കൊച്ചി: ഇന്ത്യയും യു എ ഇ യും ചേർന്ന് ഒപ്പ് വച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സി ഇ പി എ ) ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കരാർ നിലവിൽ വരുന്നതോടെ കൂടുതൽ ഊഷ്മളമാകും. വ്യാപാരരംഗത്ത് കുതിച്ചു ചാട്ടത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സി ഇ പി എ കരാറിനെ കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ജെ.ഡി.ജി.എഫ്.റ്റി)ന്റെ സഹകരണത്തോടെ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഇന്ത്യക്ക് കൂടുതൽ വിപണി സാധ്യത തുറന്ന് കിട്ടുകയും അത് വഴി രാജ്യത്തെ വാണിജ്യ, വ്യാപാര മേഖലയ്ക്ക് വൻ നേട്ടങ്ങളുണ്ടാവുകയും ചെയ്യും.ആഭരണ മേഖല, ടെക്സ്റ്റയിൽസ്, ലെതർ, ഫുട്‍വെയർ, പ്ലാസ്റ്റിക്സ്, കാർഷിക ഉത്പന്നങ്ങൾ, എഞ്ചിനീയറിങ് ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ മേഖലകൾക്ക് കരാർ ഏറ്റവും ഗുണകരമാകും. ഇന്ത്യയിൽ നിന്നുള്ള 90 ശതമാനം ഉത്പന്നങ്ങളെയും ഇറക്കുമതി നികുതിയിൽ നിന്ന് യു എ ഇ ഒഴിവാക്കും. ഇത് രാജ്യത്തെ കയറ്റുമതി വ്യവസായ മേഖലയിൽ ഉണർവുണ്ടാക്കുമെന്നും വി. മുരളീധരൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നൂറ് ബില്യൺ ഡോളറായി ഉയരും. മിഡിൽ ഈസ്റ്റിലേക്കും യൂറോപ്പിലേക്കുമുള്ള പ്രധാന കവാടമാണ് യു എ ഇ എന്നതിനാൽ ഇരു രാജ്യങ്ങളിലുമുള്ള ബിസിനസ് സമൂഹത്തിനു കരാർ ഗുണം ചെയ്യും. കരാറിന്റെ പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള സാഹചര്യം കേരളത്തിനുണ്ടെന്നും കേരളത്തിലെ വ്യാപാര, വാണിജ്യ മേഖലയ്ക്കും തൊഴിൽ ലഭ്യതയ്ക്കും കരാർ ഏറെ പ്രയോജനം ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സി ഇ പി എ കരാറിന്റെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുക കേരളത്തിനാകുമെന്നും സാധ്യതകൾ പരമാവധി മുതലെടുക്കാൻ കേരളത്തിലെ വാണിജ്യ, വ്യവസായ ശ്രമിക്കണമെന്നും യു.എ.ഇ യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. സി ഇ പി എ കരാർ ബിസിനസ് സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

ലോകോത്തര നിലവാരമുള്ളതും മത്സരാധിഷ്ഠവുമായ ഉത്പന്നമാണ് വിപണിയിലിറക്കിയാൽ കേരളത്തിന് കരാറിന്റെ പരമാവധി നേട്ടം കൊയ്തെടുക്കാമെന്ന് സംസ്‌ഥാന വാണിജ്യ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല അഭിപ്രായപ്പെട്ടു. കസ്റ്റംസ്, ഫോറിൻ ട്രേഡ് ഡയറക്ടറേറ്റ് തുടങ്ങിയ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു പ്രായോഗികമായ മുന്നേറ്റം നടത്തേണ്ടതുണ്ട്. സംസ്‌ഥാന സർക്കാർ മുൻകൈയെടുത്ത് എക്സ്പോർട്ട് ഫെലിസിറ്റേഷൻ ഡെസ്ക് സ്‌ഥാപിക്കും. കണ്ടെയ്‌നർ ദൗർലഭ്യം പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാകുമെന്നും സുമൻ ബില്ല പറഞ്ഞു.

കേരളത്തിലെ കയറ്റുമതി മേഖലയ്ക്ക് കരാർ ഉണർവേകുമെന്നും ആഭരണ, സുഗന്ധവ്യഞ്ജന, കാർഷിക ഉത്പന്നങ്ങൾക്കും, വെളിച്ചെണ്ണ, കശുവണ്ടി എന്നിവയുടെ കയറ്റുമതിക്കും ഏറെ സാദ്ധ്യതകൾ തുറന്നു തരുന്നതാണ് സി ഇ പി എ കരാറെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജോ.ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് കെ.എം. ഹരിലാൽ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.

കരാറിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി കസ്റ്റംസ് വകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണർ മുഹമ്മദ് യൂസഫ് ഉറപ്പ് നൽകി.

കയറ്റുമതി രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്‌ഥാനത്ത്‌ എക്സ്പോർട്ട് ഡയറക്ടറേറ്റ് സ്‌ഥാപിക്കണമെന്നും ശരിയായ ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കണമെന്നും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ നിർദേശിച്ചു. ഭക്ഷ്യ സംസ്ക്കരണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാളികൾക്ക് അവസരങ്ങളുടെ വാതായനകളാണ് കരാർ തരുന്നതെന്ന് ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ധീഖ് അഹമ്മദ് പറഞ്ഞു. വിപണി സാന്നിധ്യം രാജ്യങ്ങളെയും സഹായിക്കുന്നതാണ് സാമ്പത്തിക പങ്കാളിത്ത കരാറെന്ന് ഷറഫ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്യാം കപൂർ ചൂണ്ടിക്കാട്ടി. ഇന്ത്യ, യു എ ഇ ബ്രാൻഡുകൾ കൂടുതൽ വിപണിയിലെത്തണമെന്നും ബ്രാൻഡ് എക്സ്പോഷറാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്‌സും കേന്ദ്ര വാണിജ്യ മന്ത്രാലയം നോയിഡ സെസ് ഡെവലപ്മെന്റ് കമ്മീഷണറുമായ ബിബിൻ മേനോൻ സാങ്കേതിക സെഷൻ നയിച്ചു. വ്യാപാരം, നിക്ഷേപം, സേവനങ്ങള്‍, തൊഴില്‍ എന്നിവയ്ക്കായുള്ള നിരവധി ഇടനാഴികൾ തുറക്കുന്നതാണ് കരാറെന്ന് അദ്ദേഹം പറഞ്ഞു.

ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് എൽ അസ്വാനി, കോ- ചെയർമാൻ ഡോ. എം.ഐ. സഹദുള്ള, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു , ഫിക്കി കേരള ടാസ്‌ക് ഫോഴ്‌സ് എക്സ്പെർട്ട് കമ്മിറ്റി ചെയർമാൻ അലക്സ് കെ നൈനാൻ എന്നിവർ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here