കാസർകോട്: യെമൻ പൗരനെ വധിച്ചതിന് അവിടെ വധശിക്ഷ കാത്ത് കിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരിയും എട്ടുവയസുള്ള മകളും യെമനിലേക്ക്. ഇതിനായുള്ള അനുമതിക്കായി ഇവർ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. ഇവർ അടക്കമുള്ള ആറംഗസംഘമാണ് യെമനിലേക്ക് പോകുന്നതിന് അപേക്ഷ സമർപ്പിച്ചത്. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിലെ നാലുപേരും അടങ്ങിയ സംഘമാണ് യെമനിലേക്ക് പോകുന്നത്.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവർ യെമനിലേക്ക് പോകുന്നത്. വധശിക്ഷ കാത്ത കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള അവസാനവട്ട ശ്രമമെന്ന നിലയിലാണ് ഇവർ യെമനിലേക്ക് പോകുന്നത്. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്‍റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ആഴ്ച്ച നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

70 ലക്ഷം രൂപ നൽകിയാൽ കേസിൽ നിന്നു പിന്മാറാൻ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അറിയിച്ചിരുന്നു. എന്നാൽ യെമൻ സ്വദേശികളുടെ എതിർപ്പ് കാരണം ഇത് നടന്നില്ല. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.

നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബമോ സംഘടനകളോ നടത്തുന്ന ചര്‍ച്ചയ്ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here