തൃശ്ശൂർ : സംസ്ഥാന സർക്കാർ അധികാരമേറ്റതിനുശേഷം വൈദ്യുതോൽപ്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി  
കെ കൃഷ്ണൻകുട്ടി. ചാലക്കുടി പൊരിങ്ങൽകുത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി.  

നാളിതുവരെ 156 മെഗാവാട്ട് ശേഷിയുള്ള ഉൽപ്പാദന പദ്ധതികൾ സംസ്ഥാനത്ത് പൂർത്തിയായി. 2 മെഗാവാട്ടിന്റെ അപ്പർ കല്ലാർ, 8 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ആനക്കാംപൊയിൽ, 4.5 മെഗാവാട്ട് ശേഷിയുള്ള അരിപ്പാറ എന്നിവയാണ് തൊട്ടുമുമ്പ് കമ്മീഷൻ ചെയ്ത ജലവൈദ്യുത പദ്ധതികളെന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ നദികളുടെ 3000 ടിഎംസി വെള്ളം ഒഴുകി പോകുന്നുണ്ട്. അതിൽ തന്നെ 300 ടിഎംസി വെള്ളമാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം 124 മെഗാവാട്ടിന്റെ  പദ്ധതി പൂർത്തിയാകും. പുതിയതായി 154 മെഗാവാട്ടിന്റെ പ്രവർത്തനങ്ങൾ കൂടി ആരംഭിക്കാൻ  സാധിക്കുമെന്നും മന്ത്രി അറിയിച്ചു. നല്ല രീതിയിൽ ഹൈഡ്രൽ പദ്ധതിയെ പിന്തുണയ്ക്കണമെന്നും ഏത് പദ്ധതിയുടെയും പ്രയോജനം ലഭിക്കേണ്ട ഗുണഭോക്താക്കൾ ജനങ്ങൾ ആയിരിക്കണമെന്നും മന്ത്രി കൂട്ടിചേർത്തു

ജില്ലയിലെ ചാലക്കുടി താലൂക്കിൽ അതിരപ്പിള്ളി പഞ്ചായത്തിലാണ് പൊരിങ്ങൽകുത്ത് പദ്ധതി സ്ഥിതി ചെയ്യുന്നത്. 24 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽ നിന്ന് 45.02 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവർഷം ഉൽപ്പാദിപ്പിക്കാനാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പൊരിങ്ങൽകുത്ത് റിസർവോയറിലെ അധിക ജലം ഉപയോഗിച്ച് സ്ഥാപിത ശേഷി 48 മെഗാവാട്ടായി ഉയർത്തുവാൻ സാധിക്കും.

ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പി കെ ഡേവിസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, അതിരപ്പിളളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, കെ എസ് ഇ ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബി അശോക് തുടങ്ങിയവർ പങ്കെടുത്തു

 
 

LEAVE A REPLY

Please enter your comment!
Please enter your name here