രാജേഷ് തില്ലങ്കേരി 

  മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന  മനോഹരമായ ഒരിടത്തായിരുന്നു ഇത്തവണത്തെ ഫൊക്കാന കേരളാ കൺവെൻഷൻ നടന്നത്. പരമ്പരാഗതമായി  കൺവെൻഷൻ പക്ഷനക്ഷത്ര ഹോട്ടലുകളിലായിരുന്നു നടന്നിരുന്നത്. എന്നാൽ അതിൽ നിന്നും വഴിമാറിയുള്ള ഒരിടമായിരുന്നു കേരളാ കൺവെൻഷനായി ഫൊക്കാന ഭാരവാഹികൾ കണ്ടെത്തിയിരുന്നത്.  

കഴക്കൂട്ടം കിൻഫ്രപാർക്കിലെ മാജിക് പ്ലാനറ്റിൽ 2022 ലെ കൺവെൻഷന് ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു. ഭിന്നശേഷിക്കാരായ മക്കൾക്കായിരുന്നു ഈ കൺവെൻഷൻ സമർപ്പിച്ചിരുന്നത്. 2022 ലെ കൺവെൻഷന് മുന്നോടിയായി നടന്ന കേരളാ കൺവെൻഷൻ എക്കാലത്തും ഓർക്കപ്പെടാൻ പോവുന്നതും അതൊന്നു കൊണ്ടു മാത്രമാണ്.

മാജിക്ക് പ്ലാനറ്റിൽ നടന്ന കൺവെൻഷന്റെ വിജയത്തിന് പിന്നിൽ ഏറെ സ്മരിക്കപ്പെടേണ്ട വ്യക്തിയാണ് ഗോപിനാഥ് മുതുകാട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഫൊക്കാന ഭാരവാഹികളിൽ പലർക്കും നേരത്തെ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി  കൺവെൻഷന്റെ രക്ഷാധികാരികൂടിയായ  മുതുകാടിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തകൃതിയായി നടന്നു. കൊറോണ രൂക്ഷമായ ഘട്ടത്തിൽ സമ്മേളനം നടക്കുമോ എന്ന സംശയം ഫൊക്കാന ഭാരവാഹികൾക്കിടയിൽ ആശങ്കയുയർത്തി. അപ്പോഴെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു മുതുകാട്. ആ ആത്മവിശ്വാസത്തിനു മുന്നിൽ ഫൊക്കാന ഭാരവാഹികളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലായിരുന്നു.

ഫൊക്കാന സമ്മേളനങ്ങളുടെ കർട്ടൻ റൈസറായി നടന്ന കണ്ണുകെട്ടിയുള്ള മോട്ടോർ സൈക്കിൾ റൈസിംഗ് എന്ന ആശയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൺവെൻഷനിൽ ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചതും മാജിക്ക് പ്ലാനറ്റ് സമ്മേളന വേദിയാക്കിയതും, ഫൊക്കാന മാജിക്ക് പ്ലാനറ്റിന് നൽകുന്ന സാമ്പത്തിക സഹായവുമായിരുന്നു. ഫൊക്കാന മാജിക്ക് പ്ലാനറ്റിൽ ശാരീരിക  വൈകല്യം സംഭവിച്ചവരെ മാജിക്ക് പഠിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി സ്‌പോൺസർ ചെയ്യുന്നതായി കൺവെൻഷനിൽ പ്രഖ്യാപിച്ചിരുന്നു. ഭിന്നശേഷിക്കാരായ 100 കുട്ടികളെയാണ് മാജിക്ക് പ്ലാനറ്റിൽ പരിശീലനം നൽകി ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ഗോപിനാഥ് മുതുകാട് പദ്ധതിയിട്ടിരിക്കുന്നത്. അത് അത് അത്രയൊന്നും ലഘുവായ ഒരു കർമ്മമായിരുന്നില്ല.

ഒരു മജീഷ്യന് ഒരു ദൈവതുല്യനായി മാറാൻ പറ്റുമോ ?  എന്ന ചോദ്യമാണ് കൺവെൻഷനിൽ പങ്കെടുത്ത പലരും ഉന്നയിച്ച ചോദ്യം. എന്നാൽ അത് സാധ്യമാണ് എന്ന് മുതുകാട് തെളിയിച്ചിരിക്കുകയാണ്.

സാധാരണ ജീവിതത്തിൽ നിന്നും ഒരു പാട് അകലയുള്ള നൂറുകണക്കിന് കുഞ്ഞുങ്ങളെ സ്വന്തം മക്കളായി മാറ്റാനുള്ള മാജിക്ക് ആർക്കാണ് അറിയാവുന്നത്. ലോകത്തിൽ അങ്ങിനെ എന്തെങ്കിലും മാന്ത്രിക വിദ്യകാണിച്ച ആരെങ്കിലും ഉണ്ടാവുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഗോപിനാഥ് മുതുകാട് എന്ന മഹാമാന്ത്രികൻ. മാന്ത്രിക വിദ്യ കയ്യടക്കത്തിന്റെ കലയാണ്. കൺകെട്ട് വിദ്യയിലൂടെ കാണികളെ അത്ഭുതപ്പെടുത്തുകയും ഒപ്പം ആസ്വാദനത്തിന്റെ അത്ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുകയാണ് മാന്ത്രികൻ തന്റെ കർമ്മ മണ്ഡലത്തിൽ ചെയ്യാറ്. എന്നാൽ ഒരു മാന്ത്രികൻ മനുസുവച്ചാൽ ലോകത്ത് തന്നെ ചില മാന്ത്രിക സ്പർശം ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത മഹാനനീഷിയാണ് ഗോപിനാഥ് മുതുകാട്.

ഒരു പക്ഷേ, അസാധ്യമെന്ന് തോന്നിയേക്കാവുന്ന ഒരു വലിയ ദൗത്യമാണ് ഗോപിനാഥ് തന്റെ മാജിക്ക് പ്ലാനറ്റിൽ ഉണ്ടാക്കിയെടുത്തത്. ഭിന്നശേഷിക്കാരായ 100 കുട്ടികളെ അതിജീവനത്തിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഗോപിനാഥ് മുതുകാട് എന്ന മാന്ത്രികനെകുറിച്ച് ലോകത്ത് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. എന്നാൽ  ആ മാന്ത്രികൻ സ്വന്തം ജീവിതം പൂർണമായും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ശിഷ്ടജീവിതം മാറ്റിവച്ചു. ലോകം അറിയുന്ന മജീഷ്യനായ ഗോപിനാഥ് മുതുകാട് സ്റ്റേജ് ഷോ അവസാനിപ്പിച്ചാണ് മാജിക് പ്ലാനറ്റിന്റെ പ്രവർത്തനങ്ങളിൽ പൂർണമായും മുഴുകുന്നത്.


ഗോപിനാഥ് മുതുകാടിന് ഫൊക്കാനയുടെ സ്‌നേഹാദരങ്ങൾ അർപ്പിക്കയാണ്. ഇതെല്ലാം അദ്ദേഹത്തിന് മാത്രം അറിയാവുന്ന ഒരു മാജിക്കാണ് എന്നു വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം. ഇനിയും എത്രയോ അത്ഭുതങ്ങൾ രചിക്കനുണ്ട്  ഈ മഹാ മാന്ത്രികന്.

LEAVE A REPLY

Please enter your comment!
Please enter your name here