കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളോടുള്ള നിലപാട് തുറന്നു പറഞ്ഞ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തൃക്കാക്കരയിൽ വിശ്വാസികൾ മനഃസാക്ഷി വോട്ട് ചെയ്യട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിനോട് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്ഗിൽ റിപ്പോർട്ടിൽ സ്വീകരിച്ച നിലപാട് കൊണ്ടാണ് പി ടി തോമസിനോട് എതിർപ്പുണ്ടായിരുന്നത്. എന്നാൽ പിടി തോമസിനോടുള്ള എതിർപ്പ് പത്‌നി ഉമാ തോമസിനോട് ഇല്ലെന്നു ബിഷപ്പ് പറഞ്ഞു. പുരോഹിതർ രാഷ്ട്രീയം പറയുമെന്നും ളോഹയിട്ടവർ രാഷ്ട്രീയം പറയരുതെന്ന പാർട്ടികളുടെ നിലപാട് ശരിയല്ലെന്നും ഇത് വകവെച്ചു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എൽ ഡി എഫ് സ്ഥാനാർഥി ഡോ. ജോ സോസഫ് സഭയോടു ചേർന്നു നിൽക്കുന്ന സ്ഥാനാർഥിയല്ലെന്നായിരുന്നു ബിഷപ്പിന്റെ മറുപടി. ജോ ജോസഫിനെ നിർദേശിച്ചത് കത്തോലിക്കാ സഭയാണെന്ന ആരോപണം യു ഡി എഫ് വൃത്തങ്ങൾ ഉയർത്തിയിരുന്നെങ്കിലും ഇക്കാര്യം സഭയും എൽ ഡി എഫും നിഷേധിച്ചിരുന്നു. ഇതിനു തുടർച്ചയാണ് ബിഷപ്പിന്റെ പ്രതികരണവും.

തൃക്കാക്കര എംഎൽഎയായിരുന്ന പിടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. അദ്ദേഹത്തിന്റെ പത്‌നിയായ ഉമ തോമസാണ് യുഡിഎഫ് സ്ഥാനാർഥി. സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനും ഡി വൈ എഫ് ഐ പ്രവർത്തകനുമായ ഡോ. ജോ ജോസഫാണ് എൽഡിഎഫിനു വേണ്ടി മത്സരിക്കുന്നത്. 40 ശതമാനത്തിലധികം വരുന്ന ക്രിസ്ത്യൻ വോട്ടുകളാണ് മണ്ഡലത്തിൽ നിർണായകം. ഈ സാഹചര്യത്തിലായിരുന്നു ജോ ജോസഫിന്റെ അപ്രതീക്ഷിത സ്ഥാനാർഥിത്വം വിവാദമായത്.

എന്നാൽ, മുസ്ലീം വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ പി സി ജോർജിനെ ബിഷപ്പ് പിന്തുണച്ചു. സഭയ്ക്ക് അനുകൂലമായി സംസാരിക്കുന്ന അപൂർവം ചില നേതാക്കളിൽ ഒരാളാണ് പി സി ജോർജെന്നും അദ്ദേഹത്തെ തള്ളിപ്പറയേണ്ട കാര്യം സഭയ്ക്കില്ലെന്നുമായിരുന്നു ബിഷപ്പിന്റെ മറുപടി. അദ്ദേഹത്തിന്റെ വിശ്വാസം അനുസരിച്ചുള്ള അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം വാർത്താ ചാനലിനോടു പറഞ്ഞു.

ഇതിനിടെ ഉമ തോമസും ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെപതിനൊന്നു മണിയ്ക്കാണ് ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പതിനൊന്നേ മുക്കാലിന് ഉമ തോമസും കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.  ബിജെപി സ്ഥാനാർഥിയായ എ എൻ രാധാകൃഷ്ണൻ നാളെയാണ് പത്രിക നൽകുക.

പ്രചാരണം ശക്തിപ്പെടുത്താൻ യുഡിഎഫ് നേതാക്കളുടെ യോഗവും എറണാകുളത്ത് നടക്കുന്നുണ്ട്. ട്വന്റി 20 – ആം ആദ്മി പാർട്ടി ബദൽ മുന്നണി സ്ഥാനാർഥിയെ നിർത്താത്തത് ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥികൾ. ട്വന്റി 20യുടെ പിന്മാറ്റം യുഡിഎഫുമായുള്ള ഒത്തുകളിയാണെന്ന ആരോപണവുമായി കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജൻ രംഗത്തെത്തിയിട്ടുണ്ട്. വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധമുണ്ടെന്നും അഡ്ജസ്റ്റ്‌മെൻറ് ഉണ്ടെങ്കിൽ പിടിയുടെ ആത്മാവ് പൊറുക്കില്ലെന്നുമായിരുന്നു ശ്രനിജന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here