ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎമ്മുകാർ പ്രതികൾ


കൊച്ചി: കോളിളക്കം സൃഷ്ടിച്ച കിഴക്കമ്പലം ട്വൻറി- 20 പ്രവർത്തകൻ ദീപുവിൻറെ കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. ട്വൻറി ട്വൻറിക്കൊപ്പം ചേർന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിൻറെ വൈരാഗ്യത്തിലാണ് പ്രതികൾ സംഘം ചേർന്ന് ദീപുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കൊല നടന്ന് ഒന്നരമാസത്തിനുള്ളിലാണ് അന്വേഷണം പൂർത്തിയാക്കിയത്. എറണാകുളം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുൽ റഹ്‌മാൻ, സിപിഎം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദ്ദീൻ , നെടുങ്ങാടൻ ബഷീർ, വല്യപറമ്പിൽ അസീസ് എന്നിവരാണ് പ്രതികൾ. കൊലക്കുറ്റത്തിന് പുറമേ എസ് സി – എസ്ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 12 നാണ് വീടിന് സമീപം വെച്ച് പ്രതികൾ ദീപുവിനെ ക്രൂരമായി മർദ്ദിച്ചത്. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള ട്വൻറി -20 യുടെ പദ്ധതി, പി വി ശ്രീനിജൻ എം എൽ എയും സി പി എമ്മും ചേർന്ന് അട്ടിമറിക്കുന്നതിനെതിരെ അന്ന് ട്വൻറി- 20 സമരം നടത്തിയരുന്നു. രാത്രി ഏഴിന് വിളക്കുകൾ അണച്ചു കൊണ്ടായിരുന്നു സമരം. സമരത്തിനിടെ ദീപുവിനെ പ്രതികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു.

ട്വൻറി ട്വൻറിക്കൊപ്പം ചേർന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിൻറെ വൈരാഗ്യത്തിലാണ് പ്രതികൾ സംഘം ചേർന്ന് ദീപുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒന്നാംപ്രതി സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് പിടിച്ചു തള്ളി. താഴെ വീണ ദീപുവിൻറെ തലയിൽ ചവിട്ടി. മറ്റു പ്രതികളും മർദ്ദിച്ചു. അന്ന് ആശുപ്രതിയിൽ പോയില്ല. പിറ്റേന്ന് രക്തം ഛർദ്ദിച്ചപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഐസിയുവിൽ കഴിയവേ നാലാം ദിവസം മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. നാല് പ്രതികളും ഇപ്പോൾ ജയിലിലാണ്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ 23 ന് തൃശൂർ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികള് നല്കിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here