രാജേഷ് തില്ലങ്കേരി

ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക് ഇത്തവണ എത്തുന്നത് വലിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ്. എൽ ഡി എഫിനെയും യു ഡി എഫിനെയും ഒരുപോലെ എതിർക്കുന്ന ട്വന്റി 20 എന്ന സംഘടനയുമായി ചേർന്ന് കേരളത്തിൽ പുതിയ രാഷ്ട്രീയ പരീക്ഷണമാണ് ആം അദ്മിയുടെ പ്രധാന അജണ്ട.

ഈ മാസം 15 ന്  എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന ട്വന്റി 20  പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി കെജ്രിവാൾ എത്തുന്നുവെന്നത്  ഇരുമുന്നണികൾക്കും അത്രസുഖകരമായ വാർകത്തയല്ല. ട്വന്റി 20 കിഴക്കമ്പലത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി കെജ്രരിവാളിനെ കൊണ്ടുവരുമ്പോൾ ട്വന്റി 20യും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമാണ് പ്രഖ്യപിക്കാനിരിക്കുന്നത്. അരലക്ഷം പ്രവർത്തകർ പൊതുയോഗത്തിൽ പങ്കെടുക്കുമെന്നാണ് ട്വന്റി 20 കോ-ഓഡിനേറ്റർ സാബു ജേക്കബ് പ്രഖ്യാപിച്ചിരിക്കുന്നത്. അതൊന്നുമല്ല വാർത്ത, ട്വന്റി 20 -ആം ആദ്മി സഖ്യം എന്താണ് വരും കാലത്ത് കേരള രാഷ്ട്രീയത്തിൽ ലക്ഷ്യമിടുന്നത് എന്ന ചോദ്യമാണ്.


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ അരവിന്ദ് കെജ്രിവാൾ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്ന സൂചനയുണ്ട്. ആം ആദ്മി പാർട്ടി കേരളത്തിൽ എന്തെങ്കിലും തരത്തിലുള്ള സ്വാധീനമുള്ള പാർട്ടിയൊന്നുമല്ല, എന്നാൽ ട്വന്റി 20യും ആം ആദ്മിയും ചേർന്ന് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുന്നത് ഇരു മുന്നണികൾക്കും അത്രസുഖമുള്ള കാര്യമല്ല. രണ്ടു മുന്നണികളെയും മടുത്തവോട്ടർമാർക്ക് ആം ആദ്മി പാർട്ടിയോട് എന്തെങ്കിലും മമത തോന്നിയാൽ അത് കുഴപ്പമാണ്. ആം ആദ്മി സഖ്യം തൃക്കാക്കരയിൽ നിർണായക ശക്തിയായി മാറാനുള്ള സാഹചര്യമൊന്നും നിലവിലില്ല.

കുന്നത്തുനാട്  മണ്ഡലത്തിൽ കോൺഗ്രസ് പരാജയപ്പെടാനുണ്ടായ സാഹചര്യം ട്വന്റി 20യുണ്ടാക്കിയതാണ്. തെരഞ്ഞെടുപ്പിന് ശേഷം കിഴക്കമ്പലത്ത് സി പി എം എംഎൽഎ ശ്രിനിജനുമായി ട്വന്റി 20 ഏറ്റുമുട്ടി. സി.പി.എമ്മുമായി കായികമായ അക്രമത്തിലേക്ക് നീങ്ങുകയും ഒരു പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തതോടെ ട്വന്റി 20യുടെ പ്രധാന എതിരാളി സി.പി.എമ്മായി.  രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മന്ത്രി പി രാജീവുമായി കിറ്റക്‌സ് മാനേജ്‌മെന്റിനുണ്ടായ വിയോജിപ്പും സി.പി.എം – ട്വന്റി 20 ബന്ധം വഷളാക്കിയിരുന്നു.
 
