RAJESH THILLENKERY

കൊച്ചി: സിൽവർ ലൈൻ പദ്ധതിയെ അന്ധമായി പിന്തുണക്കാനില്ലെന്ന് കത്തോലിക്ക സഭ. ജനങ്ങളുടെ ആശങ്ക അകറ്റണം. പദ്ധതിയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നും ദീപിക ദിന പത്രത്തിൽ ഡോ മൈക്കിൾ പുളിക്കലിന്റെ ലേഖനത്തിൽ  പറയുന്നു. സാമ്പത്തികവും സാമൂഹികവുമായ ഒരുപാട് ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുണ്ട്.  ഇത്തരം  ആശങ്ക അകറ്റാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. പൊലീസിനെ ഉപയോഗിച്ച് സ്വകാര്യ ഭൂമികളിലൂടെ നടത്തുന്ന സർവേകളും കല്ല് സ്ഥാപിക്കലുമൊക്കെ ഈ നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ കടപ്പെട്ടിരിക്കുന്ന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ആശങ്കാ ജനകമാണെന്നും ലേഖനം പറയുന്നു.

പാരിസ്ഥിതിക പഠനങ്ങൾ ഉൾപ്പെടെയുളള പല നനടപടി ക്രമങ്ങളും ഇനിയും പൂർത്തിയാവുകയും ഇത്തരം വിഷയങ്ങളിൽ തൃപ്തികരമായ വിശദീകരണം കേരള സമൂഹത്തിന് ലഭിക്കുകയും വേണം. സാധാരണ ജനങ്ങളിലുണ്ടാകുന്ന ഭീതി ഗൗരവമായി എടുത്തേ മതിയാകൂ. സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെടുന്ന ആയിരത്തിലധികം കുടുംബങ്ങൾ കേരളത്തിലുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം ബലപ്രയോഗം നടത്തി അടിച്ചമർത്തുന്ന രീതി അംഗീകരിക്കാനാകില്ല. അത് ആശ്വാസ്യവുമല്ല.

സാമ്പത്തികമായി വലിയൊരു തകർച്ചയിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്ന മുന്നറിയിപ്പ് സി എ ജിയും നിരവധി സാമ്പത്തിക വിദഗ്ധരും നൽകിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും മാറ്റിവച്ച് ഭീമമായ തുക വായ്പ എടുത്ത് കെ റെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിലുള്ള റെയിൽവേ പാതയും റെയിൽവേ ഭൂമിയും പരമാവധി വിനിയോഗിച്ച്  പദ്ധതി ചെലവ് പരമാവധി കുറച്ച് ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള ബദൽ ഗതാഗത സാധ്യതകളെ കുറിച്ച് പഠിക്കാനും നടപ്പിലാക്കാനും ശ്രമിക്കണമെന്നും  ഡോ മൈക്കിൾ പുളിക്കലിന്റെ ലേഖനം പറയുന്നു.

ഇതിനിടെ സിൽവർലൈൻ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ സി ബി സി രംഗത്തുവന്നു. സർക്കാർ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സർക്കാർ ഉചിതമായ തീരുമാനം എടുക്കണം. ഇപ്പോഴത്തെ ചോദ്യങ്ങളും വിമർശനങ്ങളും പൂർണമായി അവർഗണിക്കാൻ കഴിയില്ല. പതിനായിരക്കണക്കിന് കുടുംബങ്ങൾ അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നുസർക്കാർ വിമർശനങ്ങളെ ഗൗരവമായി തന്നെ ഉൾക്കൊളളണം.മൂലമ്പളളി പോലുളള മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാകില്ലെന്നും കെ സി ബി സി പറഞ്ഞു.

കേരളത്തിന്റെ വികസനപദ്ധതികൾക്ക് ജനങ്ങൾ എതിരല്ല. എന്നാൽ ജനങ്ങളെ ഇരുട്ടിൽ നിർത്തിക്കൊണ്ട് പദ്ധതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ ആവില്ല. കുറ്റിയിടാനായി ബലപ്രയോഗങ്ങൾ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്. അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാൻ സർക്കാർ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾക്ക് സർക്കാർ പ്രാഥമിക പരിഗണന നൽകണം

പദ്ധതിയുടെ പൂർണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങൾ നിർത്തിവയ്ക്കണം. ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉൾപ്പെടെയുള്ളവർപ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ, ആശങ്കകൾക്കും എതിർപ്പുകൾക്കും രാഷ്ട്രീയമാനം നൽകി അവഗണിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലു അംഗീകരിക്കാനാവില്ല. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളാനും സർക്കാർ തയ്യാറാകണം.

ഇപ്പോഴുള്ള സർവേ രീതിക്ക് പകരം മറ്റു രീതികൾ അവലംബിക്കാൻ സർക്കാർ തയ്യാറാകണം.സാമൂഹിക ആഘാതപഠനത്തെ ആരും എതിർക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠന രീതിയെയാണ് എതിർക്കുന്നത്. പൊതുജനത്തിന്റെ സംശയങ്ങൾ ദുരീകരിച്ചും ആശങ്കകൾ അകറ്റിക്കൊണ്ടും വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഭരണാധികാരികൾക്ക് കഴിയണമെന്നുമാണ്  കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ കുറിപ്പിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here