രാജേഷ് തില്ലങ്കേരി

കണ്ണൂർ:  കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടികോൺഗ്രസിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് ഒരുങ്ങുന്നതായി വിവരം. കെ വി തോമസ് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി പി എം നേതാക്കൾ ഇന്നും വ്യക്തമാക്കിയത്. ശശി തരൂരിന്റെ പേരൊഴിവാക്കിയുള്ള പുതിയ നോ്ട്ടീസിൽ കെ വി തോമസിന്റെ പേര് ഉൾപ്പെടുത്തിയതും സംഘാടകർക്ക് ലഭിച്ച ഉറപ്പിന്റെ പേരിലാണെന്നാണ് ലഭിക്കുന്ന വിവരം.

ശശി തരൂരിനെയും കെ വി തോമസിനെയും വിലക്കിയ കെ പി സി സി നിലപാടിനെതിരെ ഇരുവരും ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. എന്നാൽ  സംസ്ഥാന നേതൃത്വത്തിനൊപ്പം നിൽക്കാനാണ് ഹൈക്കമാന്റ് തീരുമാനിച്ചത്. ഇതോടെ കെ വി തോമസും ശശി തരൂരും സി പി എം പാർട്ടി കോൺഗ്രസ് വേദിയിൽ എത്തില്ലെന്നായിരുന്നു പ്രചരണം. എന്നാൽ കെ വി തോമസ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനൊപ്പമല്ലെന്ന് വ്യക്തമാക്കിയിരിക്കയാണ്.

പാർട്ടികോൺഗ്രസിൽ പങ്കെടുക്കാനുള്ള അനുമതി വിലക്കിയ ഹൈക്കമാന്റ് നടപടിയെ മാനസികമായി ഉൾക്കൊള്ളാൻ കെ വി തോമസ് ഇതുവരെ തയ്യാറായിട്ടില്ല. ദേശീയതലത്തിൽ സി പി എമ്മുമായി നല്ല ബന്ധം പുലർത്തുന്ന കോൺഗ്രസിന് തൊട്ടുകൂടായ്മയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാർട്ടി കോൺഗ്രസ് കേരളത്തിലാണ് നടക്കുന്നത് എന്നതുമാത്രമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമെന്നാണ് കെ വി തോമസിന്റെ ന്യായീകരണം. ദേശീയതലത്തിൽ ബി ജെ പിക്കെതിരെ ഐക്യം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിന് സി പി എമ്മിനെ മാറ്റി നിർത്താനാവില്ല. വരും കാലത്തെ രാഷ്ട്രീയത്തിൽ ഒരേ നിരയിൽ അണിനിരക്കേണ്ട രണ്ട് രാഷ്ട്രീയ കക്ഷിയാണ് കോൺഗ്രസും  സി പി എമ്മും എന്നാണ് കെ വി തോമസ് പറയുന്നത്.

ദേശീയതലത്തിൽ നേതാവായി മാറുകയെന്ന ആഗ്രഹത്തിന് ഹൈക്കമാന്റ് തടയിട്ടതോടെയാണ് കെ വി തോമസ് സി പി എമ്മുമായി അടുപ്പം കാണിക്കാൻ തുടങ്ങിയത്. എറണാകുളം സീറ്റ് ഹൈബി ഈഡന് വേണ്ടി വിട്ടുകൊടുക്കുമ്പോൾ പകരം അർഹമായ പരിഗണന ഉണ്ടാവുമെന്നായാരുന്നു നൽകിയ ഉറപ്പ്. എന്നാൽ അതൊന്നും ഉണ്ടായില്ല. പാർട്ടിയിലും പാർലമെന്ററി രംഗത്തും ഒരു പോലെ അവഗണന നേരിടുകയാണ് താനെന്നാണ് കെ വി തോമസ് തന്റെ അനുയായികളോട് പറയുന്നത്. നേരത്തെ ബി ജെ പിയിലേക്ക് പോയേക്കുമെന്ന രീതിയിൽ പ്രചാരണമുണ്ടായെങ്കിലും അതെല്ലാം മാധ്യമ സൃഷ്ടിയെന്നായിരുന്നു കെ വി തോമസ് പറഞ്ഞിരുന്നത്. എന്നാൽ സി പി എമ്മിനോട് കാണിക്കുന്ന അടുപ്പത്തിന് അദ്ദേഹം തന്നെ ന്യായീകരണം കണ്ടെത്തിയതോടെ കെ വി തോമസ് കോൺഗ്രസ് വിട്ടേക്കുമെന്ന പ്രചാരണവും ശക്തമാണ്.
 