ആം ആദ്മിയുമായി കൈകോർത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്താനാണ് ട്വന്റി 20യുടെ നീക്കം. അതിനാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഒരു ട്രയലായാണ് ആം ആദ്മി കാണുന്നത്. എന്തായാലും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ കിഴക്കമ്പലം സന്ദർശനം വലിയ രാഷ്ട്രീയ ചർച്ചയായി മാറാനുള്ള സാധ്യത വർധിച്ചിരിക്കയാണ്.

തൃക്കാക്കരയിൽ ഇടയപക്ഷം


സഭയുടെ സ്ഥാനാർത്ഥിയല്ല താനെന്നാണ് തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ ആദ്യ പ്രതികരണം. സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് ഡോ ജോ ജോസഫ് ജോലി ചെയ്യുന്നത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിനം നടക്കുമ്പോൾ  ഡോക്ടറും സഹപ്രവർത്തകരും ഒരു സർജറിയിലായിരുന്നു. 
 
സർജറി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടർ ശരിക്കും ഞെട്ടി, ഇടത് സ്ഥാനാർത്ഥിയെ തേടി മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ ആശുപത്രിയിൽ. ഒപ്പം മന്ത്രിയും സി പി എം ജില്ലാ സെക്രട്ടറിയും ആശുപത്രിയിൽ. പിന്നെ മാധ്യമ പ്രവർത്തകരുമായുള്ള സംഭാഷണം. എല്ലാറ്റിനും വേദിയായത് ലിസി ഹോസ്പിറ്റൽ.

ഞാൻ ഇടതുപക്ഷമെന്ന ഹൃദയപക്ഷത്താണെന്നാണ് ഹൃദ് രോഗവിദഗ്ധനായ ഡോ ജോ ജോസഫിന്റെ ഹൃദയം തുറന്നുള്ള പ്രതികരമം.  അഡ്വ അരുൺകുമാർ എന്ന യുവ നേതാവിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതാണെന്നാണ് ചിലരൊക്കെ പറയുന്നത്. എന്നാൽ അത് മാധ്യമങ്ങളുടെ ചതിയാണെന്നാണ് ഇ പി ജയരാജൻ പറയുന്നത്.  
 
എന്നാൽ കാര്യം അതല്ലെന്നും അരുൺകുമാറിനെ  സംസ്ഥാന കമ്മിറ്റി വെട്ടിയതാണെന്നുമൊക്കെ പരസ്യമായ രഹസ്യം. സഭയുടെ നിർദ്ദേശ പ്രകാരം തൊട്ടടുത്ത ദിവസം പുതിയ സ്ഥാനാർത്ഥിയെത്തി. ആൾ ചില്ലറക്കാരനല്ലെന്നാണ് ഇ പി പറയുന്നത്. ഇപി പറഞ്ഞാൽ അത് സത്യമായിരിക്കും, അത്രയും നിഷ്‌ക്കളങ്കനാണ് ഇ പി . ഡോ ജോ ജോസഫിന് തൃക്കാക്കരയുടെ ഹൃദയം തുറക്കാൻ കഴിയുമെന്ന് തന്നെയാണ് ഇടതന്മാരുടെ പ്രതീക്ഷ.


ടിക്കാറാം മീണയുടെ പുസ്തകവും കണ്ടംവഴി ഓടിരക്ഷപ്പെട്ട പ്രഭാവർമ്മയും

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളം ഭരിച്ചിരുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയായിരുന്നു. ശശിയുടെ തീരുമാനങ്ങളായിരുന്നു അന്തിമം. അഭ്യന്തര വകുപ്പിലും മറ്റും പി ശശി നടത്തിയ ഇടപെടലുകൾ അക്കാലത്ത് തന്നെ വലിയ വാർത്തകളായിരുന്നു. എന്നാൽ പാർട്ടിയിലെ ഉന്നതരുടെ പിന്തുണയുണ്ടായിരുന്നതിനാൽ പി ശശി ചോദ്യം ചെയ്യപ്പെട്ടില്ല. 
ലൈംഗികാരോപണ കേസിൽ പെട്ട് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ശശി വീണ്ടും തിരിച്ചെത്തിയിരിക്കയാണ്, കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തിരികെ എത്തി പി ശശി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നതാണ് ശശിയുടെ ഈ തിരിച്ചുവരവിന് സഹായകമായത്. 
 
