രാജേഷ് തില്ലങ്കേരി

സി പി എം സംസ്ഥാന സമ്മേളനം എറണാകുളത്ത് കൊടിയിറങ്ങുമ്പോൾ ഒട്ടേറെ പ്രത്യേകതകളുമായാണ് പാർട്ടി മുന്നോട്ടേക്ക് നയിക്കപ്പെടുന്നത്. കോടിയേരി ബാലകൃഷ്ണനു മുന്നിൽ ഏറ്റവും വലിയ ദൗത്യം പാർട്ടിയുടെ ബഹുജന പിന്തുണ വർദ്ധിപ്പിക്കുകയെന്നതാണ്. പാർട്ടി വളർന്നിരിക്കുന്നു, അവർ പ്രതീക്ഷിച്ചതിലും ഏറെ. പിണറായി എന്ന കേരളം കണ്ട ഏറ്റവും ശക്തനായ നേതാവിന്റെ പിന്നിൽ പാർട്ടി അണിനിരക്കുന്നതാണ് എറണാകുളം സമ്മേളനം കണ്ടത്.
സി പി എമ്മിന്റെ ഏറ്റവും വലിയ  ഘടകമാണ് കണ്ണൂർ. ഏറ്റവും കൂടുതൽ മെമ്പർമാരുള്ളതും കണ്ണൂർ ജില്ലയിലാണ് എന്ന് അർത്ഥം. അനുഭാവികളുടെ എണ്ണത്തിലും കണ്ണൂരാണ് മുന്നിൽ . ഇത് പുതിയ കണക്കൊന്നുമല്ല, ഏറെക്കാലമായി അതു തന്നെയാണ് സ്ഥിതി. പാർട്ടിയുടെ ചരിത്രത്തിൽ വി എസ് അച്ചുതാനന്ദൻ മാത്രമാണ് കണ്ണൂരിന് പുറത്തു നിന്നും മൂന്നു തവണ പാർട്ടി സെക്രട്ടറിയായത്. കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി നിർദ്ദേശിച്ചതും പിണറായി വിജയനാണ്. എതിർപ്പുകളില്ലാതെ കോടിയേരി വീണ്ടും സെക്രട്ടറിയായി. ഒരു പക്ഷേ, വിഭാഗീയത പൂർണമായും ഇല്ലാതായ ഒരു സമ്മേളനമായിരുന്നു എറണാകുളത്ത് നടന്നത് എന്ന് അനുമാനിക്കാം. പിണറായി വിജയൻ എന്ന അതിശക്തനായ നേതാവിനു മുന്നിൽ പാർട്ടി മുട്ടിടിച്ചു നിൽക്കുന്ന കാഴ്ചയാണ് എറണാകുളം കണ്ടത്. തുടർ ഭരണം പിണറായിയെ അത്രയേറ ശക്തനാക്കിയിരിക്കുന്നു.

പിണറായി വിജയന്റെ പിൻഗാമിയെന്ന നിലയിലാണ് കോടിയേരി ബാലകൃഷ്ണൻ എക്കാലത്തും സി പി എമ്മിൽ  ഉണ്ടായിരുന്നത്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി വിജയൻ സംസ്ഥാന കമ്മിറ്റി അംഗമായതിനെ തുടർന്നാണ് കോടിയേരി കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. പിന്നീട് സംസ്ഥാന സമിതി അംഗവും, കേന്ദ്രകമ്മിറ്റി അംഗവും, പൊളിറ്റ് ബ്യൂറോ അംഗവുമായി. ആലപ്പുഴയിൽ നടന്ന ആദ്യം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി, തൃശ്ശൂർ സമ്മേളനത്തിൽ രണ്ടാം ഊഴം, എറണാകുളം സമ്മേളനത്തിൽ കോടിയേരിക്ക് മൂന്നാം തവണയും സെക്രട്ടറിയുടെ ചുമതലയിൽ തുടരാൻ നിയോഗം ലഭിക്കുകയായിരുന്നു. വി എസ് അച്ചുതാന്ദൻ ഒഴികെ മറ്റെല്ലാവരും കണ്ണൂരുകാരായിരുന്നു സംസ്ഥാന സെക്രട്ടറിമാരായതെന്ന ചരിത്രവും സി പി എമ്മിനുണ്ട്.

