ന്യൂജേഴ്‌സി: നാട്ടിൽ അവധിയ്ക്ക് പോകുന്ന പ്രവാസികളുടെ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ നിർത്തലാക്കിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ഫൊക്കാന നേതൃത്വം സ്വാഗതം ചെയ്തു. പ്രവാസികളായ മലയാളികൾ പ്രത്യേകിച്ച് അമേരിക്കൻ മലയാളികൾ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനിരിക്കെയാണ് കേരളത്തിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മൂന്നാഴ്ച്ച മുൻപ് പ്രവാസികളായ വിമാന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നത്. 

അമേരിക്കയിൽ നിന്ന് നാട്ടിൽ എത്തുന്ന നിരവധി  മലയാളികൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി എന്നിവർ കഴിഞ്ഞ ദിവസം  മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിസുമായി നേരീട്ട് ബന്ധപ്പെട്ടപ്പോൾ തൊട്ടടുത്ത മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമായുണ്ടാക്കാമെന്ന് വാക്കാൽ ഉറപ്പു നൽകിയതായും ഫൊക്കാന നേതാക്കൾ അറിയിച്ചു. 

രണ്ടോ മൂന്നോ ആഴ്ചകൾ മാത്രം അവധിക്കു വരുന്ന പ്രവാസി മലയാളികൾക്ക് ഈ നടപടി വലിയ ബുദ്ധിമുട്ടുകൾ ഉളവാക്കിയിരുന്നു. ക്വാറന്റൈൻ സമയം കഴിഞ്ഞു നാട്ടിൽ  നിൽക്കാൻ പരിമിതമായ സമയം മാത്രമുള്ളതിനാൽ പലർക്കും യാത്രകൾ റദ്ദ് ചെയ്യേണ്ടതായും വന്നിരുന്നു. രണ്ടും മൂന്നും വാക്‌സിനുകൾ എടുത്തശേഷം യാത്രയ്ക്ക് മുൻപും യാത്രയ്ക്ക് ശേഷവും ആർ.ടി.പി.സി.. ടെസ്റ്റുകൾ എടുത്ത ശേഷവും വീണ്ടും ക്വാറന്റൈനിൽ കഴിയേണ്ടി വരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഫൊക്കാന നേതാക്കൾ മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ  ചൂണ്ടിക്കാട്ടിയിരുന്നു. 
 
ഫൊക്കാനയുടെ നിവേദനം സ്വീകരിച്ചു സത്വര നടപടികൾ കൈക്കൊണ്ട മുഖ്യമന്ത്രി പിണറായി വിജയനോടും  അദ്ദേഹത്തിന്റെ ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോടും  ഫൊക്കാന നേതാക്കൾ നന്ദി അറിയിച്ചു.
 
 നാട്ടിലേക്ക് എത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി എന്ന തീരുമാനവും സ്വാഗതാർഹമാണെന്ന് ഫൊക്കാന നേതാക്കൾ അറിയിച്ചു. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂവെന്ന കോവിഡ് അവലോകന യോഗ തീരുമാനം പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ലല്ലെന്നും  പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാൻ പാടുള്ളൂവെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ  ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചുകൊണ്ടുള്ള   മുഖ്യമന്ത്രിയുടെ ഉത്തരവും ഏറെ  ശ്ലാഘനീയമാണെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here