പി ശശി ഇപ്പോൾ വീണ്ടും ഭരണതലപ്പത്ത് എത്തിയതോടെ സൂപ്പർ അഭ്യന്തര മന്ത്രിയായി മാറിയിരിക്കയാണ്. പി ജയരാജൻ എന്ന സി പി എം നേതാവുമാത്രമാണ് പി ശശിയെ വീണ്ടും കൊണ്ടുവരുന്നതിൽ എതിർപ്പറിയിച്ചത്. 
ആരാണ് പി. ശശി ? അതറിയണമെങ്കിൽ  ടിക്കാറാം മീണയെന്ന റിട്ടയേർഡ് ഐ എ എസ് ഉദ്യോഗസ്ഥന്റെ പുസ്തകം വാങ്ങി വായിച്ചാൽ മാത്രം മതി. 
 
എന്തായാലൂം പുസ്തരം ഏറ്റുവാങ്ങാമെന്ന് ഏറ്റിരുന്ന പിണറായി വിജയന്റെ പ്രസ് സെക്രെട്ടറികൂടിയായ കവി പ്രഭാവർമ്മ കഥ കേട്ട് ഓടി രക്ഷപ്പെട്ടു എന്നാണ് വാർത്ത. പ്രഭാവർമ്മ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണല്ലോ, കഷ്ടകാലത്തിന് മീണയിൽ നിന്നും ആ പുസ്‌കം ഏറ്റുവാങ്ങിയിരുന്നെങ്കിൽ ശിഷ്ടകാലം കവിതയെഴുത്തുമായി ജീവിതം തള്ളി നീക്കേണ്ടി വന്നേനേ…..



‘തോൽക്കില്ല ടിക്കാറാം ” എന്ന കാര്യം യുവതലമുറ അറിയുന്നത് 

ഫ്രാൻസിസ് തടത്തിലി ന്റെ “നാലാം തൂണിനുമപ്പുറം” എന്ന പുസ്തകത്തിൽ നിന്നാണ് ഇന്നത്തെ യുവ തലമുറ അറിയാത്തതും കേൾക്കാത്തതുമായ  ഒരു ടിക്കാറാം മീണ ഐ എ എസിനെപ്പറ്റി വായിച്ചറിഞ്ഞത്…. 
 
കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ വന്ന ഒരു പോസ്റ്റ് ഇങ്ങനെ തുടരുന്നു.” ഈ മനുഷ്യൻ തീർച്ചയായും  ഒരു ആത്മകഥ എഴുതണമെന്ന് അന്നേ തോന്നിയിരുന്നു….
ഒരു സിവിൽ സർവ്വീസുകാരൻ എന്ന നിലയ്ക്ക് ചെയ്യേണ്ട കടമയും നിയമവാഴ്ചയും ചെയ്യാൻ പോകുന്ന നിമിഷം തന്നെ അത്   തുടങ്ങുമ്പോഴോ അല്ലെങ്കിൽ അത് പൂർത്തീകരിക്കുന്ന നിമിഷമോ അതിൽ അസ്വസ്ഥതരാകുന്നവരുടെ ഉന്നത ബന്ധങ്ങൾ കൊണ്ട് ആ കസേരയിൽ നിന്നും തെറിപ്പിക്കുന്ന  ട്രാൻസ്ഫർ ഓർഡർ തന്നെ തേടിയെത്തിരിക്കും എന്നറിഞ്ഞു കൊണ്ട് അതിനായി മുന്നിട്ടിറങ്ങിയവനെ ധീരനെന്നു വിളിക്കണം…….ഈ മനുഷ്യൻ ധീരനാണ്…..