പി ശശി എന്ന മാതൃകാ പുരുഷൻ, പി എ മുഹമ്മദ് റിയാസ് എന്ന മാന്ത്രികൻ

സി പി എമ്മിന്റെ കണ്ണൂരിലെ മുഖമായിരുന്നു ഒരു കാലത്ത് പി ശശി. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി ശശിയെന്ന നേതാവ്. എന്നാൽ മന്ത്രി ആർ ബിന്ദു സംസ്ഥാന സമ്മേളനത്തിൽ ആരോപിച്ച ചെറിയൊരു കുഴപ്പം കാണിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്തുപോവേണ്ടിവന്ന നേതാവുകൂടിയായിരുന്നു പി ശശി.

എന്നാൽ ആ ശശി തെറ്റു തിരുത്തിയത് അധികമാരും അറിഞ്ഞിരുന്നില്ല. പാർട്ടിയുടെ കോടതിയിൽ തെറ്റെല്ലാം തിരുത്തി പരിശുദ്ധനായി ശശി നിൽക്കുകയായിരുന്നു. പിന്നെ ശശിയെ വെറുതെ പുറത്തു നിർത്തുന്നതിൽ അർത്ഥമില്ലല്ലോ. തെറ്റു തിരുത്തുവർക്ക് പാർട്ടി എന്നും പരിഗണന നൽകും എന്ന് ഷൊർണ്ണൂരിലെ മുൻ എം എൽ എയായ പി കെ ശശിയുടെ കാര്യത്തിൽ പാർട്ടിക്കാർക്ക് അറിയാവുന്നതാണ്. തീവ്രത കുറഞ്ഞ ഒരു പീഢന പരാതിയിൽ  പാർട്ടി നടപടികൾ ഉണ്ടായെങ്കിലും കെ ടി ഡി സിയുടെ ചെയർനാക്കി തീവ്രത കുറക്കുന്നതാണ് പിന്നീട് നാം കണ്ടത്. തെറ്റു തിരുത്തുന്നവരെ പാർട്ടി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഗോപി കോട്ടമുറിക്കലിനെ കേരളാ ബാങ്കിന്റെ പ്രസിഡന്റായി നേരത്തെ തന്നെ പാർട്ടി അവരോധിച്ചിരുന്നു.

പി ശശി പാർട്ടിയിൽ വീണ്ടും കരുത്തനാവുന്ന കാലം വിദൂരമല്ല. ഒരു പക്ഷേ, അന്ന് പി ശശി പാർട്ടിയിൽ നിന്നും നടപടി നേരിട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് എറണാകുളം സമ്മേളനത്തിൽ പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നല്ലോ.

സി പി എമ്മിന് ലഭിച്ച കരുത്തനായ യുവ നേതാവാണ് പി എ  മുഹമ്മദ് റിയാസ്. ആദ്യമായി നിയമ സഭയിൽ എത്തിയപ്പോൾ ഏ്റ്റവും പ്രധാനപ്പെട്ട വകുപ്പുകൾ ലഭിച്ചു. ലഭിച്ച വകുപ്പിന്റെ പേരിൽ ഗംഭീര പി ആർ നടത്തി, ആറ് മാസത്തിനുള്ളിൽ തന്നെ ഗുഡ് മിനിസ്റ്റർ സർട്ടിഫിക്കറ്റും ലഭിച്ചു. ഇപ്പോഴിതാ പാർട്ടിയിലും റിയാസിന് വലിയ സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. പാർട്ടിയുടെ നയപരിപാടികൾ ആസൂത്രണം ചെയ്യുന്നത് 17 സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. അതിൽ ഒരാളായി റിയാസ് എത്തുകയാണ്. പാർട്ടിയിൽ റിയാസ് നടന്നു കയറിയത് അതിവേഗതയിലാണ്. ഡി വൈ എഫ് ഐ നേതാവിൽ നിന്നും തലമുതിർന്ന നേതാവായി വളരെ പെട്ടെന്നാണ് വളർന്നത്. ഒരു മജീഷ്യന്റെ കൈമിടുക്കോടെയാണ് റിയാസ് എല്ലാം നേടിയത്.

