രാജേഷ് തില്ലങ്കേരി

കൊച്ചി : കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ നിലപാടിനെതിരെ ദേശീയ തലത്തിൽ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് കേരളത്തിൽ ബന്തായി മാറി. കേരളത്തിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ, ട്രാൻസ്‌പോർട്ട് ബസ് സർവീസുകളെല്ലാം  പൂർണമായും നിലച്ചിരിക്കുന്നു. ഈ പണിമുടക്ക്  നേരത്തെ പ്രഖ്യാപിച്ചതാണെന്നും, അതിനാൽ സ്വകാര്യ വാഹനംപോലും കടത്തിവിടില്ലെന്നുമാണ് സമരക്കാരുടെ നിലപാട്.

തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും  ബാംഗ്ലൂരിലും ഡൽഹിയിലുമൊന്നും പണിമുടക്ക് ജനജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. പൊതു വാഹനങ്ങൾ സർവ്വീസ് നടത്തുന്നതിനാൽ മുംബൈ നഗരത്തിലും ഭരണസിരാ കേന്ദ്രമായ ഡൽഹിയിലും ജനജീവിതത്തെ പണിമുടക്ക്  ബാധിച്ചില്ലതേയി്ല്ല.  

കൊറോണാകാലത്തെ  ലോക് ഡൗണുകളും നിയന്ത്രണങ്ങളും കഴിഞ്ഞ രണ്ട് വർഷത്തിനിടെയ ദുരിതങ്ങളും വ്യാപാര നഷ്ടവും നേരിട്ട ഒരു ജനതയ്‌ക്കെതിരെയാണ് തീർത്തും അപക്വമായ സമരമാർഗത്തിലുൂടെ പീഡിപ്പിക്കുന്നത്. 12 മണിക്കൂർ പ്രതിഷേധമല്ല, 48 മണിക്കൂർ പണിമുടക്കാണ് സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചത്. കേരളത്തിന് പുറത്ത് വൻകിട സ്ഥാപനങ്ങളിൽ തൊഴിലാളികൾ പണിമുടക്കിയെങ്കിലും പൊതു ഗതാഗതത്തെയോ, വിപണിയുടെ പ്രവർത്തനത്തെയോ പ്രതികൂലമായി ബാധിക്കുന്ന സമരമാർഗമൊന്നും ആരും സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ഭരണക്കാരും പ്രതിപക്ഷവും സംയുക്തമായാണ് സമരം നടത്തിയത്. അതിനാൽ കേരളത്തിൽ പണിമുടക്ക് പൂർണവും  രാഷ്ട്രീയമായി വിജയവുമായിമാറുകയായിരുന്നു.

ഭാരത് ബന്ത് പ്രഖ്യാപിക്കുമ്പോഴും കേരളത്തിൽ മാത്രമാണ് സമ്പൂർണമായും അടച്ചിടുന്നത്. മറ്റൊരിടത്തും ബന്തിന് കാര്യമായ പ്രതികരണം ഉണ്ടാവാറില്ല. രണ്ടു ദിവസമൊക്കെ വിപണി അടച്ചിടുന്നതും, ഗതാഗതം സ്തംഭിക്കുന്നതും സംസ്ഥാനത്തിനുണ്ടാക്കുന്ന നഷ്ടത്തെകുറിച്ച് ആലോചിക്കാൻ പോലും ആരും തയ്യാറല്ല. സർക്കാർ സ്‌പോൺസർ ചെയ്ത സമരമായതിനാൽ പൊലീസും സമരക്കാർക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ ആരും പുറത്തിറങ്ങില്ല.

കാലത്തിന് അനുസരിച്ച സമരത്തിന്റെ രീതിയിൽ മാറ്റം വരുത്താൻ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ നേതൃത്വവും ആലോചിക്കേണ്ടതുണ്ട്. പ്രതിഷേധവും സമരവുമൊക്കെ അനിവാര്യമാണ്. എന്നാൽ പൊതുജനങ്ങളുടെ ജീവിതംസ്തംഭിപ്പിച്ചുകൊണ്ടുള്ള സമര രീതി മാറേണ്ടതാണ്. കേരളത്തിൽ കഴിഞ്ഞയാഴ്ച നടന്ന സ്വകാര്യ ബസ് സമരം, തുടർന്നു നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് എന്നിവ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന സത്യം രാഷ്ട്രീയ നേതൃത്വം ചർച്ച ചെയ്യേണ്ടതുണ്ട്.
സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ദേശീയ പണിമുടക്കിന്റെ വിജയം എന്നത് കേരളത്തിൽ മാത്രമുണ്ടാവുന്ന വിജയം മാത്രമാണോ എന്നും എന്ന് തൊഴിലാളി നേതാക്കളും ചർച്ച ചെയ്യണം. പൂർണമായും രാഷ്ട്രീയ വൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്.  അതിനാൽ ജനം കുറച്ച് ബുദ്ധിമുട്ടിയാലും കുഴപ്പമില്ല, നമ്മുടെ സംഘടനാ ശക്തി എതിരാളികൾ തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് നേതാക്കൾ. അണികളും ഇത്തരം സന്തോഷത്തിൽ തന്നെയായിരിക്കും. അതിലൊന്നും പെടാത്ത മഹാഭൂരിപക്ഷം ജനങ്ങൾക്കും ഇവിടെ സ്വസ്ഥമായി ജീവിക്കാനുള്ള അവസരമുണ്ടാവണമല്ലോ…

സമരം ചെയ്യാനുള്ള അവകാശം പോലെതന്നെ ഇതിലൊന്നും പെടാതെ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശവും മറ്റുള്ളവർക്കുണ്ടെന്ന് സമരം ചെയ്യുന്നവർ മനസിലാക്കുന്നത് നന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here