തിരുവനന്തപുരം: വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള സമരമാണ് തൃക്കാക്കരയിൽ നടക്കാൻ പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനം വേണമെന്നുള്ളവർ എൽഡിഎഫിന് വോട്ട് ചെയ്യുകതന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

‘കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്ക് നോക്കേണ്ട. കണക്ക് നോക്കാനേ പാടില്ല. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. വട്ടിയൂർക്കാവ് ഉപതിരഞ്ഞടുപ്പിൽ ജയിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഇടത് പക്ഷം ജയിച്ചില്ലേയെന്നും കോടിയേരി ചോദിച്ചു. ഒരിക്കലും ജയിക്കാത്ത പാലായിൽ ജയിച്ചില്ലേ? കോന്നി ഇടതുപക്ഷത്തിന് കിട്ടാത്ത സ്ഥലമാണ്. അവിടെ ജയിച്ചില്ലേ? രാഷ്ട്രീയ സ്ഥിതിഗതികളിൽ ഉണ്ടാകുന്ന മാറ്റമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. രാഷ്ട്രീയ സ്ഥിതി എൽഡിഎഫിന് അനുകൂലമാണ്’- കോടിയേരി വ്യക്തമാക്കി.

കുരങ്ങൻമാർക്ക് വോട്ട് ഇല്ലെങ്കിലും സർക്കാർ അവയ്ക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്നും കോടിയേരി പറഞ്ഞു. ‘കേരളത്തിൽ സാമ്പത്തിക വിഭവമില്ല. ഇതിന് പരിഹാരം കാണുന്നതിനായി സ‌ർക്കാർ‌ കിഫ്‌ബിയ്ക്ക് രൂപം നൽകി. പദ്ധതി പ്രഖ്യാപിച്ചപ്പോൾ പലരും പറഞ്ഞു നടക്കാൻ പോകുന്നില്ലെന്ന്. എന്നാലത് യഥാർത്ഥ്യമായി. ഇവിടെ പലകാര്യങ്ങൾക്കും പണം കണ്ടെത്തണമെങ്കിൽ ഇത്തരത്തിലേ സാധിക്കൂ. കേന്ദ്രം പണം നൽകില്ല. മറ്റ് വഴികളിൽ പണം സമാഹരിച്ചില്ലെങ്കിൽ കേരളം മുരടിച്ചുുപോകും. അങ്ങനെ വന്നാൽ ജനങ്ങളെ തിരിച്ചുവിടാമെന്നാണ് എതിരാളികൾ കരുതുന്നത്. അതിന് അവസരം കൊടുക്കാൻ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ തീരുമാനം’- കോടിയേരി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here