റിയാസ് പാർട്ടി സെക്രട്ടറിയേറ്റിന്റെ പടവുകൾ നടന്നു കയറുമ്പോൾ കൂത്തുപറമ്പിലെ പാർട്ടിയുടെ ചെന്താരകം ഗാന്ധിയൻ മാർഗത്തിലാണ്. പി ജെ ആർമ്മിയുടെ വാഴ്ത്തുപാട്ടിൽ സ്വയം ഇല്ലാതായി. ഇപ്പോൾ  ഗാന്ധി മാർഗം വായിച്ച് ഖാദിയിലൂടെ സ്വാതന്ത്ര്യം എന്ന പാഠഭാഗം വായിക്കുകയാണ്  പി ജയരാജൻ എന്ന വിപ്ലവ സിംഹം.

കോൺഗ്രസിലെ ജോലിയൊന്നുമില്ലാത്ത കുത്തിത്തിരിപ്പുകാർ, തൊഴിൽ രഹിതന്റെ വേദനകൾ ആരറിയുന്നു ….

കെ സുധാകരനെയും വി ഡി സതീശനെയും തമ്മിൽ ശത്രുക്കളാക്കിയത് ആരാണെന്നുള്ള അന്വേഷണത്തിലായിരുന്നു കോൺഗ്രസ് അണികൾ. കോൺഗ്രസിലെ ഉന്നത നേതാക്കളുടെ ബയോഡാറ്റ പരിശോധിച്ചു കൊണ്ടിരിക്കെയാണ് ഒരു പ്രൊഫൈൽ ശ്രദ്ധയിൽ പെട്ടത്. ഡൽഹിയിൽ അടക്കം പ്രവർത്തന പരിചയമുള്ള ഒരാൾ തൊഴിൽ രഹിതനായി നടക്കാൻ തുടങ്ങിയിട്ട് മാസം എട്ട് തികഞ്ഞു. പുരനിറഞ്ഞു നിൽക്കുന്ന ആ നേതാവ് പ്രതിപക്ഷ നേതാവിന്റെ ജോലിവരെ ചെയ്തതായിരുന്നു എന്ന കാര്യം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ വൈകിയാണേ്രത അറിഞ്ഞത്. എത്രയും പെട്ടെന്ന് ഡൽഹിയിൽ പോയി ആ കെ സി അണ്ണനെ കണ്ട് ആ തൊഴിൽ രഹിതന് ഉടൻ ജോലി ശരിയാക്കി കൊടുക്കുകയാണ് ഏറ്റവും നല്ല മാർഗം എന്നൊരു ഉപദേശമാണ് സമർപ്പിക്കാനുള്ളത്. അല്ലെങ്കിൽ ഇത്തരം കുത്തിത്തിരിപ്പുകൾ തുടരുകതന്നെ ചെയ്യും.

ഗ്രൂപ്പുകളുടെ അതിപ്രസരത്തിൽ നിന്നും കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ അവതരിച്ച പുലികൾ പൂച്ചയാവുകയാണോ എന്ന ആശങ്കയിലാണ് കോൺഗ്രസ് അണികൾ. കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിലുള്ള പരസ്യപോരാട്ടമാണ് ആശങ്കയിലേക്ക് കോൺഗ്രസിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. കെ പി സി സി -ഡി സി സി പുന:സംഘടനയുമായി നിലനിന്ന തർക്കം മറ്റൊരു തലത്തിലേക്ക് കടക്കുകയും, അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമാവുകയും ചെയ്തതോടെ കേരളത്തിലെ  കോൺഗ്രസിന്റെ ഭാവി ഇരുളടയുകയാണ്.

 ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പുനസംഘടനയിൽ ഒരുമിച്ച് പ്രതിഷേധിച്ച് രംഗത്തെത്തിയവേളയിൽ അവരെ ഒരുമിച്ച് ആക്രമിച്ചവരാണ് കെ സുധാകരനും വി ഡി സതീശനും. എന്നാൽ ചേരികൾ മാറി മറിയുന്നതാണ് പിന്നീട് കേരളം കണ്ടത്. ശത്രു മിത്രമാവുന്നതും, മിത്രം ശത്രുവാകുന്നതുമൊന്നും കോൺഗ്രസിൽ പുത്തരിയല്ലല്ലോ.  

രണ്ടാം വട്ടവും അധികാരത്തിൽ നിന്നും അകന്നു കഴിയേണ്ടിവന്നതിലുള്ള അസ്വസ്ഥതയും നിരാശയുമായി കഴിയുന്ന പാർട്ടി അണികളെ കൂടുതൽ നിരാശരാക്കുന്നതാണ് കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള അനൈക്യം.
പുനസംഘടന നിർത്തിവെക്കാനുള്ള നിർദ്ദേശം ഹൈക്കമാന്റിനെകൊണ്ട് നിർബന്ധിച്ച് പുറപ്പെടുവിച്ചതോടെ വി ഡി സതീശൻ- കെ സി വേണുഗോപാൽ അച്ചുതണ്ട് വിജയിച്ചെങ്കിലും കെ സുധാകരൻ പത്തിമടക്കാനുള്ള സാധ്യത കുറവാണ്. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാനുള്ള ദൗത്യമാണ് ഹൈക്കമാന്റ് സുധാകരനെ ഏൽപ്പിച്ചിരുന്നത്. അതിന്റെ ഭാഗമായി ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വെപ്പുകൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സുധാകരൻ ആരംഭിച്ചു. ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ടു. 51 കെ പി സി സി ഭാരവാഹികൾ മാത്രമായിരിക്കും കോൺഗ്രസിനെ നയിക്കുകയെന്ന് പ്രഖ്യാപിച്ചു. എ – ഐ ഗ്രൂപ്പുകൾ ഈ തീരുമാനത്തെ ശക്തമായി എതിർത്തെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ നേതൃത്വം മുന്നോട്ടുപോയി. ഉമ്മൻചാണ്ടി – രമേശ് ചെന്നിത്തല ടീം ശക്തമായി പ്രതിരോധിച്ചെങ്കിലും ഒരു സമ്മർദ്ദങ്ങൾക്കും വഴിപ്പെടില്ലെന്ന് കെ സുധാകരനും വി ഡി സതീശനും ഒരുമിച്ച് പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതതിലാണെന്ന് പാവം കോൺഗ്രസ് പ്രവർത്തകർ വിശ്വസിച്ചു.

എന്നാൽ അതൊക്കെ വെറും വിശ്വാസംമാത്രമാണെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. പോരാട്ടം ഇപ്പോൾ വി ഡി സതീശനും കെ സുധാകരനും തമ്മിലായിരിക്കുന്നു. രമേശ് ചെന്നില സുധാകരന്റെ ക്യാമ്പിലാണിപ്പോൾ. വി ഡി സതീശനും കെ സി വേണുഗോപാലും ചേർന്ന് പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് കെ സുധാകരന്റെ ആരോപണം. പുനസംഘടനയിൽ അനർഹർ കടന്നുകൂടുന്നു എന്നാണ് ചില എം പിമാരുടെയും എം എൽ എ മാരുടെയും ആരോപണം. ഹൈക്കമാന്റ് ഇടപെടലിലും സുധാകരൻ അസ്വസ്ഥനാണ്. രമേശ് ചെന്നിത്തല സുൂപ്പർ പ്രതിപക്ഷ നേതാവ് ചമയുന്നതിൽ ഏറെ അസ്വസ്ഥനാണ് വി ഡി സതീശൻ. ഈ അവസരം മുതലെടുത്താണ് ചെന്നിത്തല തന്റെ നേതാവായി കെ സുധാകരനെ പ്രഖ്യാപിച്ചിരിക്കുന്നത്. വി ഡി സതീശനെതിരെയാണ് നീക്കങ്ങൾ എന്ന് വ്യക്തം.

