വിവേചനമില്ലാത്ത പരിചരണം ലഭ്യമാക്കാന്‍ ആല്‍ഫ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനുള്ള ഉത്തരങ്ങളാണെന്ന് സി സി മുകുന്ദന്‍ എംഎല്‍എ

എടമുട്ടം: ഒരു രോഗിയുടെ പരിചരണത്തിനായി 100 രൂപയെന്ന മുദ്രാവാക്യം പതിനായിരങ്ങള്‍ ഏറ്റെടുത്തത് നമ്മുടെ കാലഘട്ടത്തിനുള്ള ഉത്തരമാണെന്ന് സി.സി. മുകുന്ദന്‍ എംഎല്‍എ. രോഗീപരിചരണത്തിനായി ആല്‍ഫാ പാലിയേറ്റീവ് തുടക്കമിട്ട 100 രൂപ സ്‌പോണ്‍സര്‍ഷിപ്പ് കാമ്പെയിനു സമാപനം കുറിച്ച് കാമ്പെയിനിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് എടമുട്ടം ആല്‍ഫ ഹോസ്പീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന്‍. എംഎല്‍എമാരായ സി സി മുകുന്ദുനും ഇ ടി ടൈസണ്‍ മാസ്റ്ററും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷനായിരുന്നു. ജാതി, മത, രാഷ്ട്രീയ, സാമ്പത്തികഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുന്നവരെ അണിനിരത്തി വേണം പാലിയേറ്റീവ് പരിചരണം നടത്തേണ്ടത് എന്നതാണ് ആല്‍ഫയുടെ അടിസ്ഥാന പ്രമാണമെന്നും അതാണ് അടിയുറച്ച പ്രവര്‍ത്തനത്തിന് ആല്‍ഫയെ പ്രാപ്തമാക്കുന്നതെന്നും അധ്യക്ഷപ്രസംഗത്തില്‍ കെ.എം.നൂര്‍ദീന്‍ പറഞ്ഞു.

രോഗീപരിചരണത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് സമാഹരിക്കുന്നതിനായി ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളും ഡയാലിസിസ് സെന്ററും ചേര്‍ന്ന് നടത്തിയ കാമ്പയിനിലൂടെ 10,00,700 രോഗീപരിചരണ സ്‌പോണ്‍സര്‍ഷിപ്പുകള്‍ കണ്ടെത്താനായി. ഇതിന്റെ ഭാഗമായി മാരുതി വാഗണ്‍ ആര്‍ കാര്‍, റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍, ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ എന്നീ സമ്മാനങ്ങള്‍ യഥാക്രമം ഗ്രീഷ്മ കിഷോര്‍ എടമുട്ടം, സരിത തൃശൂര്‍, ബദറുദ്ദീന്‍ എടമുട്ടം എന്നിവര്‍ക്ക് എം.എല്‍.എ സമ്മാനിച്ചു. സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ച യു.എ.ഇ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പ് എം.ഡിയും ആല്‍ഫ മതിലകം ലിങ്ക് സെന്റര്‍ രക്ഷാധികാരിയുമായ ഡോ. പി.എ.ഷംസൂദ്ദീനെ വേദിയില്‍ ആദരിച്ചു. മെമെന്റോയും പൊന്നാടയും കൈപ്പമംഗലം എം.എല്‍.എ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ സമ്മാനിച്ചു. ഡോ. പി.എ.ഷംസൂദ്ദീന്‍ മറുപടി പ്രസംഗം നടത്തി. കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ കെ.എ.കദീജാബി, വി.ജെ.തോംസണ്‍, മതിലകം ലിങ്ക് സെന്റര്‍ പ്രസിഡന്റ് ബഷീര്‍ പന്തല്‍, തൃശൂര്‍ ലിങ്ക് സെന്റര്‍ പ്രസിഡന്റ് തോമസ് തോലത്ത്, കൊടുങ്ങല്ലൂര്‍ ലിങ്ക് സെന്റര്‍ പ്രസിഡന്റ് ഇ.വി.രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഫോട്ടോ ക്യാപ്ഷന്‍: ആല്‍ഫ പാലിയേറ്റീവ് കെയര്‍ നടത്തിയ രോഗീപരിചരണ സ്‌പോണ്‍സര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി സമ്മാനാര്‍ഹരായവര്‍ക്ക് നാട്ടിക എം.എല്‍.എ സി.സി.മുകുന്ദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍, കൈപ്പമംഗലം എം.എല്‍.എ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, കെ.എ.കദീജാബി, വി.ജെ.തോംസണ്‍, ബഷീര്‍ പന്തല്‍, ഡോ. പി.എ.ഷംസുദ്ദീന്‍, സുരേഷ് ശ്രീധരന്‍ തുടങ്ങിയവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here