തിരുവനന്തപുരം: ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അത് നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചു. പോലീസിന് ജാഗ്രതപുലര്‍ത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. മലയോരമേഖലകള്‍ ഉള്‍പ്പെടെയുള്ളിടങ്ങളിലെ ഇക്കോടൂറിസം സെന്ററുകള്‍ അടച്ചു. വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പുമേധാവികളുടെ അടിയന്തിരയോഗവും ചേര്‍ന്നു. വകുപ്പുസെക്രട്ടറിമാര്‍ക്ക് പുറമെ സംസ്ഥാന പോലീസ് മേധാവി, ഡയറക്ടര്‍ ജനറല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കെ.എസ്.ഇബി ചെയര്‍മാന്‍, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍, ദുരന്ത നിവാരണ വകുപ്പ് കമ്മീഷ്ണര്‍, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി, കേന്ദ്ര കാലവസ്ഥ വകുപ്പ് തിരുവനന്തപുരം കേന്ദ്രം ഡയറക്ടര്‍, മുന്നറിയിപ്പുള്ള 8 ജില്ലകളിലെ കളക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇതില്‍ ഓരോ ജില്ലയിലെയും തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള പുരോഗതി വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കി. ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷനില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. മുഴുവന്‍ ജില്ലകളിലും ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും ജാഗ്രത പുലര്‍ത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി.

അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ തയ്യാറാക്കി വയ്ക്കണം. തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ് സ്‌റ്റേഷനുകളോടും നിര്‍ദ്ദേശിച്ചു. തീരദേശമേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കടലോര ജാഗ്രതാ സമിതിയുടെ സേവനവും ഉപയോഗിക്കും.

മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. അവശ്യഘട്ടങ്ങളില്‍ പോലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങള്‍ക്ക് താമസംവിനാ ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കണം.
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വാര്‍ത്താവിനിമയബന്ധം തടസ്സപ്പെടാതിരിക്കാന്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എസ് പി നടപടിയെടുക്കും. പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പി കെ പത്മകുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെയെയും നിയോഗിച്ചു.

പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

-വരുംദിവസങ്ങളില്‍ പുഴകളിലും മറ്റു ജലാശയങ്ങളിലും യാതൊരു കാരണവശാലും ഇറങ്ങാന്‍ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അപകട സാദ്ധധ്യത കൂടുതലാണെന്നും മുന്നറിയിപ്പ് നല്‍കും.
– കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ നിരീക്ഷിച്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാന്‍ പൊതുജനങ്ങള്‍ തയാറാകണം.
-കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ കെ.എസ്.ഇ.ബി യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കുണം. -അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നവര്‍ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈനുകള്‍ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
-ശബരിമലയിലെ മാസപൂജക്കായി ദര്‍ശനത്തിന് എത്തുന്നത് മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം. രാത്രി യാത്രകളും ജലശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.
-മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് കഴിയുന്നതുവരെ ഒഴിവാക്കുക.
-വിനോദ സഞ്ചാരികള്‍ രാത്രി യാത്രകള്‍ ഒഴിവാക്കി പരമാവധി താമസ സ്ഥലത്തു തുടരണം.
-ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാന്‍ പാടുള്ളതല്ല.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദിനന്തരീക്ഷാവസ്ഥയേയും ദുരന്ത സാദ്ധ്യതകളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമികളിലേക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here