ആദ്യ ഭാഗം രാജസ്ഥാനിലെ പുരജോലനന്ദ എന്ന കുഗ്രാമത്തിൽ നിന്നും ഐഎഎസിലേയ്ക്കുള്ള വഴിയെപ്പറ്റിയാണെങ്കിൽ  പിന്നെയത് വന്നു നിൽക്കുന്നത് മാസപ്പടിയുടെയും അഴിമതിയുടെയും അവിശുദ്ധ കൂട്ടുകെട്ടുകളുടെയും നമ്പർ വൺ കേരളത്തിലാണ്……


ട്രാൻസ്ഫറും സസ്‌പെൻഷനും സർവ്വീസ് ബുക്കിൽ ബലിയാടാക്കപ്പെടലും  അങ്ങനെ നീളുന്ന കലുഷിതമായ സത്യസന്ധത നിറഞ്ഞ  സിവിൽ സർവീസുകാരന്റെ ജീവിതം ഒറ്റയിരുപ്പിന് വായിച്ചു തീർത്തു……

ഇപ്പോൾ സിവിൽ സർവ്വീസ് കിട്ടിയാൽ നാളെ തന്നെ അഴിമതിയെല്ലാം തകർത്ത് കേരളത്തെ നന്നാക്കാൻ മുട്ടി നിൽക്കുന്ന യുവരക്തങ്ങൾ തീർച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം……..

നട്ടെല്ല് പണയം വച്ച് സകലതിനും കണ്ണടച്ച് വല്ല ഡപ്പാൻകൂത്തും  കളിച്ച് വൈറലായി  വൻ ശമ്പളം വാങ്ങി തിന്ന്  നടന്നിരുന്നുവെങ്കിൽ ഉയർന്ന സ്ഥാനങ്ങളിൽ എന്നേ എത്തി വിരമിക്കേണ്ട ആളായിരുന്നു ടിക്കാറാം മീണയെന്ന ഐ എ എസുകാരൻ. മണ്ണിനോട് മല്ലിട്ട് തഴമ്പിച്ച പാരമ്പര്യമുള്ളതു കൊണ്ടാകാം…..

നട്ടെല്ല് ഊരി പണയം വയ്ക്കാൻ മറന്നു പോയി.. അറിയാതെ പോയ മീണയുടെ നല്ല പ്രവൃത്തികൾ ഇപ്പോൾ ഈ പുസ്തകമിറങ്ങിയതോടെ  




ആൺമക്കളെ മാത്രം സംരക്ഷിക്കുന്ന അമ്മയും ഹേമ കമ്മിറ്റി എന്ന തുറക്കാനാവാത്ത നിലവറയും

 മലയാള സിനിമ താരങ്ങളുടെ സംഘനടയാണ് അമ്മ. ആൺമക്കളെയും പെൺമക്കളെയും ഒരുപോലെ കാണുന്നതാണ് അമ്മമാരുടെ രീതിയ  എന്നാൽ താരങ്ങളുടെ സംഘടനയായ ഈ അമ്മയ്ക്ക് എന്നും ആൺമക്കളോട് മാത്രമാണ് താല്പര്യം. നടിയെ ക്വട്ടേഷൻ പ്രകാരം തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്യാൻ നേതൃത്വം നൽകിയ നടൻ ദിലീപിനെ പൊലീസ് അറസ്റ്റു ചെയ്തപ്പോഴും 84 ദിവസം ജയിലിൽ കിടന്നപ്പോഴും സംരക്ഷിക്കാനാണ് അമ്മ എന്ന സംഘടന നീക്കം നടത്തിയത്. തെറ്റുകാരനാണെന്ന് കോടതി പ്രഖ്യാപിക്കട്ടെ അപ്പോഴാവാം നടപടിയെന്നാണ് അമ്മ ഭാരവാഹികൾ പറഞ്ഞിരുന്നത്. 
 