ഡൽഹി രാഷ്ട്രീയത്തിൽ എന്തെങ്കിലും വഴിയുണ്ടോ എന്ന അന്വേഷണം കഴിഞ്ഞ ആഴ്ചയിലും കെ വി തോമസ് നടത്തിയിരുന്നു. എ ഐ സി സി പുനസംഘടയിൽ എന്തെങ്കിലും പരിഗണന ലഭിക്കുമോ എന്ന അന്വേഷണം ആരും ചെവിക്കൊണ്ടില്ല. കെ സി വേണുഗോപാലിന്റെ ഗുഡ് ബുക്കിലല്ല കെ വി തോമസ്. ഒരു കാലത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു കെ വി തോമസ്. സോണിയാ ഗാന്ധിയെ കുറിച്ച് പുസ്തകം രചിച്ച കെ വി തോമസ് ഒടുവിൽ സോണിയാ ഗാന്ധിയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് വിടുമോ എന്നാണ് ദേശീയ നേതൃത്വം ഉറ്റുനോക്കുന്നത്.

കോൺഗ്രസിൽ നിന്നും ഇനി എന്തെങ്കിലും പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ കെ വി തോമസ് ഇപ്പോൾ വച്ചു പുലർത്തുന്നില്ല. കേരളം ഭരിക്കുന്ന സി പി എമ്മുമായി ബന്ധം ഉണ്ടാക്കുകയാണെങ്കിൽ എന്തെങ്കിലും പരിഗണന ലഭിക്കമെന്നാണ് കെ വി തോമസിന്റെ പ്രതീക്ഷ. ഒരു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കെ വി തോമസിനെ ഇടത് പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയ രാഷ്ട്രീയ നേട്ടമായിരിക്കുമെന്ന വിലയിരുത്തലിലാണ് സി പി എം. കെ വി തോമസ് വിഷയത്തിൽ കോൺഗ്രസിന് ഒരു പ്രഹരമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സി പി എം.
 
കൊച്ചിയിൽ സീറ്റ് നേടുകയാണ് കെ വി തോമസിന്റെ ലക്ഷ്യം. എറണാകുളം മണ്ഡലത്തിൽ കോൺഗ്രസിനെതിരെ ശക്തനായ ഒരു എതിരാളിയെ അവതരിപ്പിക്കാൻ പലപ്പോഴും സി പി എം പാടുപെടാറുണ്ട്. കെ വി തോമസിനെ പോലുള്ള ഒരാളെ ലഭിക്കുകയാണെങ്കിൽ കോൺഗ്രസിനെ ക്ഷീണിപ്പിക്കാൻ പറ്റുമെന്നും സി പി എം കരുതുന്നു. ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ ഏറെ പിന്തുണയുള്ള നേതാവാണ് കെ വി തോമസ് എന്നതും സി പി എമ്മിന് കൂടുതൽ അദ്ദേഹത്തോടുള്ള താല്പര്യം കൂട്ടുന്നുണ്ടത്രേ. എന്തായാലും സി പി എം ഇട്ട ചൂണ്ടയിൽ കെ വി തോമസ് കുരുങ്ങുമെന്നുതന്നെയാണ് ലഭ്യമാവുന്ന വിവരം. 
 
 

LEAVE A REPLY

Please enter your comment!
Please enter your name here