കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുകയും, എൽ ഡി എഫ് വേദിയിൽ എത്തി എൽ ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് കെ വി തോമസിനെ പുറത്താക്കിയതായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രഖ്യാപിച്ചത്. സി പി എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതിനെ തുടർന്ന് പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു കെ വി തോമസ്. നാളെ ഉദയ്പൂരിൽ നടക്കാനിരിക്കുന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കെ സുധാകരൻ
എ ഐ സി സി യുടെ അനുമതിയോടെയാണ് പുറത്താക്കൽ നടപടിയെന്ന് കെ സുധാകരൻ പറഞ്ഞു, തൃക്കാക്കരയിൽ ഒന്നും സംഭവിക്കില്ലെന്നും കെ വി തോമസിനൊപ്പം ആരും പോവില്ലെന്നും, ഒന്നും ചെയ്യാനുള്ള ശക്തി കെ വി തോമസിനില്ലെന്നും സുധാകരൻ പറഞ്ഞു. താൻ ഇന്നും എന്നും കോൺഗ്രസുകാരനായിരിക്കുമെന്നും എ ഐ സി സി അംഗമാണ് താനെന്നുമായിരുന്നു കെ വി തോമസിന്റെ പ്രതികരണം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ടതോടെ കെ വി തോമസിന്റെ ഏറെക്കാലത്തെ ആവശ്യം സഫലമായി. കെ വി തോമസിനെതിരെ കെ പി സി സിക്ക് നടപടിയെടുക്കാമെന്നായിരുന്നു എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കെ വി തോമസ് 2018 ലെ പാർലമെന്റ് തെരഞ്ഞെടുപ്പോടെയാണ് നേതൃത്വത്തിനെതിരെ അമർഷവുമായി രംഗത്തെത്തിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ വി തോമസിനെ മാറ്റി ഹൈബി ഈടനെ കൊണ്ടുവന്നപ്പോൾ പകതരം എറണാകുളം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കമമെന്നായി കെ വി തോമസിന്റെ ആവശ്യം. എന്നാൽ അത് ആരും ചെവിക്കൊണ്ടില്ല. കെ പി സി സി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഹൈക്കമാന്റിന് മുന്നിൽ വച്ചുവെങ്കിലും അതിലും പരിഗണന ലഭിക്കാതെ വന്നതോടെ സിപി എം നേതൃത്വവുമായി അടുപ്പം കാണിച്ചു. ഇതിനിടയിൽ വർക്കിംഗ് പ്രസിഡന്റാക്കിയെങ്കിലും പുനസംഘടന വന്നപ്പോൾ അതും നഷ്ടമായി. ഇതോടെ ഏറെ അസ്വസ്ഥനായിരുന്നു കെ വി തോമസ്.
പിണറായി വിജയൻ വികസന നായകനെന്നായിരുന്നു കെ വി തോമസിന്റെ പ്രഖ്യാപനം. ഇതേ പ്രഖ്യാപനം കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയിലും അദ്ദേഹം നടത്തിയിരുന്നു.
വികസനത്തോടൊപ്പമാണ് ഞാൻ എന്നും നമ്മൾ ജയിക്കണമെന്നുമായിരുന്നു എൽ ഡി എഫ് തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട കെ വി തോമസിന്റെ പ്രഖ്യാപനം. കോൺഗ്രസുകാരനായി എൽ ഡി എഫ് വേദിയിലെത്തിയതോടെയാണ് കോൺഗ്രസ് നേതൃത്വത്തിന് പുറത്താക്കൽ നടപടിയിലേക്ക് നീങ്ങാൻ നിർബന്ധിതരായത്.
കെ വി തോമസ് സി പി എം നേതാക്കളുമായി കുറച്ചുകാലമായി ആശയനവിനിമയത്തിലായിരുന്നു. പാർട്ടി കോൺഗ്രസ് വേദിയിൽ പങ്കെടുത്ത കെ വി തോമസിനെ അനാദനാക്കില്ലെന്നും ആവശ്യമായ പരിഗണനയുണ്ടാവുമെന്നും സി പി എം നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.
Now we are available on both Android and Ios.