ആലപ്പുഴ:  ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട്ടിലെ വലിയകരി പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണ നിർമ്മാണത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് മാസം കൊണ്ട് പത്ത് ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.31 കോടി രൂപയാണ് വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. വലിയകരി പാടശേഖരത്തിന്റെ പുറംബണ്ട് നിർമിക്കുന്നതിലൂടെ 100 ഹെക്ടർ പ്രദേശം സംരക്ഷിക്കാൻ സാധിക്കും. പാടശേഖരത്തിൻറെ 4500 മീറ്റർ നീളമുള്ള പുറംബണ്ട് ചെളി ഇട്ട് ഉയരംകൂട്ടി ബലപ്പെടുത്തും.  നാട്ടുതോടിന്റെ ഭാഗത്ത് നിലവിലുള്ള കൽക്കെട്ട് 350 മീറ്റർ ബലപ്പെടുത്തും. പമ്പാ നദിയുടെ ഭാഗത്ത് 30 മീറ്റർ പുതിയ കൽക്കെട്ടും നിർമിക്കും- മന്ത്രി പറഞ്ഞു.

കുട്ടനാട് ഡെവലപ്പ്മെൻറ് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ബിനോയ് ടോമി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.സി. പ്രസാദ്, വൈസ് പ്രസിഡൻറ് പ്രസീദ മിനിൽ കുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല സജീവ്, കൈനകരി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. ലോനപ്പൻ, ശാലിനി ലൈജു, ഇൻലാൻഡ് നാവിഗേഷൻ ആൻഡ് കുട്ടനാട് പാക്കേജ് ചീഫ് എഞ്ചിനീയർ ശ്യാംഗോപാൽ, കുട്ടനാട് ഡെവലപ്പ്മെന്റ് മങ്കൊമ്പ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.എസ് ഷീന എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here