായിരുന്നല്ലോ അവരൊക്കെ.

ഡി പി ആർ പ്രസിദ്ധീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. സമ്മർദ്ധങ്ങൾ ശക്തമായതോടെ ഡി പി ആർ പ്രസിദ്ധീകരിച്ചു. ഇതോടെ ജനങ്ങൾക്ക് കാര്യം മനസിലായി. കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൂടെ സിൽവർ ലൈൻ കടന്നു പോവുന്നത് ഏറെ ദോഷമാണുണ്ടാക്കുകയെന്ന്. കോർപ്പറേറ്റുകൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.

സമര പ്രഖ്യാപനവുമായി കെ റെയിൽ വിരുദ്ധ സമിതിയും സജീവമായി രംഗത്തുണ്ട്. മാടായിപ്പാറയിലും, അങ്കമാലിയിലും സർവ്വേക്കുറ്റികൾ പിഴുത് റീത്ത് വച്ചു. സർവ്വേ നടത്താനുള്ള ശ്രമത്തെയും തടഞ്ഞതോടെയാണ് വിശദീകരണ യോഗവുമായി മന്ത്രിമാർ രംഗത്തെത്തിയത്. കണ്ണൂരിൽ മന്ത്രി എം വി ഗോവിന്ദന്റെ വിശദീകരണ യോഗത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇടിച്ചുകയറിയതോടെ സംഘർഷമായി. കേരളം കൂടുതൽ സമരമുഖത്തേക്ക് അടുക്കുകയാണ് എന്ന് വ്യക്തം. 
 
ആരും കണ്ണീര് കുടിക്കില്ലെന്നുള്ള പ്രസ്താവനയാണ് ഇടയ്ക്കിടെ മന്ത്രിമാർ നടത്തുന്നത്. കണ്ണീർ കുടിക്കൽ മാത്രമല്ല, നഷ്ടപരിഹാരത്തിന്റെ ലഭ്യതയല്ല പ്രധാന പ്രശ്‌നം. കേരളത്തിനുണ്ടാക്കുന്ന പാരിസ്ഥിതിഘാതമാണ്. ഇതാണ് ഇവിടെ ആരും തിരിച്ചറിയാത്തത്. സാമൂഹ്യാഘാത പഠനം നടത്താതെയാണ് കെ റെയിലിനായി ഡി പി ആർ ഉണ്ടാക്കിയിരിക്കുന്നത്. ഇതെല്ലാം പദ്ധതിയിൽ സർക്കാരിനുള്ള കള്ളക്കളിയുടെ ഉദാഹരണമായി സമരക്കാർ ചൂണ്ടിക്കാണിക്കുകയാണ്.
കേരളത്തെ കടക്കെണിയിൽ കരുക്കുന്ന കെ റെയി്ൽ ഉപേക്ഷിക്കണമെന്ന് പ്രമുഖരെല്ലാം ആവശ്യമുന്നയിച്ചു കഴിഞ്ഞു. ഇനി യെന്താണ് എന്ന് വരും നാളുകളിൽ കാണാനിരിക്കുന്നതേയുള്ളൂ….

വീണ്ടും പൊലീസിനെ കുറിച്ചുതന്നെ


കേരളത്തിലെ പൊലീസ് സേനയ്ക്കിതെന്തുപറ്റിയെന്ന ചോദ്യം തുടർച്ചയായി ചോദിക്കേണ്ടിവരികയാണ്. തിരുവനന്തപുരത്തെ നിരപരാധികളായ ദമ്പതികളെയാണ് പൊലീസ് ഒരു വർഷക്കാലമായി പ്രതിസ്ഥാനത്ത് നിർത്തി പീഢിപ്പിച്ചത്. പതിനാലുകാരിയായ വളർത്തുമകളുടെ മരണത്തിന് അച്ഛനും അമ്മയും ആണ് കാരണക്കാരെന്ന് പൊലീസ് സ്വയം പ്രഖ്യാപിച്ച് കുറ്റം ഏറ്റെടുപ്പിക്കാൻ നടത്തിയ ഹീന ശ്രമമാണ് കേരള ജനത ഇപ്പോൾ ചർച്ച ചെയ്യുന്നത്.
 
 മറ്റൊരു കൊലക്കേസിൽ പിടിക്കപ്പെട്ടപ്പോഴാണ് യഥാർത്ഥ പ്രതികൾ ആരാണെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ അമ്മയെയും മകനെയും അറസിറ്റു ചെയ്തപ്പോഴാണ് ഒരു വർഷം മുൻപ് നടന്ന ക്രൂരമായ കൊലയുടെ യഥാർത്ഥ കുറ്റവാളികൾ വെളിച്ചത്തുവരുന്നത്.
 പൊലീസ് നിരന്തരമായി പീഢനത്തിന് വിധേയമാക്കിയതോടെ എല്ലാ കുറ്റവും അവർ ഏറ്റെടുത്തു. ഇതോടെ സമൂഹത്തിൽ ഒറ്റപ്പെട്ടു. ബന്ധുക്കൾ ആരും അടുപ്പിച്ചില്ല, എന്തൊരു ക്രൂരതയാണ് പൊലീസ് കാണിച്ചതെന്ന് അവർക്കിപ്പോൾ ഓർക്കാൻപോലും പറ്റുന്നില്ല. ആരാണ് ഇതിനൊക്കെ ഉത്തരം പറയുക. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന പൊലീസിനെ എന്താണ് വിളിക്കേണ്ടത്.

ആലുവയിലെ മൊഫിയ പർവ്വീണിന്റെ ആത്മഹത്യാ കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനും പൊലീസ് ക്ലീൻ ചിറ്റ് നൽകിയിരിക്കയാണ്. ഇതെല്ലാം പൊലീസിനെ കൂടുതൽ കുറ്റവൈകല്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുമെന്ന് വ്യക്തം. തികച്ചും പരാജയപ്പെട്ട ആഭ്യന്തരവകുപ്പിന് ഇതൊന്നും ഒരു സംഭവമേയല്ലാതായി എന്ന് വ്യക്തം.


വാൽകഷണം :  
സി പി എം സമ്മേളനങ്ങൾ കൊവിഡ് വ്യാപനത്തിന് വഴിവെക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് കോടിയേരി ബാലകൃഷ്ണൻ. സിനിമാ നടൻ മമ്മൂട്ടിക്ക് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് കൊവിഡ് ബാധിച്ചതെന്നും കോടിയേരി ചോദിക്കുന്നു. എന്താ ല്ലേ…. ?

LEAVE A REPLY

Please enter your comment!
Please enter your name here