തിരുവനന്തപുരം: കെ.റെയിലിനു വേണ്ടിയുള്ള സര്‍വേയ്ക്ക് കല്ലിടല്‍ ഉപേക്ഷിച്ചെങ്കിലും കല്ലിടല്‍ തടഞ്ഞുകൊണ്ടുള്ള ജനകീയ പ്രതിഷേധത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉപേക്ഷിക്കില്ല. കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ടു മാസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

കേസ് പിന്‍വലിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഇതിന് പോലീസ് നല്‍കുന്ന വിശദീകരണം. കേസുകള്‍ പിന്‍വലിച്ചാല്‍ വരും ദിവസങ്ങളിലും സര്‍വേ തടസ്സപ്പെടുത്തുന്ന നീക്കങ്ങളുണ്ടാകുമെന്നും പോലീസ് പറയുന്നു. സര്‍വേ കല്ലുകള്‍ പിഴുതെറിഞഞ് സമരക്കാര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ എടുത്ത കേസുകളുമായി പോലീസ് മുന്നോട്ടുപോകും. എന്നാല്‍ അറസ്റ്റ്, റിമാന്‍ഡ് അടക്കമുള്ള നടപടികള്‍ ഉണ്ടാവില്ല. എന്നാല്‍ രണ്ടു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. ഇതോടെ കേസിലുള്‍പ്പെട്ടവര്‍ കോടതി കയറിയിറങ്ങേണ്ടി വരും.

വിവിധ ജില്ലകളിലായി 700ലേറെ പേര്‍ക്കെതിരെയാണ് കേസ്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ 38 കേസുകള്‍. കണ്ണൂര്‍ (17), കോഴിക്കോട് (14), കൊല്ലം (10) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കേസുകള്‍.

പൊതുമുതല്‍ നശിപ്പിച്ചു, നിയമം ലംഘിച്ച് സംഘം ചേര്‍ന്നു, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിച്ചു തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here