സ്വന്തം ലേഖകൻ

കൊച്ചി : തൃക്കാക്കര തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ വിവാദങ്ങളും അവകാശവാദങ്ങളും ഉയരുകയാണ്. തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി സിറോ മലബാർ സഭയിലാണ്  തർക്കം ഉടലെടുത്തിരിക്കുന്നത്. ഡോ ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി അല്ലെന്നും പിന്തുണയ്ക്കാനാകില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ പറയുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സഭ ഇടപെട്ടില്ലെന്നാണ് കർദ്ദിനാൾ അനുകൂല വിഭാഗം വ്യക്തമാക്കുന്നത്.
 
രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിൻറെ സ്ഥാനാർത്ഥിത്വത്തിന് പിറകിൽ ഉള്ളത്. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ വൈദികൻറെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ  അവതരിപ്പിച്ച് സഭയുടെയും സ്ഥാനാർത്ഥിയെന്ന  പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തി. എന്നാൽ സഭ വോട്ട് ലകഷ്യമിടുന്ന സിപിമ്മിനെ വെട്ടിലാക്കുകയാണ് സിറോ മലബാർ സഭ വൈദികർക്കിടിയലെ  ഭിന്നത. ആരെങ്കിലും നിർദ്ദേശിച്ചാൽ ജോ ജോസഫിനെ പിന്തുണയ്ക്കാനുള്ള ബാധ്യത
അതിരൂപതയ്ക്കില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ  കർദ്ദിനാൾ വിരുദ്ധ വിഭാഗത്തിൻറെ നിലപാട്.

എവിടുന്നാണ് എൽ ഡി എഫിന് പെട്ടെന്നൊരു സ്ഥാനാർത്ഥിവന്നതെന്ന ചോദ്യവുമായാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തിയത്. ചില സമ്മർദ്ദങ്ങളുടെ ഫലമായാണ് ജോ ജോസഫ് സ്ഥാനാർത്ഥിയായതെന്നാണ് വി ഡി സതീശന്റെ ആരോപണം.

എന്നാൽ, ഇടത് സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ചതിൽ സഭാ നേതൃത്വത്തിന് പങ്കില്ലെന്ന് പറഞ്ഞ്  ഒഴിഞ്ഞുമാറുകയാണ് കർദ്ദിനാൾ പക്ഷം. 41 ശതമാനമുള്ള  ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ട് തൃക്കാക്കരയിൽ നിർണ്ണായകമാണ്. ഇതിൽ വലിയ പങ്കും സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള വിശ്വാസികളുടേതാണ്. വിശ്വാസികൾ രണ്ട് ചേരിയായി മാറിയതും തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.

തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി   പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പുമാണെന്നാണ് മന്ത്രി പി രാജീവിന്റെ പ്രതികരണം.  ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്നാണ്  രാജീവ് പറയുന്നത്.

വൈദികർ വാർത്ത സമ്മേളനത്തിൽ ഒപ്പമിരുന്നതിൽ ജാഗ്രതകുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്. അനുകൂലമായ എല്ലാ വോട്ടുകളും ജോ ജോസഫിനു ഏകോപിപ്പിക്കാൻ കഴിയും. നാലുവർഷം പാഴാക്കാൻ തൃക്കാക്കരയിലെ ജനങ്ങൾ നിൽക്കില്ല. യോഗ്യതയുള്ള പ്രതിനിധിയെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും കെ റെയിലായിരിക്കും തൃക്കാക്കരയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുകയെന്നായിരുന്നു ഇരുമുന്നണികളും പറഞ്ഞിരുന്നതെങ്കിലും ചർച്ച വഴിമാറുകയാണ്, സാമുദായിക സമവാക്യങ്ങളും ഏത് സമുദായകത്തിന്റെ പിന്തുണ, ആരാണ് സ്ഥാനാർത്ഥികളെ അവതരിപ്പിച്ചതെന്നൊക്കെയുള്ള ചർച്ചകൾക്കാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.
പത്താം തീയതി തന്റെ നിലപാട് വ്യക്തമാക്കാമെന്നാണ് കെ വി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ആഴ്ച തൃക്കാക്കരയിൽ കെ വി തോമാസായിരിക്കും അടുത്ത ചർച്ചാ വിഷയം. ആം ആദ്മി, ബി ജെ പി സ്ഥാനാർത്ഥികൾ പത്തോടെ മാത്രമെ നാമനിർദ്ദേശ പത്രിക സമർപ്പിക്കയുള്ളൂ. ഇതോടെ മാത്രമേ തൃക്കാക്കരയിൽ ചിത്രം വ്യക്തമാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here