തിരുവനന്തപുരം: കെ.റെയില്‍ സാമൂഹിക ആഘാത പഠനത്തിനുള്ള സര്‍വേയ്ക്ക് കല്ലിടല്‍ നിര്‍ത്തിവച്ച് റവന്യുവകുപ്പ് ഉത്തരവിറക്കി. മഞ്ഞക്കുറ്റിക്ക് പകരം സര്‍വേ ജി.പി.എസ് വഴി നടത്തും. ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നിലപാട് മാറ്റം. കല്ലിടുന്നത് നിയമപരമാണെന്നായിരുന്നു റവന്യുവകുപ്പിന്റെ ഇതുവരെയുള്ള വാദം.

കല്ലിടുന്നതിന് സ്ഥലം ഉടമയുടെ അനുമതി വാങ്ങണമെന്നും കെട്ടിടങ്ങള്‍, മതിലുകള്‍ തുടങ്ങിയ പെര്‍മനന്റ് സ്ട്രക്ചറുകളില്‍ അടയാളമിടാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റെയില്‍വേ ബോര്‍ഡ് അന്തിമ അനുമതി ലഭിച്ചശേഷം മതിയെന്നും ഉത്തരവില്‍ പറയുന്നു. കല്ലിടാന്‍ തീരുമാനിച്ചത് റവന്യുവകുപ്പ് ആണെന്നായിരുന്നു കെ.റെയില്‍ വ്യക്തമാക്കിയിരുന്നത്.

കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ കല്ലിടലുമായി മുന്നോട്ടുപോയത്. സ്ത്രീകളും കുട്ടികളുമടക്കം കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തുനീക്കിയും കേസെടുത്തുമാണ് സര്‍ക്കാര്‍ പ്രതിരോധിച്ചത്. കെ.റെയില്‍ എന്നെഴുതിയ മഞ്ഞക്കുറ്റികള്‍ പിഴുതുമാറ്റി ജനങ്ങളും തിരിച്ചടിച്ചിരുന്നു.

കല്ലിടലിനെതിരെ ജനവികാരം എതിരായതും തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായാണ് സര്‍ക്കാരിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്.

കല്ലിടലിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. സില്‍വര്‍ ലൈന്‍ തന്നെ വേണ്ടെന്ന നിലപാടാണ് പ്രതിപക്ഷവും സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ മുന്നണിയും സ്വീകരിച്ചിരുന്നത്.

ജനകീയ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നതിനെ സിപിഐ സമ്മേളനത്തില്‍ വിമര്‍ശന വിധേയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here