കൊച്ചി: രാജ്യത്തെ നിര്‍മാണവ്യവസായ മേഖലയും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും പ്രൊമോട്ടു ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (സിഐഡിസി) വര്‍ഷം തോറും നല്‍കി വരുന്ന അവാര്‍ഡുകള്‍ വാരിക്കൂട്ടി കേരളത്തില്‍ നിന്നുള്ള ബിപിസിഎല്‍-കൊച്ചി റിഫൈനറി, കൊച്ചി മെട്രോ റെയിലിനു വേണ്ടി കെഇസി ഇന്റര്‍നാഷനല്‍, പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് എന്നീ സ്ഥാപനങ്ങള്‍.

ബിപിസിഎലും കെഇസി ഇന്റര്‍നാഷനലും രണ്ട് അവാര്‍ഡുകള്‍ വീതം നേടിയപ്പോള്‍ അസറ്റ് ഹോംസ് ആറ് അവാര്‍ഡുകള്‍ നേടി. വ്യവസായിക വിഭാഗത്തില്‍ വടക്കഞ്ചേരി മേഖലയിലെ നാലുവരിപ്പാതയുടെ നിര്‍മാണത്തിന് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സും ബിഎസ് 6 മോട്ടോര്‍ ബ്ലോക്ക് പദ്ധതിയുടെ നിര്‍മാണത്തിന് ബിപിസിഎലുമാണ് ഏറ്റുവും മികച്ച നിര്‍മാണ പദ്ധതികള്‍ക്കുള്ള അവാര്‍ഡുകള്‍ നേടിയത്. പാര്‍പ്പിട നിര്‍മാണ വിഭാഗത്തിലാണ് തിരുവനന്തപുരത്തെ അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ അസറ്റ് ഓര്‍ക്കസ്ട്രയ്ക്ക് അസറ്റ് ഹോംസ് ഈ അവാര്‍ഡ് നേടിയത്. കാറ്റഗറി 3-ല്‍ ഏറ്റവും പ്രൊഫഷനലായി മാനേജ് ചെയ്യപ്പെടുന്ന സ്ഥാപനത്തിനുള്ള അവാര്‍ഡും അസറ്റ് ഹോംസ് നേടി.

സുരക്ഷ, ആരോഗ്യം, പരിസ്ഥിതി വിഭാഗത്തില്‍ കൊച്ചി മെട്രോയ്ക്കു വേണ്ടി കെഇഇസി ഇന്റര്‍നാഷനലും കാക്കനാട്ടെ അസറ്റ് ആല്‍പൈന്‍ ഓക്‌സ് എന്ന അപ്പാര്‍ട്ട്‌മെന്റ് പദ്ധതിക്കു വേണ്ടി അസറ്റ് ഹോംസും അവാര്‍ഡുകള്‍ നേടി. കൊറോണയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള (കൊറോണ വാരിയേഴ്‌സ്) അവാര്‍ഡ് ബിപിസിഎല്‍-കൊച്ചി റിഫൈനറി, കൊച്ചി മെട്രോയ്ക്കു വേണ്ടി കെഇസി ഇന്റര്‍നാഷനല്‍, അസറ്റ് ഹോംസിന്റെ കൊച്ചി മരടിലുള്ള അസറ്റ് രംഗോലി എന്ന അപ്പാര്‍ട്ടമെന്റ് പദ്ധതി എന്നിവ പങ്കിട്ടു.

മാതൃരാജ്യത്തെ നിര്‍മാണമേഖലയ്ക്കു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അസറ്റ് ഹോംസ് ഡയറക്ടര്‍മാര്‍ കൂടിയായ സി വി റപ്പായി, ഹസ്സന്‍ കുഞ്ഞി എന്നിവരും അവാര്‍ഡുകള്‍ നേടി. നിര്‍മാണമേഖലയില്‍ നിന്നുള്ള ഏറ്റവും മികച്ച വാര്‍ത്ത കവറേജിന്റെ വിഭാഗത്തിലും അസറ്റ് ഹോംസ് അവാര്‍ഡ് നേടി. ട്രോഫികളും മെഡലുകളും സാക്ഷ്യപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡുകള്‍ ഡെല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ സ്റ്റെയ്ന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഏപ്രില്‍ 8ന് സമ്മാനിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here