ഹൈക്കമാന്റിന്റെ നീക്കങ്ങൾ അംഗീകരിക്കാൻ കെ സുധാകരൻ ഒരുക്കമല്ല, ഹൈക്കമാന്റ് എന്നുപറയുന്നത് കെ സി വേണുഗോപാൽ ആണല്ലോ…. ഇനി എന്തൊക്കെ വരാനിരിക്കുന്നു എന്നാണ് കോൺഗ്രസുകാർ പറയുന്നത്. കണ്ണൂരിൽ നിന്നും കോൺഗ്രസിനെ രക്ഷിക്കാനായി എത്തിയ പുലി പൂച്ചയാവുമോ, അതോ പുലി പുലി പുലിയാതിത്തന്നെ തുടരുമോ എന്നറിയാൻ വരും ദിവസങ്ങളിലെ നീക്കങ്ങൾ കൂടി ശ്രദ്ധിക്കുക. ഒരു കാര്യം വ്യക്തമാണ്, കോൺഗ്രസ് ബങ്കറിൽ തന്നെ ഇനിയും ഇരിക്കേണ്ടിവരുമെന്ന് വ്യക്തം.

പുഷ്പനെ അറിയാമോ… കൂത്തുപറമ്പിൽ വെടിയേറ്റ് വീണ പുഷ്പനെ അറിയാമോ ?

1994 നവംബർ 25
കൂത്തുപറമ്പിൽ അഞ്ചുപേർ പൊലീസിന്റെ വേടിയേറ്റ് മരിച്ചു, അന്നത്തെ മന്ത്രി എം വി രാഘവനെ തടയാനെത്തിയ ഡി വൈ എഫ് ഐക്കാരുടെ നേരെ പൊലീസ് വെടിവെക്കുകയായിരുന്നു. അഞ്ചുപേർ റോഡിൽ വെടിയേറ്റ് മരിച്ചു. അന്ന്  വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് പിന്നീട് ഇത്രയും കാലം ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെയും കേരളം മറന്നിരിക്കില്ല. വിദ്യാഭ്യാസ മേഖലയെ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന യു ഡി എഫ് നിലപാടിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ സമരത്തിലാണ് അഞ്ചു സഖാക്കൾ വെടിയേറ്റു മരിച്ചത്. പുഷ്പൻ  പതിറ്റാണ്ടായി കിടപ്പിലാണ്. തെരഞ്ഞെടുപ്പ് കാലത്തെല്ലാം കേരളം കേൾക്കുന്ന ഒരു തിരഞ്ഞെടുപ്പ് പാട്ടുണ്ട്. പുഷ്പനെ അറിയാമോ…. നിങ്ങൾക്ക് പുഷ്പനെ അറിയാമോ എന്ന്….സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളന വേദിയിലും പുഷ്പനെ അറിയാമോ എന്ന ഗാനം ഉണ്ടായി.

