കോഴിക്കോട്: യൂട്യൂബര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുമതി. അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച്
കോഴിക്കോട് ആര്‍.ഡി.ഒ ഇതിന് അനുമതി നല്‍കി. ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. പോലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

റിഫയുടെ മരണകാരണം കണ്ടെത്താനാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ഇതിന് അനുമതി തേടി കഴിഞ്ഞ ദിവസമാണ് അപേക്ഷ സമര്‍പ്പിച്ചത്. ആര്‍.ഡി.ഒയുടെ അനുമതി ലഭിച്ചതോടെ ഇനി ഫോറന്‍സിക് സംഘത്തിന് അപേക്ഷ നല്‍കി അവരുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് മൃതദേഹം പുറത്തെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.

മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്‌ളാറ്റില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിന്റെപേരില്‍ കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

 

റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയ രാത്രിയില്‍ ജോലിസ്ഥലത്തുനിന്ന് വൈകിവന്നതുമായി ബന്ധപ്പെട്ട് റിഫയും മെഹ്നാസും തമ്മില്‍ തര്‍ക്കമുണ്ടായതായും റിഫയെ അടിച്ചതായും മെഹ്നാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാണോ മരണത്തിനിടയാക്കിയതെന്നും സംശയമുള്ളതായി പിതാവ് റാഷിദ് പറയുന്നു. മരണം നടക്കുന്ന സമയത്ത് മെഹ്നാസ് സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തുപോയതായി പറയുന്നു. ഇക്കാര്യത്തിലും വ്യക്തതവരേണ്ടതുണ്ട്.

കൂടാതെ റിഫയുടെ സഹോദരന്‍ റിജുനുമായി ഇതേ സുഹൃത്ത് നടത്തിയ ഫോണ്‍ സംഭാഷണത്തിനിടയില്‍ പറഞ്ഞ ചില കാര്യങ്ങളിലും സംശയമുള്ളതായി റാഷിദ് പറഞ്ഞു. മരണത്തിന്റെ യഥാര്‍ഥകാരണം കണ്ടെത്തുകയെന്നത് കുടുംബത്തിന്റെ ആഗ്രഹമാണ്. ഇതിനായി പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള എല്ലാ നടപടികളിലും അന്വേഷണസംഘവുമായി പൂര്‍ണമായി സഹകരിക്കുമെന്നും റാഷിദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here