അമ്മയുടെ പെൺമക്കളെ അമ്മ കേട്ടതേയില്ല. അവിടെ ചിലർ അമ്മയെ വിട്ടുപോയി. അവർ ചേർന്ന് ഡബ്‌ള്യു സി സി എന്ന സംഘടന ഉണ്ടാക്കി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായിരുന്നു വിൺ സി കലക്റ്റീവ് എന്ന സംഘടന. അവർ നിരന്തരമായി സിനിമയിലെ ആൺകോയ്മയെ കുറിച്ചും ലൈംഗിക പീഢനത്തെകുറിച്ചുമൊക്കെ പരാതി ഉന്നയിച്ചു.
 അതേടുടർന്നാണ് ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി ഒരു കമ്മിറ്റി രൂപീകരിച്ചതും, തെളിവെടുപ്പ് നടത്തി റിപ്പോർട്ട് നൽകിയതും. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കണമെന്നാണ് ഹേമാ കമ്മിറ്റിയുടെ പ്രധാന ശുപാർശ. കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യൂ സി സിയുടെ പ്രധാന ആവശ്യം. എന്നാൽ  ചർച്ചകൾക്കായി തന്നെ വന്നു കണ്ടവർ തന്നെയാണ് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന് പറഞ്ഞതെന്നാണ് നിയമന്ത്രിയുടെ വെളിപ്പെടുത്തൽ. എന്തു സംഭവിച്ചാലും ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെ കുറിച്ച് മാത്രം പറയരുതെന്നാണ് സിനിമാ മന്ത്രിയുടെ താക്കീത്.

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് ഹേമാ കമ്മിറ്റിയെ പറ്റി ചർച്ചയ്ക്ക് വീണ്ടും ചൂടുപിടിച്ചത്. സർക്കാർ എന്തുകൊണ്ടാണ് ഒളിച്ചുകളി നടത്തുന്നതെന്ന് വ്യക്തമല്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്, സർക്കാരിന് ഒളിക്കാൻ എന്തോ അതിലുണ്ട് എന്ന് വ്യക്തം. അത് തുറക്കാനാവില്ല, എന്താണ് മന്ത്രിയുടെ ചോദ്യം , ആർക്കാണ് ഇത്രയും നിർബന്ധം ?  അത് ബി നിലവറ തുറക്കണമെന്ന് വാശിപിടിക്കുന്നതുപോലെയാണെന്ന് വ്യക്തം.
 
 പല മാന്യന്മാരുടെയും യഥാർത്ഥമുഖം പുറത്തുവരുന്നതാണ് ഭയം. സിനിമാ താരങ്ങളായ  രണ്ട് എം എൽ എമാർ ഭരണ കക്ഷിയിൽ ഞെളിഞ്ഞിരിക്കുന്നിനടത്തോളം കാലം ഹേമാ കമ്മിറ്റി റിപ്പോർട്ട് ആരും കാണില്ല, അത് ഡബ്ല്യു സി സിക്കും അറിയാമല്ലോ.
വിജയ് ബാബുവിനെതിരെയുള്ള അമ്മയുടെ നടപടി ശരിയായില്ല എന്നാണ് മാലാ പാർവ്വതി പറയുന്നത്.  വിജയ് ബാബുവിനെ അമ്മ വീട്ടിൽ നിന്നും പുറത്താക്കണമെന്നാണ് പാർവ്വതിയുടെ ആവശ്യം, എന്നാൽ സിനിമയിൽ ശക്തനായ വിജയ് ബാബുവിനെ അങ്ങിനെ പുറത്താക്കാനൊന്നും അമ്മ തയ്യാറായില്ല. എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്നും വിജയ് ബാബു മാറിനിൽക്കുമെന്നാണ് അമ്മ പറയുന്നത്. അതാണ് മാലയ്ക്ക് പിടിക്കാത്തത്.

പരാതി പരിഹാര സെല്ലിൽ നിന്നും അധ്യക്ഷയായ ശ്വേതാ മേനോനും, കുക്കു പരമേശ്വരനും തുടർന്ന് രാജിവെച്ചിരിക്കയാണ്.  പാവം അമ്മ.



