തിരുവനന്തപുരം :  കഴിഞ്ഞ മാസങ്ങളിൽ രാജ്യം അതി തീവ്രമായ വൈദ്യുതി ക്ഷാമം നേരിട്ട ഘട്ടത്തിലും കേരളം അത് തരണം ചെയ്തതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഒരു യൂണിറ്റിന് 20 രൂപ നിരക്കിൽ പോലും വൈദ്യുതി ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ഒരു ദിവസം 15 മിനിറ്റ് മാത്രം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി പ്രതിസന്ധികളെ അതിജീവിക്കാൻ കേരളത്തിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാലോട് 110 കെ.വി സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഉത്പാദന രംഗത്ത് വലിയ ഇടപെടലുകൾ നടത്തിയതിന്റെ ഫലമായി 38.5 മെഗാവാട്ടിന്റെ ജല വൈദ്യുത പദ്ധതികളും 117.5 മെഗാവാട്ടിന്റെ സൗരോർജ്ജ പ്ലാന്റുകളും പൂർത്തിയാക്കാൻ കഴിഞ്ഞു. ഈ വർഷം ഇനിയും 124 മെഗാവാട്ടിന്റെ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടിസ്ഥാനപരമായി നല്ല വൈദ്യുതിക്ക് അടിത്തറ വേണമെങ്കിൽ ജല വൈദ്യുത സ്രോതസ്സുകളെ പരമാവധി ആശ്രയിക്കേണ്ടിയിരിക്കുന്നുവെന്നും ജലവൈദ്യുത പദ്ധതികൾക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പ്രസരണശൃംഖലയിലെ പഴക്കമേറിയ സബ്സ്റ്റേഷനുകളിൽ ഒന്നായ പാലോട് 66 കെ.വി. സബ്സ്റ്റേഷന്റെ ശേഷി ഡബിൾ സർക്യൂട്ട് ലൈൻ നിർമ്മിച്ച് 110 കെ.വി. വോൾട്ടേജിലേയ്ക്ക് ഉയർത്തുക, പുതുതായി 12.5 എം. വി.എ  ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. അതുവഴി വൈദ്യുത തടസ്സം പരമാവധി ഒഴിവാക്കി മെച്ചപ്പെട്ട വോൾട്ടേജിലുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭിക്കും. പദ്ധതി പ്രാവർത്തികമാകുന്നതോടെ നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലം, തൊളിക്കോട്, വിതുര, പനവൂർ, ആനാട്, ചിതറ, കടയ്ക്കൽ എന്നീ പഞ്ചായത്തുകളിലെ ഏകദ്ദേശം 42,000 ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാകും.

16.53 കോടി രൂപ അടങ്കൽ തുകയുള്ള ഈ പദ്ധതിയിൽ ലൈൻ നിർമ്മാണത്തിന് 6.66 കോടി രൂപയും സബ്സ്റ്റേഷൻ നിർമ്മാണത്തിന് 9.87 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
 

LEAVE A REPLY

Please enter your comment!
Please enter your name here