കോട്ടയം: മതവിദ്വേഷ പ്രസംഗത്തിന് പിന്നാലെ മുൻ എംഎൽഎ പി.സി ജോർജിനെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്. തലസ്ഥാനത്ത് അനന്തപുരി ഹിന്ദുമഹാസമ്മേളന വേദിയിൽ പ്രസംഗിക്കവെ വ്യാഴാഴ്‌ചയാണ് ഒരു മതവിഭാഗത്തിനെതിരെ ജോർജ് ശക്തമായ ഭാഷയിൽ വിദ്വേഷപ്രസംഗം നടത്തിയത്. വ്യാപകമായി പരാതി ഉയർന്നതോടെ തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കോട്ടയം ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ജോർജിനെ കസ്‌റ്റഡിയിലെടുത്തത്.

പി.സി ജോർജുമായി പൊലീസ് തലസ്ഥാനത്തേക്ക് തിരിച്ചു. ഇവിടെയെത്തിച്ച് ചോദ്യം ചെയ്‌ത ശേഷമായിരിക്കും അറസ്‌റ്റ്. ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കടുത്ത മതവിദ്വേഷ പ്രസംഗം നടത്തിയിട്ടും ജോർജിനെ പൊലീസ് കസ്‌റ്റഡിയിലെടുക്കാത്തതെന്തെന്ന് യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചിരുന്നു. മുഖ്യമന്ത്രിയ്‌ക്കും ഡിജിപിയ്‌ക്കും യൂത്ത്ലീഗ് പരാതി നൽകി.

പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവ്വം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചെന്നും പി.കെ ഫിറോസ് ആരോപിച്ചു. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലീം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ഗൗരവകരമായ നുണയാരോപണങ്ങളാണ് പി സി ജോർജ് ഉന്നയിച്ചതെന്നും പരാതിയിൽ പറയുന്നു.

ഇതിനുപിന്നാലെ സിപിഎമ്മും കോൺഗ്രസ് നേതാക്കളും ജോർജിന്റെ പ്രസംഗം കടുത്ത മതവിദ്വേഷം നിറഞ്ഞതാണെന്ന് വിലയിരുത്തിയിരുന്നു. അതേസമയം പിതാവിന്റെ പ്രസംഗത്തിൽ വേദനയുണ്ടായ മുസ്ളീം സഹോദരങ്ങൾക്ക് ക്ഷമാപണമെന്ന രീതിയിൽ താൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പ്രതികരിച്ചിട്ടുണ്ടെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് പ്രതികരിച്ചു. അദ്ദേഹത്തിന് നിലപാടുണ്ട്, അതിൽ അദ്ദേഹം വെള‌ളം ചേ‌ർക്കാറില്ല. പറഞ്ഞത് തെറ്റോ ശരിയോ എന്നത് കാലം തെളിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here