കണ്ണൂർ പരിയാരത്ത് ഒരു മെഡിക്കൽ കോളജ് ആരംഭിക്കാൻ കെ കരുണാകരൻ നേതൃത്വം നൽകുന്ന മന്ത്രി സഭ തീരുമാനമെടുക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിന് പുറത്ത് ശക്തമായ കാലമാണിത്. പരിയാരത്ത് മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നിൽ അന്നത്തെ സഹകരണ മന്ത്രി എം വി രാഘവനും ഉണ്ടായിരുന്നു. സി പി എമ്മിന്റെ പ്രഖ്യാപിത ശത്രുവായ എം വി ആറിന്റെ ഏറ്റവും വലിയ വികസന പ്രഖ്യാപനമായിരുന്നു പരിയാരം മെഡിക്കൽ കോളജ്. സി പി എം അതിശക്തമായ പ്രക്ഷോഭം അഴിച്ചുവിട്ടു. സമര കൊടുങ്കാറ്റായിരുന്നു കേരളത്തിൽ ഉണ്ടായത്. സഹകരണ മേഖലയിൽ സ്വാശ്രയ മെഡിക്കൽ കോളജ് അനുവദിക്കില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചു. കേരളം യുദ്ധക്കളമായി. എന്നിട്ടും

ഇപ്പോഴിതാ സി പി എം സംസ്ഥാന സമ്മേളനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ വിദേശ നിക്ഷേപത്തോടെ സ്വകാര്യ മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കിയിരിക്കുന്നു.

സി പി എം സംസ്ഥാന സമ്മേളനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പാർട്ടിയും നവകേരള വികസന കാഴ്ചപ്പാടും എന്ന റിപ്പോർട്ടിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സ്ഥാപനങ്ങൾക്കു പുറമെ പൊതു – സ്വകാര്യ പങ്കാളിത്തത്തോടു കൂടിയ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വേണമമെന്നാണ് നിർദേശിക്കുന്നത്. ജനുവരിയിൽ നടന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരടിലെ വിദ്യാഭ്യസമേഖല സംബന്ധിച്ച നിർദേശങ്ങളിൽ നിന്ന് പാടേ വ്യത്യസ്തമാണ്  മുഖ്യമന്ത്രി അവതരിപ്പിച്ച റിപ്പോർട്ട്.

‘ഇപ്പോഴുളള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം അക്കാദമിക നിലവാരവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സർക്കാർ നീങ്ങുന്നത്. എന്നാൽ ഇതു മാത്രം പോരാ. വൻകിട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരേണ്ടതുണ്ട്. സർക്കാർ മേഖലയിലും പിപിപി മേഖലയിലും സ്വകാര്യ മേഖലയിലും ഈ രീതിയിൽ വൻകിട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകണം.’ മുഖ്യമന്ത്രി അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുൻകാലങ്ങളിൽ സിപിഎം സ്വീകരിച്ചിരുന്ന നയത്തിൽ നിന്നുള്ള വലിയ വ്യതിയാനമാണ്  പുതിയ വികസനരേഖയുടെ പ്രത്യേകത. അടുത്ത 25 വർഷത്തെ കേരളവികസനത്തിനുള്ള സമീപനരേഖയ്ക്കും പാർട്ടിയുടെ പ്രവർത്തനരീതി പരിഷ്‌കരിക്കാനുള്ള നിർദേശങ്ങൾക്കും സംസ്ഥാന സമ്മേളനം അംഗീകാരം നൽകിയിരിക്കയാണ്. ഇനി കേരളത്തിലേക്ക്  വിദേശത്തു നിന്നും വിദ്യാലയങ്ങൾ എത്തും  എന്ന് വ്യക്തം.

