തിരുവനന്തപുരം: പി.സി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്‍റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാറിന്‍റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 

മുസ്‌ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാറിന്‍റെ ഇരട്ടത്താപ്പാണ് പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്‌ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം, എന്തും ചെയ്യാം. എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബി.ജെ.പി തയാറല്ല -സുരേന്ദ്രൻ പറഞ്ഞു.

ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ – ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാറിന്‍റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബി.ജെ.പി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

തിരുവനന്തപുരം ഫോർട്ട് പൊലീസ് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് പി.സി. ജോർജിനെ കസ്റ്റഡിയിലെടുത്തത്. അ​ന​ന്ത​പു​രി ഹി​ന്ദു​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടർന്ന് നിരവധി പരാതികൾ ലഭിച്ചതോടെയാണ് പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here