കൊച്ചി: ഡല്‍ഹിക്കും പഞ്ചാബിനും പുറമെ കേരളത്തിലും ചുവടുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി. തൃക്കാക്കരയില്‍ ട്വന്റി 20യുമായി ചേര്‍ന്ന് പൊതുസമ്മതനെ നിര്‍ത്താന്‍ ധാരണയായതോടെ ഇരു പാര്‍ട്ടികളും ലയന ചര്‍ച്ചയിലേക്കുകൂടി കടക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. ലയന കാര്യത്തിലേക്കൊന്നും പോയിട്ടില്ലെന്ന് ട്വന്റി 20 നേതാവ് സാബു എം ജേക്കബ് പറയുമ്പോഴും മറിച്ചാണ് ആം ആദ്മി ദേശീയ നേതൃത്വത്തില്‍ നിന്നും വരുന്ന വിവരങ്ങള്‍.

മെയ് 15-ന് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയിലെത്തുന്നുണ്ട്. കിഴക്കമ്പലത്ത് ട്വന്റി 20 സംഘടിപ്പിക്കുന്ന ബഹുജന കണ്‍വെന്‍ഷനില്‍ പങ്കെടുക്കയാണ് ലക്ഷ്യം. ഈ യോഗത്തില്‍ ലയന പ്രഖ്യാപനമുണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ കേരളത്തില്‍ ചുവടുറപ്പിക്കുകയാണ് ആം ആദ്മിയുടെ ലക്ഷ്യം. ഇതിനുള്ള ഒരു ചവിട്ട് പടിയായിട്ടാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനേയും കാണുന്നത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യയില്‍ ചുവടുറുപ്പിക്കുക എന്ന കൃത്യമായ ലക്ഷ്യം അരവിന്ദ് കെജ്‌രിവാളിനുണ്ട്. കര്‍ണാടക സന്ദര്‍ശനവും ഇതിന്റെ ഭാഗമായിട്ടായിരുന്നു.

 

തൃക്കാക്കരയില്‍ പൊതു സമ്മതനെ തിര്‍ത്തുക എന്നതിലേക്കാണ് ഇപ്പോള്‍ തീരുമാനമായതെന്ന് സാബു എം ജേക്കബ് പറഞ്ഞു. മറ്റുള്ള കാര്യങ്ങളൊന്നും ചര്‍ച്ചയായിട്ടില്ല. രണ്ട് മൂന്ന് ആളുകളുടെ പേര് മുന്നില്‍ വന്നിട്ടുണ്ട്. അവസാന തീരുമാനം ഉടന്‍ ഉണ്ടാവും. ട്വന്റി-ട്വന്റിയുടേയും ആം ആദ്മിയുടേയും ആശയങ്ങള്‍ ഉള്‍ക്കൊണ്ട് തൃക്കാക്കരയുടെ വികസനത്തിന് സഹായകമാവുന്ന ഒരു സ്ഥാനാര്‍ഥിയെ ആയിരിക്കും അവിടെ കണ്ടെത്തുകയെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here