കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. സായ് സങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം  നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. കേസിൻറെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ  20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ  മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.

നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധവൻറെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിച്ചെത്തിയതായിരുന്നു. എന്നാൽ  വിസ്താര ഘട്ടത്തിൽ  സാഗർ ഇക്കാര്യം മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാൻ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിൻറെ തെളിവുകൾ അന്വേഷണസംഘത്തിൻറെ പക്കലുണ്ട്. ഇത് മുൻനിർത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിൻറെ വിസ്താരം പുനരാരംഭിക്കുന്‌പോൾ ഈ  തെളിവുകൾ നിരത്തി സാക്ഷികൾ കൂറുമാറിയതിൻറെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here