കണ്ണൂർ : കേരളത്തെയും കർണ്ണാടത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ അന്തർസംസ്ഥാന പാലം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസ്, അഡ്വ സണ്ണി ജോസഫ് എം എൽ എ, വീരാജ്‌പേട്ട എം എൽ എ കെ. ജി ബൊപ്പയ്യ, കുടക് എം എൽ സി സുജ കുശാലപ്പ, കണ്ണൂർ ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ , പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രജനി എന്നിവർ തുറന്ന വാഹനത്തിൽ പാലത്തിൽ കൂടി സഞ്ചരിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കേരളത്തിലെയും കർണ്ണാടകത്തിലെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.

356 കോടിയുടെ തലശ്ശേരി-വളവ്പാറ റോഡ് നവീകരണത്തിൽ ഉൾപ്പെടുത്തി കെ.എസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി 6.75 കോടി രൂപ ചെലവഴിച്ചാണ് പാലം പൂർത്തീകരിച്ചത്. പാലം തുറന്നതോടെ ഇരു സംസ്ഥാനങ്ങളിലേക്കു നിത്യേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്കും വ്യാപാരി സമൂഹത്തിനും വലിയ ആശ്വാസമായി. 90 മീറ്റർ നീളത്തിൽ അഞ്ചു തൂണുകളിലായി നിർമ്മിച്ച പാലത്തിന്റെ നിർമ്മാണ പ്രവൃത്തി 2017 ഒക്ടോബറിലാണ് തുടങ്ങിയത്. പുതിയ പാലം തുറന്നതോടെ പഴയപാലം ചരിത്ര സ്മാരകമായി നിലനിർത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here