കോവിഡിൽ നിന്നും മോചനം

കൊവിഡിൽ നിന്നും പതുക്കെ നാം മോചനം നേടുകയാണ്. കുതിച്ചുയർന്നിരുന്ന കൊവിഡ് കണക്കുകൾ ഇപ്പോൾ ആശ്വാസകരമാണ്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ നാട്ടിൽ ഉൽസവങ്ങളും പെരുനാളുകളും ഒക്കെ പഴയ നിലയിലേക്ക് മാറിക്കഴിഞ്ഞു. രണ്ടു വർഷത്തെ അടച്ചിരിപ്പിൽ നിന്നും മോചനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ജനം. തകർന്നടിഞ്ഞ വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. ആഘോഷങ്ങളും മേളകളും ഒക്കെ നടന്നാൽ മാത്രമേ വിപണി ഉയരു. സിനിമാ തീയേറ്ററുകൾ സാധാരണ നിലയിലേക്ക് മാറിയതോടെ വമ്പൻ റിലീസുകളും നടക്കുന്നുണ്ട്. ഇത് മലയാള സിനിമാ വ്യവസായത്തിന് വലിയ ആശ്വാസമാണ് പകരുന്നത്.
ഇനി വിദേശ, അഭ്യന്തര വിനോദ സഞ്ചാര കേന്ദ്രങ്ങളും സജീവമാവുന്നതോടെ നമ്മൾ പഴയജീവിതം  തിരികെ പിടിച്ചു എന്നു പറയാം. എങ്കിലും തൊഴിൽ രഹിതരുടെ എണ്ണത്തിലുണ്ടായ വർദ്ധന ഏറെ ആശങ്കാജനകമാണ്. ഇത്തരത്തിൽ തൊഴിൽ നഷ്ടമായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയാണ് ഇനി ആവശ്യം. അതുണ്ടാവുമെന്നു തന്നെ പ്രത്യാശിക്കാം.

യുദ്ധവും സമാധാനവും

ലോകം മുഴുവൻ ഇപ്പോഴും ആശങ്കയിലാണ്. റഷ്യ- യുക്രൈയിൻ യുദ്ധം ഒരു ലോക യുദ്ധത്തിലേക്കോ ആണവ യുദ്ധത്തിലേക്കോ വഴിമാറുമോ എന്ന്. റഷ്യയുടെ അധിനിവേശത്തെ എല്ലാവരും അപലപിക്കു്‌മ്പോഴും കക്ഷി ചേരാതെ മാറി നിൽക്കുന്നതിനു പിന്നിൽ ഈ ഭയമാണ്. അമേരിക്കയുടെ ശക്തമായ വിയോചിപ്പുകൾ നിലനിൽക്കുമ്പോഴും റഷ്യൻ സേന യുക്രെയിനിലേക്ക് കടന്നു കയറിയത്. വിരുദ്ധ ചേരികൾ ആരും യുദ്ധത്തിൽ പങ്കാളികളാവില്ലെന്ന റഷ്യയുടെ വിശ്വാസമാണ്.
യുദ്ധം യുക്രൈൻ ജനതയെ ആകെ തകർക്കു കളഞ്ഞു. ഇതോടൊപ്പം യുക്രെയിനിൽ പഠനാവശ്യത്തിന് എത്തിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കേണ്ട ദൗത്യം ഇന്ത്യയെ വലച്ചുകളഞ്ഞു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാ ദൗത്യം ഇപ്പോഴും തുടരുകയാണ്. ഒൻപത് ദിവസം യുദ്ധം നീണ്ടപ്പോഴും സ്വന്തം ജനതയെ സുരക്ഷിത താവളത്തിലേക്ക് മാറ്റാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്.
മലയാളികളിൽ ഏറിയ പങ്കും നാട്ടിലെത്തിയെങ്കിലും, ഇപ്പോഴും അതിർത്ഥികളിൽ മലയാളി വിദ്യാർത്ഥികൾ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.

വാൽകഷണം :  വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നത് തൊഴിലാളി വിരുദ്ധ സമീപനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ആർക്കുവേണമെങ്കിലും വ്യവസായം ആരംഭിക്കാമെന്നും, വൻകിട വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ ക്യൂ വിലാണെന്നും മുഖ്യമന്ത്രി പറയുന്നു. തള്ളേ… ഇതൊക്കെ സത്യം തന്നേ…..യ്…

LEAVE A REPLY

Please enter your comment!
Please enter your name here