തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും സില്‍വര്‍ലൈന്‍ സര്‍വേ ആരംഭിച്ചു. തിരുവനന്തപുരം കണിയാപുരം കരിച്ചാറയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍വേ നിര്‍ത്തി.

കല്ലിടല്‍ തടഞ്ഞവരും സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായുണ്ടായി പൊലീസും തമ്മില്‍ ഉടലെടുത്ത വാക് തര്‍ക്കം ഉന്തിലും തള്ളിലും കലാശിച്ചു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ് കെ സുജി ബോധരഹിതനായി റോഡില്‍ വീണു. ഇയാളെ പൊലീസ് ചവിട്ടിവീഴ്തത്തിയതാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പൊലീസുമായുള്ള പിടിവലിക്കിടെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രം കീറി. എന്തു സംഭവിച്ചാലും സര്‍വേ കല്ലിടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പൊലീസിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ സര്‍വേ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റവന്യു അധികൃതര്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. കല്ലിടുന്ന കാര്യം നാട്ടുകാരെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും പദ്ധതി നടപ്പിലാക്കിയാല്‍ സ്‌കൂളും പഞ്ചായത്ത് ഓഫിസും ഉള്‍പ്പെടെ പൊളിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നേരത്തെ ഈ ഭാഗങ്ങളില്‍ കല്ലിട്ടിരുന്നെങ്കിലും അവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here