വികസന വീരൻ തിരുത തോമ

 വികസനം മാത്രമാണ് തന്റെ നയമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രൊഫ. കെ വി തോമസ് വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോഴും എപ്പോഴും കോൺഗ്രസുകാരനും ഒപ്പം കോൺഗ്രസ് വിരുദ്ധനുമായിരിക്കുകയെന്ന അതി വിചിത്രമായ രാഷ്ട്രീയ നിലപാട് കൈക്കൊള്ളാൻ അത് ഈ കുമ്പളിക്കാരൻ തൊമാച്ചനല്ലാതെ മറ്റാർക്കാണ് കഴിയുക. കോൺഗ്രസുകാരനാണെങ്കിലും എന്നും വിവികസനത്തിന്റെ പിന്നിലായിരിക്കും ഞാൻ എന്ന ഉറച്ച നിലപാടിലാണ് തോമ.   കേന്ദ്രമന്ത്രിയായിരിക്കെ നടപ്പാക്കിയ വികസനം കണ്ട് കണ്ണ് തള്ളിയിരിക്കുന്ന കൊച്ചി നിവാസികൾക്ക് ആനന്ദിപ്പാൻ എന്താണ് ഇതിൽപ്പരം വേണ്ടത്.

കുമ്പളങ്ങിയിൽ നിന്നും തുടങ്ങിയ വികസനത്തിന്റെ അലയൊലികൾ അങ്ങ് ഡൽഹിവരെ പ്രതിധ്വനിച്ചുകൊണ്ടിരിക്കയാണ്. ബാങ്ക് ബാലൻസും വിവിധ സ്ഥാപനങ്ങളിലെ നിക്ഷേപവുമൊക്കെ പാവം വോട്ടർമാർ അറിഞ്ഞാൽ വ്യക്തമാവും എന്തു കൊണ്ടാണ് വികസനമാണ് തന്റെ നയമെന്ന് ഉറപ്പിച്ച് പറയുന്നതെന്നൊക്കെ. തൃക്കാക്കര തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ പ്രതിസന്ധിയുണ്ടാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് പറയാതെ പറഞ്ഞുവച്ചിട്ടുണ്ട് മാഷ്. പരേതനായ പി ടി തോമസും അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസുമൊക്കെയായി അടുത്ത ആത്മബന്ധമുണ്ടെന്നും, എന്നാൽ രാഷ്ട്രീയമായി പരിഗണിക്കപ്പെടുമ്പോൾ അതൊക്കെ മാറുമെന്നാണ് തിരുത സ്റ്റൈൽ. സി പി എമ്മിന്റെ പാർട്ടികോൺഗ്രസ് വേദിവരെ എത്തിയ കെ വി തോമസിന്റെ അവസരവാദ രാഷ്ട്രീയത്തിന് തൃക്കാക്കരയിൽ വ്യക്തമായ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

എന്നും അധികാരത്തിൽ ഇരിക്കണമെന്നും എപ്പോഴും എന്തെങ്കിലുമൊക്കെ കിട്ടിക്കൊണ്ടേയിരിക്കണമെന്നുമൊക്കെയുള്ള ആഗ്രഹം ഒരു തരം രോഗം തന്നെയാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ പാവം മാഷ് അതൊന്നും തിരിച്ചറിഞ്ഞ ലക്ഷണമില്ല.

വാൽകഷണം : 
രാഹുൽ ഗാന്ധി നേപ്പാളിൽ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ പോയ സമയത്ത് എതിരാളിയായ സ്മൃതി ഇറാനി വയനാട്ടിൽ എത്തിയിരിക്കയാണ്. അടുത്ത തവണ സ്മൃതി വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കാനുള്ള നീക്കത്തിലാണത്രേ….

LEAVE A REPLY

Please enter your comment!
Please enter your name here